Your Image Description Your Image Description

തിരുവനന്തപുരം: പ്രമുഖ സൈബര്‍ സുരക്ഷാ ഉല്‍പ്പന്ന കമ്പനിയായ പ്രൊഫേസ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ടെക്നോപാര്‍ക്ക് ഫേസ്-1 കാമ്പസിലെ പത്മനാഭ ബില്‍ഡിംഗില്‍ ഓഫീസ് തുറന്നു. ടെക്നോപാര്‍ക്ക് സിഇഒ കേണല്‍ സഞ്ജീവ് നായര്‍ (റിട്ട.) ഓഫീസ് ഉദ്ഘാടനം ചെയ്തു. പ്രൊഫേസ് സിഇഒ വൈശാഖ് ടി ആര്‍, സിഒഒ ലക്ഷ്മി ദാസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഐടി മേഖലയില്‍ സൈബര്‍ സുരക്ഷയ്ക്ക് സുപ്രധാന പങ്കാണുള്ളതെന്ന് കേണല്‍ സഞ്ജീവ് നായര്‍ പറഞ്ഞു. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഈ മേഖലയില്‍ വലിയ വളര്‍ച്ച നേടിയ പ്രൊഫേസിനെ പോലെയൊരു കമ്പനിയെ സ്വാഗതം ചെയ്യുന്നത് അഭിമാനകരമാണ്. ടെക്നോപാര്‍ക്കില്‍ ഓഫീസ് ആരംഭിക്കുന്നതിലൂടെ ധാരാളം അവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ പിന്തുണയോടെ 2019 ല്‍ ആരംഭിച്ച പ്രൊഫേസ് രാജ്യത്തെ മികച്ച സൈബര്‍ സുരക്ഷാ സൊല്യൂഷന്‍ ദാതാക്കളെന്ന നിലയില്‍ അതിവേഗമാണ് വളര്‍ന്നത്. കമായ വെബ്, എപിഐ സെക്യൂരിറ്റി പ്ലാറ്റ് ഫോം പ്രയോജനപ്പെടുത്തി ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനും സൈബര്‍ സുരക്ഷാ വികസനത്തില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിട്ടാണ് പ്രൊഫേസ് ഓഫീസ് തുറന്നത്. 2023 ല്‍ വിവിധ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെ ഡിഡിഒഎസ് സൈബര്‍ ആക്രമണം ലഘൂകരിക്കാന്‍ കഴിഞ്ഞതിലൂടെയാണ് പ്രൊഫേസ് ദേശീയശ്രദ്ധ നേടിയത്.

ടെക്നോപാര്‍ക്കില്‍ ഓഫീസ് തുറക്കുന്നത് കമ്പനിയുടെ വളര്‍ച്ചയിലെ സുപ്രധാന പുരോഗതിയാണെന്ന് പ്രൊഫേസ് ടെക്നോളജീസ് സിഇഒ വൈശാഖ് ടിആര്‍ പറഞ്ഞു. കമ്പനി തുടക്കത്തില്‍ ഏഴ് ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ 50 പേരുണ്ട്. പുതിയ ഓഫീസിലൂടെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും വിപുലീകരിക്കാനാകും. അടുത്ത അഞ്ചോ ആറോ വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ നിന്ന് ഈ മേഖലയിലെ യൂണികോണ്‍ കമ്പനിയായി മാറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളിലെ താല്‍കാലിക ഓഫീസുകള്‍ക്കുശേഷം ടെക്നോപാര്‍ക്കിലെ ഈ പുതിയ ഓഫീസ് കമ്പനിക്ക് ഒരു ഗൃഹാന്തരീക്ഷത്തിന്‍റേതു പോലുള്ള പ്രവര്‍ത്തനസ്വാതന്ത്ര്യം നല്‍കുമെന്ന് പ്രോഫേസ് സിഒഒ ലക്ഷ്മി ദാസ് പറഞ്ഞു.

ഉയര്‍ന്ന അളവിലുള്ള വെബ് ട്രാഫിക് നിയന്ത്രിക്കുകയും നിര്‍ണായകമായ അടിസ്ഥാന സൗകര്യങ്ങള്‍ സുരക്ഷിതമാക്കുകയും ചെയ്യുന്ന പ്രൊഫേസിന്‍റെ വെബ് ആപ്ലിക്കേഷന്‍ ഫയര്‍വാള്‍ (ഡബ്ല്യുഎഎഫ്), മെഷീന്‍ ലേണിംഗ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. സൈബര്‍ ആക്രമണങ്ങള്‍ കണ്ടെത്താനും നിര്‍വീര്യമാക്കാനും തത്സമയ പരിരക്ഷ നല്‍കാനും ഇതിനാകും.

ജര്‍മനി ആസ്ഥാനമായ പ്രശസ്ത സൈബര്‍ സുരക്ഷാ കണ്‍സള്‍ട്ടന്‍റ്സായ കപിംഗര്‍ കോളിന്‍റെ 2024 ലെ ഗാര്‍ട്ട്നര്‍ മാര്‍ക്കറ്റ് ഗൈഡില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ സൈബര്‍ സുരക്ഷാ ഉല്‍പ്പന്ന കമ്പനിയാണ് പ്രൊഫേസ്.

Leave a Reply

Your email address will not be published. Required fields are marked *