Your Image Description Your Image Description

മലപ്പുറം : മലപ്പുറം ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതി സംഘടിപ്പിക്കുന്ന പുസ്തകോത്സവം മലപ്പുറം വലിയങ്ങാടി താജ് ഓഡിറ്റോറിയത്തില്‍ തുടങ്ങി. മൂന്ന് ദിവസം നീളുന്ന പുസ്തകോത്സവം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് എ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു.

സംസ്ഥാന നിര്‍വാഹക സമിതി അംഗം എന്‍. പ്രമോദ് ദാസ് ആദ്യ വില്‍പന നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പെഴ്‌സണ്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പു, നഗരസഭാ കൗണ്‍സിലര്‍ സുരേഷ് മാസ്റ്റര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ മുഹമ്മദ്, കുടുംബശ്രീ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ സുരേഷ്‌കുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.കെ.കെ ബാലചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി കെ.വി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍, ലൈബ്രറി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സി.എച്ച് റിസ്വാന ഹബീബിന്റെ ‘എക്സ്‌ക്ലൂസീവ്’, ഹംസ ആലുങ്ങലിന്റെ ‘കിലാപത്തുകാലം’, റഹ്‌മാന്‍ കിടങ്ങയത്തിന്റെ ‘തെരഞ്ഞെടുത്ത ഏറനാടന്‍ കഥകള്‍’, രാജന്‍ കരുവാരകുണ്ടിന്റെ ‘അന്തിച്ചുവപ്പിലെ പറവകള്‍’, ഹക്കിം ചോലയിലിന്റെ ‘സ്‌ക്രീന്‍ ഷോട്ട്’ എന്നീ പുസ്തകങ്ങള്‍ ഉദ്ഘാടന ചടങ്ങില്‍ പ്രകാശനം ചെയ്തു.

സംസ്ഥാനത്തെ പ്രമുഖരായ 75 ഓളം പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ 105 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതോടനുബന്ധിച്ച് പുസ്തക പ്രകാശനങ്ങള്‍, പുസ്തക ചര്‍ച്ച, മലയാള ഭാഷ വാരാചരണത്തിന്റെ ഭാഗമായ കാവ്യാര്‍ച്ചന തുടങ്ങിയ പരിപാടികള്‍ നടക്കും. സംസ്ഥാന, ജില്ലാ ലൈബ്രറി കൗണ്‍സിലുകള്‍ സംഘടിപ്പിക്കുന്ന വായന മത്സരങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ ഉള്‍പ്പെടെ ആകര്‍ഷകമായ വിലക്കുറവില്‍ സ്റ്റാളുകളില്‍ നിന്ന് ലഭിക്കും. ഏഴിന് സമാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *