Your Image Description Your Image Description

കൊച്ചി: വയനാട്ടിൽ ദുരന്തബാധിതർക്ക് വിതരണം ചെയ്ത്‌ അരി കേടായതു സംബന്ധിച്ച് മേപ്പാടി പഞ്ചായത്താണ് ഉത്തരവാദിയെന്നു മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളമെന്ന പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശൻ. മേപ്പാടി പഞ്ചായത്ത് ഒരു ഭക്ഷ്യസാധനവും വിതരണം ചെയ്തിട്ടില്ല. റവന്യൂ അതോറിട്ടികൾ നൽകിയ ഭക്ഷ്യസാധനങ്ങളാണ് പഞ്ചായത്ത് വിതരണം ചെയ്‌ത്.

നവംബർ ഒന്ന് റവന്യൂ വകുപ്പ് വിതരണം ചെയ്ത്‌ 815 അരിച്ചാക്കുകളിൽ 17 എണ്ണം പുഴുക്കുത്തുള്ളതായിരുന്നു. ഒക്ടോബർ 15-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പെരുമാറ്റച്ചട്ടം ബാധകമായി. ഇതോടെ പഞ്ചായത്ത് അംഗങ്ങളോ ഭരണസമിതിയോ ഒരു സാധനങ്ങളും വിതരണം ചെയ്തിട്ടില്ല. കലക്ടറേറ്റിൽ നിന്നും എത്തിക്കുന്ന സാധനങ്ങൾ ഉദ്യോഗസ്ഥരാണ് വിതരണം ചെയ്യുന്നത്. എന്നിട്ടും എന്തിനാണ് മുഖ്യമന്ത്രി പച്ചക്കള്ളം പറയുന്നത്? പരിശോധന നടത്താതെയാണ് റവന്യൂ വകുപ്പ് ദുരന്തബാധിതർക്കുള്ള സാധനങ്ങൾ കൊടുത്തയച്ചിരിക്കുന്നത്.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നശേഷം നവംബർ ഒന്നിന് വിതരണം ചെയ്‌ത സാധനങ്ങൾ കേടുവന്നതിന് മേപ്പാടി പഞ്ചായത്ത് എങ്ങനെ ഉത്തരവാദിയാകും. സർക്കാർ നൽകിയ സാധനങ്ങൾ അല്ലാതെ മേപ്പാടി പഞ്ചായത്ത് സ്വന്തം നിലയ്ക്ക് ഒരു സാധനവും വാങ്ങിയിട്ടില്ല. സർക്കാരിൻ്റെ ഭാഗത്ത് നിന്നുള്ള തെറ്റ് മറച്ചുവയ്ക്കാൻ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും ഈ തെറ്റ് യു.ഡി.എഫ് പഞ്ചായത്ത് സമിതിയുടെ മേൽ കെട്ടിവയ്ക്കുകയാണ്.ഈ സർക്കാരിലെ ഉദ്യോഗസ്ഥൻമാർ തമ്മിലും കൂട്ട അടിയാണ്. പൊലീസിലും ഐ.എ.എസിലുമൊക്കെ കുട്ട അടിയാണ്. ജയതിലകിൻ്റെയും പ്രശാന്തിൻ്റെയും പരസ്‌പര ആരോപണങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

ക്രൈസ്തവ മുസ് ലീം ഭിന്നത ഉണ്ടാക്കുകയെന്ന സംഘപരിവാർ അജണ്ട വഖഫ് ബോർഡ് വഴി നടപ്പാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയൻ കുടപിടിച്ചു കൊടുക്കുകയാണ്. കേരളത്തിലെ മുഴുവൻ മുസ് ലീം സംഘടനകളും അവകാശവാദം ഉന്നയിക്കാത്ത ഭൂമിയിലാണ് വഖഫ് ബോർഡ് അവകാശവാദം ഉന്നയിക്കുന്നത്. ഫറൂഖ് കോളജ് മാനേജ്‌മെൻ്റും വഖഫ് ഭൂമി അല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞതു പോലെ ഒരു സങ്കീർണമായ നിയമപ്രശ്‌നവും ഇതിലില്ല. വഖഫ് ഭൂമി അല്ലെന്ന നിലപാട് സർക്കാർ സ്വീകരിച്ചാൽ തന്നെ ഈ പ്രശ്‌നം അവസാനിക്കും. എന്നാൽ അതിനു തയാറാകാതെ പല ഭൂമിയും വഖഫ് ആണെന്നു പറയുകയാണ്. പാർലമെൻ്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പിണറായിയും സി.പി.എമ്മും ന്യൂനപക്ഷ വർഗീയതയെ വിട്ട് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമാണ് ഇതെന്നും വി.ഡി. സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *