Your Image Description Your Image Description

കൊച്ചി: എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം (മിൽമ) രാജ്യത്തെ ആദ്യ സമ്പൂർണ ഓൺ ഗ്രിഡ് സൗരോർജ ഡയറിയായി മാറി. 16 കോടി രൂപയാണ് പദ്ധതിയുടെ ആകെ മുതൽമുടക്ക്, ഡയറി പ്രോസസിംഗ് ആൻ്റ് ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്പ്മെന്റ് സ്കീമിൽ നിന്നുള്ള 9.2 കോടി രൂപയുടെ വായ്‌പയും, മേഖലാ യൂനിയൻ്റെ തനതു ഫണ്ടായ 6.8 കോടി രൂപയും ഉപയോഗിച്ചാണ് ഈ പദ്ധതി പൂർത്തീകരിച്ചിട്ടുള്ളത്.

മിൽമ എറണാകുളം യൂനിയൻ്റെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ച രണ്ട് മെഗാവാട്ട് സൗരോർജ പ്ലാൻ്റ് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നാടിന് സമർപ്പിച്ചു. പ്രൊഡക്ട്‌സ് ഡയറി നവീകരണ പദ്ധതിയുടെ ശിലാസ്ഥാപനം ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓൺലൈനായി നിർവഹിച്ചു.ചതുപ്പു നിലവും കുളവുമായിരുന്ന ഭൂപ്രകൃതി നിലനിറുത്തിക്കൊണ്ട് തന്നെ സോളാർ പാനൽ സ്ഥാപിക്കാനുള്ള തീരുമാനം പരിസ്ഥിതിയെ അലോസരപ്പെടുത്താതെ വികസനം കൊണ്ടുവരാമെന്നതിൻ്റെ തെളിവാണെന്നും ജോർജ് കുര്യൻ പറഞ്ഞു. ഉന്നതനിലവാരത്തിലുള്ള പാലുൽപ്പന്നങ്ങളും അതിന്റെ ഗുണമേന്മയും ഉറപ്പാക്കാനായുള്ള സംവിധാനമാണ് സെൻട്രൽ ക്വാളിറ്റി കൺട്രോൾ ലാബും, ഇടപ്പള്ളി പ്ലാൻ്റിൻ്റെ നവീകരണവുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു.

ഡയറി കോമ്പൗണ്ടിലെ തടാകത്തിൽ സ്ഥാപിച്ചിരിക്കുന്ന എട്ട് കെവിയുടെ ഫ്ലോട്ടിങ് സോളാർ പാനലുകൾ, കാർപോർച്ച് മാതൃകയിൽ സജീകരിച്ച 102 കിലോ വാട്ട് സോളാർ പാനലുകൾ, ഗ്രൗണ്ടിൽ സ്ഥാപിച്ചിരിക്കുന്ന 1890 കിലോ വാട്ട് സോളാർ പാനലുകൾ എന്നീ രീതിയിലാണ് സോളാർ പ്ലാന്റ് ക്രമീകരണംമിൽമയുടെ സരോർജ്ജ നിലയം പ്രതിവർഷം 2.9 ദശലക്ഷം യൂനിറ്റുകൾ (ജി.ഡബ്ല്യു.എച്ച്) ഹരിതോർജം ഉൽപ്പാദിപ്പിക്കുകയും ഇതുവഴി പ്രതിവർഷം 1.94 കോടി രൂപ ഊർജ ചെലവ് ഇനത്തിൽ ലാഭിക്കുമെന്നും പ്രതീക്ഷിക്കുന്നു. പ്ലാൻ്റ് വഴി ഓരോ വർഷവും ഏകദേശം 2,400 മെട്രിക് ടൺ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളലാണ് കുറക്കുന്നത്. ഇത് ഏകദേശം ഒരുലക്ഷം മരങ്ങൾ നടുന്നതിന് തുല്യമാണ്. പകൽ സമയങ്ങളിൽ ഡെയറിയുടെ മുഴുൻ ഊർജ ആവശ്യകതയും നിറവേറ്റുകയും ഡി‌സ്കോമിന്റെ കൈവശമുള്ള മിച്ച ഊർജം പീക്ക്, ഓഫ് പീക്ക് സമയങ്ങളിൽ ഉൾക്കൊള്ളാൻ സഹായിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *