Your Image Description Your Image Description

ബംഗളൂരു: പാർലമെന്റിൽ യുവാക്കൾ അതിക്രമിച്ചുകയറിയതുമായി ബന്ധപ്പെട്ട കേസിൽ സോഫ്റ്റ്​വെയർ എൻജിനീയറെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. റിട്ട. ഡിവൈ.എസ്.പിയുടെ മകൻ കൂടിയായ സായികൃഷ്ണ ജഗലിയെ വടക്കൻ കർണാടകയിലെ ബാഗൽകോട്ടിൽ സഹോദരിയുടെ വീട്ടിൽനിന്നാണ് ബുധനാഴ്ച രാത്രി പിടികൂടിയത്. വിശദ ചോദ്യംചെയ്യലിനായി യുവാവിനെ ഡൽഹിയിലേക്ക് കൊണ്ടുപോയി. സായികൃഷ്ണ കുറച്ചുകാലമായി വീട്ടിലിരുന്നാണ് ജോലി ചെയ്തിരുന്നതെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും സഹോദരി സ്​പന്ദന പറഞ്ഞു. അന്വേഷണവുമായി പൂർണമായി സഹകരിക്കുമെന്ന് വീട്ടുകാർ പ്രതികരിച്ചു.

പാർലമെന്റിനകത്തേക്ക് അതിക്രമിച്ചുകയറിയ മൈസൂരു സ്വദേശി ഡി. മനോരഞ്ജന്റെ സഹപാഠിയും സുഹൃത്തുമാണ് പിടിയിലായ സായികൃഷ്ണ. ബംഗളൂരുവിലെ കോളജിൽ ഇരുവരും എൻജിനീയറിങ് കോഴ്സിന് ഒന്നിച്ചാണ് പഠിച്ചത്. ഹോസ്റ്റലിലും ഒന്നിച്ചായിരുന്നു താമസം. ബാഗൽകോട്ട് വിദ്യാഗിരിയിലെ ബഹുരാഷ്ട്ര കമ്പനിയിൽ സോഫ്റ്റ്​വെയർ എൻജിനീയറാണ് സായികൃഷ്ണ. കഴിഞ്ഞദിവസം യു.പിയിൽനിന്ന് പിടിയിലായ അതുൽ കുലശ്രേഷ്ഠയും സായികൃഷ്ണയും ‘ഭഗത് സിങ് ഫാൻ ക്ലബ്’ എന്ന ഫേസ്ബുക്ക് പേജുമായി ബന്ധമുള്ളവരായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായി. ഇവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി.

Leave a Reply

Your email address will not be published. Required fields are marked *