Your Image Description Your Image Description

അബുജ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നൈജീരിയ, രാജ്യത്തിന്റെ ഉന്നത ബഹുമതിയായ ‘ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ’ (GCON) നൽകി ആദരിക്കും. 1969-ൽ രാജ്ഞി എലിസബത്ത് മാത്രമാണ് ഈ ബഹുമതി നേടിയ വിദേശി. ഇതോടെ മോദിയ്ക്ക് വിദേശ രാജ്യങ്ങൾ നൽകുന്ന 17-ാമത്തെ അന്തർദേശീയ ബഹുമതിയായിരിക്കും ഇത്. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാ​ഗമായി മോദി നൈജീരിയയിലെത്തിയതിനിടെയാണ് പുരസ്കാര പ്രഖ്യാപനവുമുണ്ടാകുന്നത്.

എന്താണ് ദി ഗ്രാൻഡ് കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി നൈജർ ?

നൈജീരിയയിലെ രണ്ടാമത്തെ ഉന്നത ബഹുമതിയാണിത്. 1963ലാണ് ഇത് സ്ഥാപിതമായത്. രാജ്യത്തിന്റെ ഏറ്റവും ഉന്നത ബഹുമതിയായ ദി ഓർഡർ ഓഫ് ദി ഫെഡറൽ റിപ്പബ്ലിക്കിന് തൊട്ടു താഴെയാണ് ഇതിന്റെ സ്ഥാനം. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും ഈ ബഹുമതിക്ക് അർഹരാണ്. സുപ്രീം കോടതിയിലെ പ്രധാന ന്യായാധിപനും സെനറ്റിന്റെ ചെയർമാനും ഓഫീഷ്യൽ ആയി ഈ ബഹുമതിയുടെ കമാൻഡറാണ്.

സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സൗഹൃദം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. നൈജീരിയന്‍ സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ മോദി എക്‌സില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. നൈജീരിയ, ബ്രസീല്‍, ഗയാന എന്നീ രാജ്യങ്ങളില്‍ അഞ്ച് ദിവസത്തെ സന്ദര്‍ശനമാണ് മോദിയുടേത്. നൈജീരിയയില്‍ നിന്ന് അദ്ദേഹം ബ്രസീലിലേക്ക് പോകും.

നേരത്തെ, കരീബിയൻ രാജ്യമായ കോമൺവെൽത്ത് ഓഫ് ഡൊമിനിക്കയുടെ പരമോന്നത ബഹുമതിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേടിയെത്തിയിരുന്നു. കോവിഡ് കാലത്ത് ഡൊമിനിക്കയ്ക്ക് ഇന്ത്യ നൽകിയ പിന്തുണ മാനിച്ചാണ് ബഹുമതി നൽകുന്നതെന്ന് ഡൊമിനിക്ക പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. കോവിഡ് വ്യാപനകാലത്ത് 2021-ൽ ഡൊമിനിക്കയ്ക്ക് ഇന്ത്യ 70,000 ഡോസ് കോവിഡ് വാക്‌സിൻ നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *