Your Image Description Your Image Description

ന്യൂയോർക്ക്: ഡോണൾഡ് ട്രംപ് പ്രസിഡന്‍റ് ആയി അധികാരമേൽക്കുന്നതോടെ നടപ്പാക്കാൻ വിസ്മയകരമായ പദ്ധതികളുമായി ഇലോൺ മസ്ക്. ലോകത്തെ ഒന്നാം നമ്പർ കോടീശ്വരനായ ഇലോൺ മസ്കിന് ബഹിരാകാശത്തടക്കം അത്ഭുതങ്ങൾ കാട്ടാനുള്ള കഴിവുണ്ടെന്നതിൽ യാതൊരു തർക്കവുമില്ല. മസ്കിന്‍റെ ‘ബുദ്ധി’യിൽ രാജ്യങ്ങൾ തമ്മിലുള്ള യാത്രാസമയം കുറയുമെന്ന ചർച്ചകളും നടക്കുന്നുണ്ട്. അമേരിക്ക – ഇന്ത്യ യാത്ര സമയത്തിലടക്കം വിസ്മയകരമായ മാറ്റമുണ്ടാക്കുന്ന പദ്ധതികളാണ് മസ്കിന്‍റെ കയ്യിലുള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഭൂഖണ്ഡങ്ങൾ തമ്മിലുള്ള യാത്രാവേ​ഗം കൂട്ടുന്ന സ്റ്റാർഷിപ്പ് പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

നിലവിൽ ഇന്ത്യ – അമേരിക്ക യാത്രക്ക് 22 മണിക്കൂർ മുതൽ 38 മണിക്കൂർ വരെയാണ് സമയമെടുക്കുക. എന്നാല്‍ ഇത് കേവലം അര മണിക്കൂറിൽ സാധിക്കുന്ന നിലയിലുള്ള പദ്ധതിയാണ് മസ്ക് ആവിഷ്കരിച്ചിരിക്കുന്നതെന്നാണ് ഡെയ്‌ലി മെയിൽ അടക്കമുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സ്പേസ് ട്രാവല്‍ പദ്ധതിയായ സ്പേസ് എക്സിനൊപ്പം ‘സ്റ്റാർഷിപ്പ്’ എന്ന പേരിൽ അതിവേഗ യാത്ര പദ്ധതിയും മസ്ക് വിഭാവനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടികാട്ടുന്നത്.

ട്രംപ് അധികാരത്തിലേറി മസ്കിന് താക്കോൽ സ്ഥാനം ലഭിച്ചാൽ പിന്നെ അനായാസം പദ്ധതി യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയാണ് എക്സ് അടക്കമുള്ള വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പലരും പങ്കുവയ്ക്കുന്നത്. 1000 യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള യാത്ര സംവിധാനമാണ് മസ്കിന്‍റെ സ്റ്റാർഷിപ്പ് പ്ലാനിലുള്ളതെന്നാണ് ഡെയ്‌ലി മെയിലിന്‍റെ റിപ്പോർട്ടിൽ പറയുന്നത്. ഭൂമിയുടെ ഉപരിതലത്തിന് സമാന്തരമായിട്ടാകും സ്റ്റാർഷിപ്പിന്റെ യാത്ര.

ലോകത്തെ വിവിധ നഗരങ്ങളിലേക്ക് എത്താൻ വേണ്ടിവരുന്ന സമയത്തിന്‍റെ കാര്യത്തിലാണ് സ്റ്റാർഷിപ്പിനെക്കുറിച്ചുള്ള റിപ്പോർട്ട് ഏവരെയും അമ്പരപ്പിക്കുന്നത്. ലോസ് ഏഞ്ചൽസിൽ നിന്ന് ടൊറന്‍റോയിൽ കേവലം 24 മിനിറ്റിൽ എത്തും. ലണ്ടനിൽ നിന്ന് ന്യൂയോർക്കിലേക്ക് എത്താൻ വേണ്ടിവരിക കേവലം 29 മിനിറ്റ് മാത്രമാകും. ദില്ലിയിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് 30 മിനിറ്റിലും ന്യൂയോർക്കിൽ നിന്ന് ഷാങ്ഹായിലേക്ക് 39 മിനിറ്റിലും എത്താനാകുമെന്നാണ് പ്രതീക്ഷ. എന്തായാലും പദ്ധതി യാഥാർത്ഥ്യമാകാനായി കാത്തിരിക്കുന്നുവെന്നാണ് സോഷ്യൽ മീഡിയയിൽ പലരും കുറിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *