Your Image Description Your Image Description

കൊച്ചി: തൃശൂർ പൂരം കലങ്ങിയ സമയത്ത് ക്ഷേത്രപരിസരത്തേക്ക് ആംബുലൻസിൽ യാത്ര ചെയ്തോയെന്ന ചോദ്യത്തോട് പ്രതികരിക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി. ‘മൂവ് ഔട്ട്’ എന്നായിരുന്നു കൊച്ചിയിലെ പരിപാടിയിൽ പങ്കെടുക്കുമ്പോൾ മാധ്യമങ്ങളോട് സുരേഷ് ഗോപിയുടെ പ്രതികരണം.

തൃശൂർ പൂരം കലങ്ങിയ സമയത്ത് ആംബുലൻസിൽ എത്തിയിട്ടില്ലെന്നും ചങ്കൂറ്റമുണ്ടെങ്കിൽ അന്വേഷണം സിബിഐക്കു വിടണമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്നലെ പറഞ്ഞിരുന്നു. എൻഡിഎയുടെ ചേലക്കര നിയോജക മണ്ഡലം കൺവൻഷൻ ഉദ്ഘാടനത്തിനിടെയാണ് പൂരം കലക്കൽ വിവാദത്തെക്കുറിച്ചു സുരേഷ് ഗോപി ആദ്യമായി പ്രതികരിച്ചത്.

സുരേഷ് ഗോപി, സ്വരാജ് റൗണ്ട് വരെ തന്റെ കാറിലാണ് നഗരത്തിലേക്ക് എത്തിയതെന്നും അവിടെ നിന്നുള്ള ചെറിയ ദൂരം മാത്രമാണ് ആംബുലൻസിൽ പോയതെന്നും ബിജെപി ജില്ലാ പ്രസിഡന്റ് കെ.കെ.അനീഷ് കുമാർ വ്യക്തമാക്കിയിരുന്നു. സ്വകാര്യ വാഹനങ്ങൾക്ക് സ്വരാജ് റൗണ്ടിൽ‌ പ്രവേശനമില്ലാത്തതിനാലാണ് ആംബുലൻസിൽ പോയതെന്നും അനീഷ് വിശദീകരിച്ചു. എന്നാൽ ആംബുലൻസിലെത്തിയെന്ന വാദങ്ങൾ സുരേഷ് ഗോപി നിഷേധിച്ചു.

‘‘ആംബുലൻസിൽ ഞാനവിടെ പോയിട്ടില്ല. ഒരു സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ കാറായിരുന്നു അത്. അപ്പോൾ ആംബുലൻസിൽ നിങ്ങൾ എന്നെക്കണ്ടതു മായക്കാഴ്ചയാണോ യഥാർഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാകണമെങ്കിൽ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാൽ സത്യമറിയാൻ കഴിയില്ല. സിബിഐ വരണം.’’– എന്നായിരുന്നു സുരേഷ്ഗോപിയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *