Your Image Description Your Image Description

കൊച്ചി : എറണാകുളം – അങ്കമാലി അതിരൂപതയിലെ പലരുടെയും പൂച്ച് പുറത്തു വരുന്ന നാളുകളാണ് ഇത്. ചാടിക്കളിക്കെടാ കുഞ്ഞിരാമാ, ഓടിക്കളിക്കെടാ കൊച്ചു രാമാ എന്ന് പറഞ്ഞ് കുട്ടിക്കുരങ്ങനെ കൊണ്ട് ചുടു ചോർ വാരിക്കുന്ന പണിയായിരുന്നു വിമത വൈദികർ ഇതുവരെ അൽമായരെ ഉപയോഗിച്ച് ചെയ്തു വന്നത്.

മെത്രാപോലീത്തയുടെ ഔദ്യോഗിക കത്തുകൾ കത്തിക്കുക.കർദ്ദിനാളിന്റെ ഔദ്യോഗിക തിരുവസ്ത്രങ്ങൾ കത്തിക്കുക.ആർച്ച്ബിഷപ്പുമാരെയും, ബിഷപ്പുമാരെയും കയ്യേറ്റം ചെയ്യുക. കേട്ടാൽ അറക്കുന്ന ഭാഷയിൽ തെറിയഭിഷേകം നടത്തുക, സ്വന്തം അരമനയുടെ കതക് ചവിട്ടി പൊളിക്കുക. പരിശുദ്ധ കുർബാനക്കിടെ ഹൈക്കലയിലും, ബേമ്മയിലും കയറി ചെകുത്താൻ കൂവുക.തുടങ്ങിയ കലാപരിപാടികൾ കുറേ നാളുകൾ ചെയ്യിച്ചത് പൊതുജനം കണ്ടതാണ്.

ഏറ്റവും ഒടുവിൽ അതിരൂപതയിൽ നടന്ന തിരുപ്പട്ടം നൽകൽ ചടങ്ങ് അലങ്കോലപെടാൻ കഴിവിന്റെ അങ്ങേയറ്റം ശ്രമിച്ചവരാണ് വിമത വൈദികർ. അൽമായ നേതാക്കളെ കയറൂരി വിട്ട് ക്രമസമാധാന പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചത് പാളി പോയതോടെ ഇവർ പ്രതിരോധത്തിലായി.ഇതിനിടെ ഇത്തരം വൈദികരുടെ ഇരട്ടമുഖത്തിനെതിരെ പ്രതിഷേധം ശക്തിപ്പെടുകയാണ്.ഇതിൽ ഏറെ ആരോപണം ഉയരുന്നത് ഫാ. ജിമ്മി പൂച്ചക്കാടിനെതിരെയാണ്.

അതിരുപത മതബോധന ഡയറക്ടർ എന്ന നിലയിൽ അന്നത്തെ മേജർ ആർച്ച്ബിഷപ്പിന്റെ മാനസപുത്രനായി തീർന്ന ഈ വൈദികനെ കർദിനാൾ സീറോ – മലബാർ മലബാർ സഭയുടെ വക്താവാക്കി. 16 വർഷങ്ങൾ രണ്ട് മേജർ ആർച്ച്ബിഷപ്പുമാരെയും സിനഡിനെയും കൈവിരലിൽ കോർത്ത് പാവക്കൂത്ത് നടത്തിയിരുന്ന സാക്ഷാൽ തേലക്കാട്ടച്ചനെ വെട്ടിയ ഒഴിവിലാണ് ജിമ്മി അച്ചൻ കയറി ഇരുന്നത്.

എന്നാൽ അതിരു പതയിൽ തീരേണ്ടിയിരുന്ന ഭൂമി വിൽപനയിലെ ആരോപണത്തിന്
സീറോ – മലബാർ സഭയുടെ മുഴുവൻ പ്രതിസന്ധി എന്ന നിലയിൽ മറുപടി നൽകി കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ സംശയത്തിന്റെ നിഴലിൽ മഴയത്ത് നിർത്തുകയാണ് പി.ആർ. ഒ ജിമ്മി പൂച്ചക്കാട് ചെയ്തത്.

ഒടുവിൽ എറണാകുളം – അങ്കമാലി അതിരൂപതയുടെ മൈനർ സെമിനാരി റെക്ടർ എന്ന നിലയിൽ കഴിഞ്ഞ ദിവസത്തെ തിരുപ്പട്ട സ്വീകരണത്തിന് എല്ലാ ക്രമീകരണങ്ങളും നടത്തേണ്ടിയിരുന്ന ഫാ. പൂച്ചക്കാട്ട് ഉത്തരവാദിത്വം നടപ്പാക്കിയോ എന്ന ചോദ്യമാണ് ഉയരുന്നത്.

പ്രശ്നം ഉണ്ടാക്കി ചടങ്ങ് അലങ്കോലപെടുത്താൻ വരുന്നവരെ നിയന്ത്രിക്കാൻ സ്ഥാപനത്തിന്റെ ചുമതലക്കാരൻ എന്ത് ചെയ്തു. അതിരൂപതയുടെ വികാരി ജനറാളിനെ ആർക്കൂട്ടം വിചാരണ ചെയ്യുമ്പോഴും, തെറി വിളിക്കുമ്പോഴും സ്ഥാപന ഉടമ കാഴ്ച്ച കണ്ട് ആഹ്ലാദിച്ചു.

അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്റർ ആക്രമിക്കപ്പട്ടത് മൈനർ സെമിനാരിയിലെ ഊട്ടുമുറിയിലാണ്.പാത്രങ്ങൾ അടിച്ച് തകർത്ത് വിമതർ ഭീകര താണ്ഡവം ആടിയപ്പോൾ തൊട്ടപ്പുറത്തെ മുറിയിൽ നിന്ന് പുറത്തിറങ്ങാൻ പോലും കൂട്ടാക്കാത്ത പൂച്ചക്കാടിന്റെ വിമത പക്ഷപാതിത്വം എന്ന പൂച്ച് പുറത്തായി.

കർദ്ദിനാളിനെ വിവാദങ്ങളിലേക്ക് വലിച്ചിട്ട ഈ പി.ആർ. ഒ തന്നെയാണ് അതേ വർഷം ക്രിസ്മസ് ദിനത്തിന് തൊട്ടു മുൻപ് കർദ്ദിനാളിനെ മാവോ അനുകൂലികൾ വളഞ്ഞ് വെച്ച് രാജിവെപ്പിക്കാൻ ശ്രമിച്ചതും, പാതിരാകുർബാന ചൊല്ലാൻ കർദിനാളിനെ അനുവദിക്കാതെ തടഞ്ഞതും പുറത്താരും അറിയാതെ ചവിട്ടി ഒതുക്കിയതും.

ഒടുവിൽ നിൽക്കക്കള്ളിയില്ലാതെ സെമിനാരി ആക്രമണത്തിൽ പരാതി കൊടുത്തെങ്കിലും
അന്ന് അവിടെ നടന്ന പരാതിക്കിടയാക്കിയ ഒരു സംഭവത്തിലും നേരിട്ട് കാഴ്ച്ചക്കാരനല്ല താനെന്നാണ് ഇദേഹത്തിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *