Your Image Description Your Image Description

കേരളം ഇന്ന് ‘ബാർസ് ഓൺ കൺട്രി’ ആയിക്കൊണ്ടിരിക്കുന്നത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അറിയുന്നില്ല.1950 നു മുമ്പായി പണിത പതിനായിരക്കണക്കിന് കെട്ടിടങ്ങൾ കേരളത്തിലുണ്ട്. അവയെല്ലാം ഈ മദ്യ ലോബികൾ പൈതൃക ബാറുകൾ ആക്കിയാൽ ഭാവി കേരളം മദ്യത്തിൽ മുങ്ങി തകരും. അത്ര കണ്ടു വാരിക്കോരി നൽകുകയാണ് ഹെറിറ്റേജ് ബാർ ഹോട്ടലുകൾക്കുള്ള അനുമതി. അതിനു ഇന്ത്യൻ പുരാവസ്തുവകുപ്പിന്റെ അംഗീകാരമൊന്നും അവർക്കു വേണ്ട, ബാധകവുമല്ല. ഹോട്ടൽ ഏജന്റുമാർ ആയി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ മാഫിയ കോടികളുടെ അഴിമതി നടത്തിയാണ് ഈ ഹെറിറ്റേജ് വൽക്കരണം. 1990 ലെ ഹോട്ടൽ ഹെറിറ്റേജ് ക്ലാസ്സിഫിക്കേഷൻ എന്ന കേന്ദ്ര സർക്കാർ നിയമത്തിന്റെ മറവിൽ 1950 നു മുമ്പുള്ള കെട്ടിടങ്ങൾക്ക് പേരും കഥകളും രചിച്ച് കാരക്കുടിയിൽ നിന്ന് പഴയ ചെട്ടിയാർ ബംഗ്ളാവുകളുടെ സാമഗ്രികൾ കൊണ്ടുവന്ന് കൂട്ടിച്ചേർത്ത് പഴമ തോന്നിപ്പിച്ച് വ്യാജ പൈതൃക കെട്ടിടങ്ങളാക്കുന്നു. ഇതിന്റെ പിന്നിൽ വമ്പന്മാരായ ഉദ്യോഗസ്ഥരും ഹോട്ടൽ ഏജന്റുമാരും ചേർന്ന മാഫിയ തന്നെയാണ്. ഇന്ത്യാ ടൂറിസത്തിന്റെ സൗത്ത് ഇന്ത്യ ആസ്ഥാനമായ ചെന്നൈയിലെ ഓഫീസിലാണ് ഇതിനുവേണ്ട അണിയറ നീക്കങ്ങൾ നടക്കുന്നത്.

ഞങ്ങൾ നടത്തിയ സർവ്വേയിൽ ഒരു ത്രീ സ്റ്റാർ ഹോട്ടൽ പുതുതായി നിർമ്മിക്കണമെങ്കിൽ 12 മുതൽ 15 കോടി രൂപവരെ ചിലവ് വേണ്ടിവരും. ഇപ്രകാരം നിർമ്മിക്കുന്ന ഹോട്ടലുകൾക്ക് സർക്കാർ നിർദ്ദേശിക്കുന്ന അളവിൽ മിനിമം 10 മുറികളും മീറ്റിങ്ങിനുള്ള ഹാളും അനുബന്ധ സൗകര്യങ്ങളെല്ലാം കൂടി കുറഞ്ഞത് 18000 സ്‌ക്വയർ ഫീറ്റ് എങ്കിലും ഉണ്ടാകണം.

എന്നാൽ ഈ പൈതൃക കെട്ടിടങ്ങൾക്ക് 5 മുറികൾ ഉണ്ടെങ്കിൽ പോലും ത്രീ സ്റ്റാർ അംഗീകാരം ലഭിക്കും. കേവലം 3 കോടി രൂപയുണ്ടെങ്കിൽ ത്രീ സ്റ്റാർ ഹോട്ടൽ നിർമ്മിക്കാം. ഇത്തരത്തിൽ വ്യാജ ഹെറിറ്റേജ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ഒരു ഹോട്ടലിന് 3 കോടി രൂപയാണ് കൈക്കൂലിയായി നൽകുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. അതായത്, പഴയ വിദേശ മദ്യഷാപ്പ് പുതിയ ത്രീ സ്റ്റാർ രൂപത്തിൽ നിയമത്തിന്റെ പഴുതിലൂടെ സ്ഥാപിക്കപ്പെടുന്നു. ഇത് തുറന്ന് കഴിഞ്ഞാലോ? വെറും മൂന്നാംകിട മദ്യഷാപ്പായി മാറുകയാണ്.

ഉദാഹരണത്തിന് തിരുവനന്തപുരം ചാല മാർക്കറ്റിലെ ഒരു പൈതൃക ത്രീ സ്റ്റാർ ഹോട്ടൽ എങ്ങനെ അവിടെ പ്രവർത്തിക്കുന്നു എന്നറിയണം. മദ്യം ഘട്ടംഘട്ടമായി നിർത്തുമെന്ന് പറയുന്ന സർക്കാരോ, കേരളത്തെ മദ്യത്തിൽ മുക്കി കൊല്ലുന്നേ… എന്ന് അലമുറയിടുന്ന പ്രതിപക്ഷമോ, മദ്യവിരുദ്ധ സംഘടനകളോ ഇതൊന്നും ഒന്നുകിൽ അറിയുന്നില്ലായിരിക്കാം. അല്ലെങ്കിൽ അവരും ഇതിന്റെ പങ്ക് പറ്റുന്നവരാകാം.

പൈതൃക പദവി നൽകിയിട്ടുള്ള യഥാർത്ഥ ഹോട്ടലുകളും ഈ പട്ടണത്തിൽ തന്നെയുണ്ട്. അതാണ് വില്ല മായാ. ഇത്രയും വലിയ അനധികൃത മദ്യ കച്ചവടം കുടിൽ വ്യവസായം പോലെ തഴച്ചു വളരുമ്പോൾ പത്രസമ്മേളനത്തിൽ മാത്രം ജീവിക്കുന്ന കെസിബിസി മദ്യവിരുദ്ധ സമിതിയുടെ പ്രസിഡന്റ് ബിഷപ്പിനെ തന്നെ പലതവണ ഈ കാര്യം ധരിപ്പിച്ചതാണ്. എന്താ ഫലം? ചെറുവിരൽ പോലും അനക്കിയിട്ടില്ല.

1990 ലെ കേന്ദ്ര ഹെറിറ്റേജ് നിയമം

തനത് വാസ്തു ചാരുതയുള്ള കെട്ടിടങ്ങൾ, കൊട്ടാരങ്ങളോ തത്തുല്യമായി സംരക്ഷിക്കേണ്ടതായ നിർമ്മിതികൾ എന്നിവ 1950 നു മുമ്പായി നിർമ്മിച്ചിരിക്കേണ്ടതാണ്. ഉദാഹരണം തിരുവനന്തപുരത്തെ വില്ല മായാ. കൂടാതെ 1950 നു മുമ്പായി പണിത പതിനായിരക്കണക്കിന് കെട്ടിടങ്ങൾ കേരളത്തിലുണ്ട്. അവയെല്ലാം ഈ മദ്യ ലോബികൾ പൈതൃക ബാറുകൾ ആക്കിയാൽ ഭാവി കേരളം മദ്യത്തിൽ മുങ്ങി തകരും. അതുകൊണ്ട് ഇന്ത്യൻ പുരാവസ്തു വകുപ്പ് അംഗീകരിച്ച കെട്ടിടങ്ങളെ മാത്രമേ പൈതൃക ഹോട്ടലുകളാക്കാൻ പാടുള്ളൂ. അല്ലാതെ കൊടുത്തിട്ടുള്ള അംഗീകാരം മുഴുവൻ റദ്ദാക്കണം. ഇതിലെ അഴിമതി അന്വേഷണ വിധേയമാക്കണം.

കഴിഞ്ഞ ദിവസം കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഉദ്‌ഘാടനം ചെയ്ത അമൃത ഹോട്ടലിന് എങ്ങനെ സംരക്ഷിക്കപ്പെടേണ്ട പൈതൃക പദവി കൊടുക്കും? അഥവാ കൊടുത്താൽ എന്താണ് അതിന്റെ കാരണം?

ഒരു കെട്ടിടത്തിന് ഹെറിറ്റേജ് പദവി നൽകണമെങ്കിൽ , അതിന് ആധികാരികത വരണമെങ്കിൽ ഇന്ത്യൻ പുരാവസ്തു വകുപ്പ് അതിനെ സർവേ നടത്തി അംഗീകാരം നൽകണം. ഇതൊന്നുമല്ലാതെ ടൂറിസം വകുപ്പിന്റെ ഉദ്യോഗസ്ഥരും അവർ നിയമിക്കുന്ന കമ്മിറ്റിക്കാരും ചേർന്ന് ഹെറിറ്റേജ് പദവി ഇത്തരം കെട്ടിടങ്ങൾക്ക് കൊടുക്കുന്നത്, ബാറുകൾ തുടങ്ങുന്നതിനുള്ള അനധികൃത അംഗീകാരമാണ്. ഇപ്പോൾ ഹെറിറ്റേജ് പദവി കൊടുത്തിട്ടുള്ള ബാറുകളും ഹോട്ടലുകളും പരിശോധിച്ചാൽ ഇതിലെ അഴിമതി വ്യക്തമാകും. ഇപ്പോൾ സൗത്ത് ഇന്ത്യ ഹെറിറ്റേജ് പദവി നൽകിയിരിക്കുന്ന ഇത്തരം കെട്ടിടങ്ങളെക്കുറിച്ച് വെറുമൊരന്വേഷണമല്ല ഒരു സിബിഐ അന്വേഷണം തന്നെയാണ് സർക്കാർ നടത്തേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *