Your Image Description Your Image Description

കോലഞ്ചേരി: യാക്കോബായ സുറിയാനി സഭയുടെ നാഥനും വഴികാട്ടിയുമായ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ ബാവായ്ക്ക് ഇന്നു വിശ്വാസി സമൂഹം യാത്രാമൊഴി നൽകും. കബറടക്കം ഇന്നു വൈകിട്ട് 4നു പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിലെ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കും. യാക്കോബായ സഭയുടെ മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ്, പാത്രിയർക്കീസ് ബാവായുടെ പ്രതിനിധികളായ അമേരിക്കൻ ആർച്ച് ബിഷപ് മാർ ദിവന്നാസിയോസ് ജോൺ കവാക്, യുകെ ആർച്ച് ബിഷപ് മാർ അത്തനാസിയോസ് തോമ ഡേവിഡ് തുടങ്ങിയവർ കബറടക്ക ശുശ്രൂഷകൾക്കു മുഖ്യ കാർമികത്വം വഹിക്കും.

ബാവായുടെ പ്രവൃത്തി മണ്ഡലമായിരുന്ന കോതമംഗലത്തും ജന്മസ്ഥലവും സഭാ ആസ്ഥാനവുമായ പുത്തൻകുരിശിലേക്കുള്ള വിലാപയാത്രയിലും വൻ ജനാവലിയാണ് ഉണ്ടായിരുന്നത്. കോതമംഗലം മാർ തോമൻ ചെറിയ പള്ളിയിൽ കബറടക്ക ശുശ്രൂഷയുടെ ആദ്യ 2 ക്രമങ്ങൾ പൂർത്തീകരിച്ചിരുന്നു. മൂന്നാമത്തെ ക്രമം വലിയ പള്ളിയിലും നടന്നു. പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ എത്തിച്ച ശേഷം രാത്രി നാലും അഞ്ചും ക്രമങ്ങൾ നടന്നു. ഇന്നു രാവിലെ കുർബാനയ്ക്കു ശേഷം അടുത്ത 3 ക്രമങ്ങൾ നടക്കും. സമാപന ക്രമം വൈകിട്ട് 4ന് നടക്കും.

അതേസമയം, ബാവായുടെ കബറടക്ക ശുശ്രൂഷ മാർ അത്തനേഷ്യസ് കത്തീഡ്രലിൽ നടക്കുന്നതിനാൽ ഇന്നു പുത്തൻകുരിശിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കൊച്ചി – മധുര ദേശീയപാതയിൽ കോലഞ്ചേരി മുതൽ മാനന്തടം വരെ റോഡിൽ പാർക്കിങ് അനുവദിക്കില്ല. രാവിലെ 10 മുതൽ മൂവാറ്റുപുഴ ഭാഗത്തു നിന്നു കൊച്ചിയിലേക്കു പോകുന്ന വാഹനങ്ങൾ ചൂണ്ടി ജംക്‌ഷനിൽ നിന്ന് ഇടത്തോട്ടു തിരിഞ്ഞു പോകണം. കൊച്ചിയിൽ നിന്നു വരുന്ന വാഹനങ്ങൾക്കു ദേശീയപാത വഴി പോകാം. കോലഞ്ചേരി ഭാഗത്തു നിന്ന് അന്തിമോപചാരം അർപ്പിക്കാൻ എത്തുന്നവർ കാവുംതാഴത്ത് ഇറങ്ങണം. വാഹനങ്ങൾ ശാസ്താംമുകൾ – വെണ്ണിക്കുളം റോഡ് അരികിൽ പാർക്ക് ചെയ്യണം. തിരുവാങ്കുളം ഭാഗത്തു നിന്നു വരുന്നവർ പെട്രോൾ പമ്പിനു മുൻപിൽ ഇറങ്ങണം. വാഹനങ്ങൾ പത്താംമൈൽ–പട്ടിമറ്റം റോഡിൽ പാർക്ക് ചെയ്യണം. ചെറിയ വാഹനങ്ങൾക്ക് കാവുംതാഴം ഗ്രൗണ്ട്, എംജെഎസ് എസ് ഗ്രൗണ്ട്, ചാപ്പൽ ഗ്രൗണ്ട്, ബിടിസി സ്കൂൾ ഗ്രൗണ്ട്, മലേക്കുരിശ് ദയറ, എൻജിനീയറിങ് കോളജ്, കത്തോലിക്കാ പള്ളിക്കു പിറകുവശമുള്ള ഗ്രൗണ്ട്, വടവുകോട് കാളവയൽ ഗ്രൗണ്ട് തുടങ്ങിയ ഇടങ്ങളിൽ പാർക്കിങ് ക്രമീകരിച്ചിട്ടുണ്ട്. മലേക്കുരിശ് ഭാഗത്തു നിന്നു കുറിഞ്ഞി റോഡിലൂടെ പുത്തൻകുരിശ് ടൗണിലേക്കു ഗതാഗതം അനുവദിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *