Your Image Description Your Image Description

ആലപ്പുഴ : ജില്ലയിലെ സർക്കാർ സേവനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ജനോപകാരപ്രദമാക്കുന്നതിനും വിവിധ റവന്യൂ ഓഫീസുകളിൽ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് നേരിട്ട് മിന്നൽ പരിശോധന നടത്തുന്നു. കഴിഞ്ഞ ദിവസം ആര്യാട് തെക്ക് വില്ലേജ് ഓഫീസ്, ചേർ ത്തല താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ ജില്ലാ കളക്ടറുടെ ആകസ്മിക മിന്നൽ പരിശോധന നടന്നു.

സർക്കാർ സേവനം കൂടുതൽ ജനോപകാരപ്രദമാക്കുന്നതിനും ചുവപ്പ് നാട കുരുക്കുകൾ ഒഴിവാക്കുന്നതിനും ആവശ്യമായ നിർദേശങ്ങൾ ജില്ലാ കളക്ടർ ഉദ്യോഗസ്ഥർക്ക് നൽകി. ജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന തദ്ദേശ സ്വയംഭരണം, പോലീസ്, രജിസ്ട്രേഷൻ എന്നീ വകുപ്പുകളുടെ ജില്ലാ തല നിയന്ത്രണ അധികാരികൾക്കും താഴെതട്ടിൽ മികച്ച സേവനം ഉറപ്പാക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടർ നിർദേശം നൽകി.

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊതു സേവനം ലഭ്യമാകുന്ന ജില്ലയായി ആലപ്പുഴയെ മാറ്റുക എന്നതാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വേമ്പനാട് കായൽ അടക്കമുള്ള പ്രകൃതി സംരക്ഷണത്തിനും കനാൽ നവീകരിണത്തിനും പ്രത്യേക പരിഗണന നൽ കി നടപടികൾ ആരംഭിച്ചു കഴിഞ്ഞതായും കളക്ടർ പറഞ്ഞു. മികച്ച സേവനം കാഴ്ചവയ്ക്കുന്ന ഉദ്യോഗസ്ഥർക്ക് സദ്സേവന രേഖ നൽകുന്നതാണ്.

പരമാവധി സേവനങ്ങൾ ഓൺലൈനായിത്തന്നെ സമയപരിധിക്കുള്ളിൽ ലഭ്യമാക്കണം. സർക്കാർ നികുതി കുടിശ്ശികകൾ മുഴുവൻ ജനുവരി 31 ന് മുമ്പായി പിരിച്ചെടുക്കണം.മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ഓഫീസുകളിൽ പ്രത്യേക പരിഗണന നൽകണം.ഓഫീസുകളിൽ പൊതുജനങ്ങൾക്കായി കുടിവെള്ളം ഒരുക്കണം.ഓഫീസുകളിൽ പൊതുജനങ്ങൾക്കായി ഇരിപ്പിടങ്ങൾ ക്രമീകരിക്കണം.ഓഫീസുകളിലെ റിക്കാഡുകളും രജിസ്റ്ററുകളും നാളതീകരിച്ച് പരിശോധനയ്ക്ക് 15 ദിവസത്തിനകം സജ്ജമാക്കേണ്ടതാണ്.

അപേക്ഷകളോ പരാതികളോ സമർപ്പിക്കുന്നവർക്ക് മറുപടി നൽകുന്നു എന്ന് ഉറപ്പാക്കണം.
വില്ലേജ് / താലൂക്ക് ജനകീയ സമിതികൾ നിർബന്ധമായി ചേർന്നിരിക്കണം.മുഴുവൻ പട്ടയ അപേക്ഷകളിന്മേലും ഉടൻ നടപടികൾ പൂർത്തീകരിക്കണം.സർക്കാർ ഭൂമി സംരക്ഷിക്കുന്നതിനായുള്ള കർമ്മ പദ്ധതി തയ്യാറാക്കി നടപടി സ്വീകരിക്കണം തുടങ്ങിയുള്ള നിർദ്ദേശങ്ങൾ ഓഫീസുകൾക്ക് നൽകി.ജില്ലയിലെ പരമാവധി ഓഫീസുകൾ നേരിട്ട് സന്ദർശിച്ച് പുരോഗതി ഉറപ്പാക്കുമെന്നും ജില്ലാകളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *