Your Image Description Your Image Description

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് വേണ്ടി മിനി ഇ-ബസ് നിർമിക്കാൻ ഇറങ്ങിയ സ്റ്റാർട്ടപ്പ് സംരംഭം ഇപ്പോൾ വെട്ടിലായിരിക്കുകയാണ്. ബസിന്റെ നിർമാണം പൂർത്തിയാക്കിയപ്പോൾ ഗതാഗത മന്ത്രിയുടെയും സി.എം.ഡി.യുടെയും നിലപാട് മാറി. ഇ-ബസ് ലാഭകരമല്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്‌കുമാർ പ്രഖ്യാപിച്ചതോടെ പദ്ധതി അനിശ്ചിതത്വത്തിലായി. ഇപ്പോൾ കെ.എസ്.ആർ.ടി.സി.യുടെ ആവശ്യപ്രകാരം ചൈനയിൽ നിർമിച്ച ബസുകൾ എന്തുചെയ്യണമെന്നറിയാതെ അവിടത്തന്നെ സൂക്ഷിച്ചിരിക്കുകയാണ്.

മന്ത്രിമാറ്റത്തിനിടെ കെ.എസ്.ആർ.ടി.സി.യുടെ ഇ-വാഹന നയം മാറിയതാണ് വിനയായത്. ഉൾപ്രദേശങ്ങളിൽ നിന്നും പ്രധാന റോഡുകളിലേക്ക് യാത്രക്കാരെ എത്തിക്കാൻ മിനി ഇ-ബസുകൾ (ഫീഡർ സർവീസുകൾ) നിർമിക്കാനാണ് കഴിഞ്ഞ നവംബറിൽ ധാരണയായത്. അന്നത്തെ മന്ത്രി ആന്റണി രാജുവും സി.എം.ഡി. ബിജുപ്രഭാകറുമാണ് ചർച്ചകൾക്ക് മുൻകൈ എടുത്തത്. കെ.എസ്.ആർ.ടി.സി. നൽകിയ രൂപരേഖ അനുസരിച്ച് മിനി ഇ-ബസുകൾ നിർമിച്ച് ഇന്ത്യയിലെത്തിക്കാൻ കമ്പനിക്ക് നിർദേശം നൽകി. നിർമാണവേളയിലും അധികൃതർ പുരോഗതി വിലയിരുത്തിയിരുന്നു.

കെ.എസ്.ആർ.ടി.സി.ക്ക് നേരിട്ട് മുതൽമുടക്കില്ലാത്ത പദ്ധതിയിൽ, ബസിന്റെ പ്രവർത്തനം വിലയിരുത്തിയശേഷം ധാരണാപത്രം ഒപ്പിടാനായിരുന്നു തീരുമാനം. എന്നാൽ കഴിഞ്ഞ ഡിസംബറിൽ എല്ലാം കീഴ്‌മേൽ മറിഞ്ഞു. തിരുവനന്തപുരം കോർപ്പറേഷൻ വാങ്ങിക്കൊടുത്ത ഇ-ബസുകൾപോലും നഷ്ടമെന്ന് പറഞ്ഞ മന്ത്രി, ഗ്രാമപ്രദേശങ്ങളിലേക്ക് ചെറിയ ഡീസൽബസുകൾ വാങ്ങാൻ തീരുമാനിച്ചു.

കെ.എസ്.ആർ.ടി.സി.യെ വിശ്വസിച്ച് പണം മുടക്കിയ സ്റ്റാർട്ടപ്പ് കബളിപ്പിക്കപ്പെട്ട അവസ്ഥയിലാണ്. ബസുകളുടെ പ്രവർത്തനക്ഷമത പരിശോധിക്കാൻപോലും അധികൃതർ തയ്യാറാകുന്നില്ലെന്നാണ് അവരുടെ പരാതി.

15 വർഷമായ കെ.എസ്.ആർ.ടി.സി.യുടെ 1200 ഡീസൽ ബസുകൾ പിൻവലിച്ച് ബാറ്ററിയും മോട്ടോറും ഘടിപ്പിച്ച് ഇ-വാഹനങ്ങളാക്കുന്ന പദ്ധതിയും സ്റ്റാർട്ടപ്പുമായി ധാരണയായിരുന്നു. ഇ-ബസിലേക്കുള്ള മാറ്റം നടക്കാത്തതിനാൽ പഴഞ്ചൻ ബസുകളുടെ കാലാവധി നിലവിൽ നീട്ടിയിരിക്കുകയാണ്.

പാറശ്ശാലയിൽ വാഹന നിർമാണ യൂണിറ്റ്

ചൈനയിൽനിന്ന് എത്തിക്കുന്ന ബസുകളുടെ പ്രവർത്തനം വിജയകരമായാൽ പാറശ്ശാലയിൽ കെ.എസ്.ആർ.ടി.സി.യു
ടെ സ്ഥലത്ത് സംയുക്ത സംരംഭമായി ഇ-ബസ് നിർമാണ യൂണിറ്റ് ആരംഭിക്കാനും ധാരണയുണ്ടായിരുന്നു. പ്രതിഫലമായി കുറഞ്ഞ ചെലവിൽ ഇ-ബസു കൾ നൽകും. ഒരു ഇ-ബസിന് ഒരുകോടി രൂപ വിലവരുന്നുണ്ട്. സ്വന്തമായി നിർമിച്ചാൽ ചെലവ് ഗണ്യമായി കുറയ്ക്കാം.

ഫീഡർ സർവീസ് പൊതുഗതാഗതത്തെ സഹായിക്കാൻ

പൊതുഗതാഗത സംവിധാനത്തിന്റെ പരിമിതികൾ പൂർണമായും പരിഹരിക്കുന്നതായിരുന്നു ഫീഡർ സർവീസുകൾ. ഉൾപ്രദേശങ്ങളിൽ നിന്ന്‌ ഇ- വാഹനങ്ങളിൽ കുറഞ്ഞചെലവിൽ യാത്രക്കാരെ കെ.എസ്.ആർ.ടി.സി. ബസുകളിലേക്ക് എത്തിക്കാനാണ് വിഭാവനം ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *