Your Image Description Your Image Description

ന്യൂഡൽഹി: മുൻ എം.പി പ്രജ്വൽ ദേവണ്ണയുടെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി തിങ്കളാഴ്‌ച വാദം കേൾക്കും. ഒക്ടോബർ 21ന് കർണാടക ഹൈകോടതി ജാമ്യം നിഷേധിച്ചതോടെയാണ് മുൻപ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡയുടെ പേരക്കുട്ടി കൂടിയായ പ്രജ്വൽ സുപ്രീംകോടതിയെ സമീപിച്ചത്. ഇൻ്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനു പിന്നാലെ തിരിച്ചുവരാൻ പ്രജ്വലിന് സമ്മർദമേറി. മേയ് 31ന് ബംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് പ്രജ്വൽ അറസ്റ്റിലായത്. ജെ.ഡി.എസിൽനിന്ന് സസ്പെൻഷൻ നേരിടുന്ന പ്രജ്വൽ, തെരഞ്ഞെടുപ്പിൽ 40,000ത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.

ഹാസനിലെ എം.പിയായിരുന്ന പ്രജ്വൽ ബലാത്സംഗം ചെയ്ത‌ത് ദൃശ്യങ്ങൾ പകർത്തിയെന്ന പരാതിയുമായി ഇക്കഴിഞ്ഞ ഏപ്രിലിലാണ് നിരവധി സ്ത്രീകൾ പരാതിയുമായി രംഗത്ത് വന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ ശേഷിക്കേ പ്രജിൽ ഉൾപ്പെട്ട അശ്ലീല വിഡിയോകൾ മണ്ഡലത്തിൽ പ്രചരിച്ചതിനു പിന്നാലെയാണ് വനിതാ കമീഷനും പൊലീസിനും പരാതി ലഭിച്ചത്. മൂവായിരത്തോളം വിഡിയോ ക്ലിപ്പുകൾ അടങ്ങിയ പെൻഡ്രൈവുകൾ പാർക്കുകളിലും സ്റ്റേഡിയത്തിലുമുൾപ്പെടെ വിതറിയ നിലയിൽ പലർക്കായി കിട്ടുകയായിരുന്നു.ആരോപണമുയർന്നതിനു പിന്നാലെ പ്രജ്വൽ രാജ്യം വിട്ടു. കേസന്വേഷിക്കാൻ കർണാടക സർക്കാർ പ്രത്യേക സംഘത്തെ രൂപീകരിക്കുകയും ചെയ്തു‌. പ്രജ്വലിൻ്റെ പിതാവ് എച്ച്.ഡി. രേവണ്ണ, അമ്മ ഭവാനി എന്നിവർക്കെതിരെയും പരാതി ഉയർന്നിരുന്നു. രേവണ്ണയെ പൊലീസ് കസ്റ്റഡിയിലെടുത്ത് പിന്നീട് ജാമ്യത്തിൽ വിട്ടു. ഏപ്രിൽ 26നായിരുന്നു ഹാസനിൽ വോട്ടെടുപ്പ്’നടന്നത്. തൊട്ടടുത്ത ദിവസം പ്രജ്വൽ ജർമനിയിലേക്ക് കടന്നു.

 

Leave a Reply

Your email address will not be published. Required fields are marked *