Your Image Description Your Image Description

അടുത്ത കാലത്തായി ചൈനയിൽ പെറ്റ് കഫേകളുടെ എണ്ണം വർധിച്ചു വരികയാണ്. ചൈനയിലെ ഒരു കഫേ ഉടമ സോഷ്യൽ മീഡിയയിൽ നൽകിയ ഒരു പരസ്യമണിപ്പോൾ വൈറലാവുന്നത്.

ആരോ​ഗ്യമുള്ള, നല്ല സ്വഭാവമുള്ള പൂച്ചകളെയാണ് തന്റെ കഫേയിലേക്ക് ജോലിക്ക് വേണ്ടത് എന്നും കഫേ ഉടമ പ്രത്യേകം പറയുന്നുണ്ട്. ജോലി പാർട്ട് ടൈം ആയിരിക്കും. പകരമായി പൂച്ചയ്ക്ക് ദിവസവും സ്നാക്ക്സ് കിട്ടും. ഒപ്പം ഉടമയുടെ സുഹൃത്തുക്കൾക്ക് കഫേയിൽ 30 ശതമാനം കിഴിവും കിട്ടും. കേൾക്കുമ്പോൾ വിചിത്രമായി തോന്നുമെങ്കിലും ചൈനയിൽ ഇത് പരിചിതമായ കാര്യമാണത്രെ.

ചൈനയിലെ പല കഫേ ഉടമകളും തങ്ങളുടെ ബിസിനസ് വർധിപ്പിക്കുന്നതിന് വേണ്ടി ഇതുപോലെ പെറ്റുകളെ തങ്ങളുടെ കഫേയിലേക്ക് എത്തിക്കാറുണ്ട്. പൂച്ചകളെ മാത്രമല്ല, നായകളെയും ഇങ്ങനെ കഫേയിലേക്ക് ജോലിക്കെടുക്കാറുണ്ട്. കഫേയിലെത്തുന്ന ആളുകളുടെ ഇടയിലൂടെ നടക്കുകയും അവരുടെ വാത്സല്യങ്ങൾക്ക് പാത്രമാവുകയും അവിടെയെത്തുന്ന ആളുകളിൽ സന്തോഷം നിറയ്ക്കുകയും ഒക്കെയാണ് ഈ വളർത്തുമൃ​ഗങ്ങൾ ചെയ്യുന്നത്.

ഇത്തരം മൃ​ഗങ്ങളുടെ സാന്നിധ്യം ഇഷ്ടപ്പെടുന്ന അനേകം പേരാണ് ചൈനയിൽ പെറ്റ് കഫേകൾ തിരക്കിയെത്താറുള്ളത്. ഈ മൃ​ഗങ്ങളുടെ സാന്നിധ്യം അനുഭവിക്കണം എന്നുണ്ടെങ്കിൽ അതിന് കൂടുതൽ പണം നൽകേണ്ടി വരും. 350 -നും 700 -നും ഇടയിലാണ് മിക്കവാറും ഈടാക്കുന്നത്.

പൂച്ചകളെയും പട്ടികളെയും ഒക്കെ വീട്ടിൽ തനിച്ചാക്കി ജോലിക്കോ പഠിക്കാനോ ഒക്കെ പോകേണ്ടി വരുന്നവരും ഈ ഐഡിയ വളരെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്. അവർ തങ്ങളുടെ വളർത്തുമൃ​ഗങ്ങളെ ഇത്തരം കഫേയിലേക്ക് താൽക്കാലികമായി വിട്ടുകൊടുക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *