Your Image Description Your Image Description

കോഴിക്കോട്: രാഷ്ട്രീയ മേഖലയിലുള്ളവർ വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണമെന്നും മോശം വാക്കുകൾ പ്രയോഗിച്ചാൽ ക്ഷമ പറയണമെന്നും കെ.കെ. ശൈലജ ടീച്ചർ. ‘‘ബലമായി ആരിലും ഐഡിയോളജി അടിച്ചേൽപ്പിക്കരുത്. മനുഷ്യനു സ്വയം തോന്നണം. നല്ലത് തിരഞ്ഞെടുക്കാൻ മനുഷ്യനെ അനുവദിക്കണം. മുഷ്കിന്റെ രാഷ്ട്രീയം വേണ്ട. ഇന്ത്യയിൽ ജനാധിപത്യം നടപ്പാക്കണമെങ്കിൽ, നിങ്ങളുടെ നടപടി ശരിയല്ലെന്നു ഭരണകൂടത്തെ വിമർശിക്കാനുള്ള അധികാരം ജനത്തിനു വേണം. ഉത്തരേന്ത്യയിൽ പലയിടത്തും അതില്ല. അങ്ങനെ വിമർശിക്കുന്നവരെ പിടിച്ച് അകത്തിടുന്നു. രാഷ്ട്രീയ മേഖലയിലുള്ളവർ വാക്കുകൾ പറയുമ്പോൾ ശ്രദ്ധിക്കണം. അങ്ങനെ പറയാതിരിക്കാൻ രാഷ്ടീയക്കാരും പൊതു പ്രവർത്തകരുമെല്ലാം ശ്രമിക്കണം. അങ്ങനെ പറഞ്ഞു പോയാൽ നാക്കുപിഴ ഉണ്ടായി, ക്ഷമിക്കണം എന്ന് പറയാനാകണം. ’’ – ശൈലജ കൂട്ടിച്ചേർത്തു. ‘ഒറ്റത്തന്തയ്ക്കു പിറന്ന’ എന്ന വിവാദത്തിന്മേലുള്ള അഭിപ്രായം ചോദിച്ചപ്പോഴാണ് ശൈലജ മറുപടിയായി ഇക്കാര്യം പറഞ്ഞത്.

‘‘’തുന്നൽ ടീച്ചർ’ എന്നു ചിലരെ കളിയാക്കി വിളിക്കുന്നവരുണ്ട്. ‘ഒരു ചരക്ക് പോകുന്നു’ എന്ന് കളിയാക്കുന്നവരുണ്ട്. സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നവരാണ് അവർ. നിയമസഭയിലെ ഒരംഗം ഒരിക്കൽ പറഞ്ഞു, ”ഒരാണ് ചെയ്യുന്നതുപോലെ മനോഹരമായി ചെയ്തു” എന്ന്. ഞാനന്ന് അതിനെ എതിർത്തു. പെണ്ണുങ്ങൾ മനോഹരമായി ചെയ്യില്ലേ? തുന്നൽ എന്താ നല്ല ജോലിയല്ലേ? സ്ത്രീയുടെ സ്വഭാവത്തെപ്പറ്റി സംശയിക്കുന്നവരാണ് പണ്ട് ‘ഒറ്റതന്ത’ പ്രയോഗം നടത്തിയത്. അതു പറഞ്ഞു പതിഞ്ഞതാണ്. പക്ഷേ, രാഷ്ട്രീയ മേഖലയിലുള്ളവരും പൊതുപ്രവർത്തകരും അത്തരം പരാമർശം നടത്താതെ ശ്രദ്ധിക്കണം. വനിതാ മുഖ്യമന്ത്രി ആയാൽ മാത്രമേ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാനാകൂ എന്നില്ല.’’ – ശൈലജ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *