Your Image Description Your Image Description

യുഎഇയില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. കിഴക്കോട്ടും തെക്ക് ദിശയിലുമായി സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ അടുത്ത ദിവസങ്ങളിൽ മഴ പെയ്‌തേക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ശനിയാഴ്ച്ച മുതൽ രാജ്യത്തുടനീളം ഈര്‍പ്പമുള്ള കാലാവസ്ഥ പ്രതീക്ഷിക്കാം എന്നും എന്‍സിഎം അറിയിച്ചു.

പകല്‍ മുഴുവന്‍ നേരിയതോ ഭാഗികമായോ മേഘാവൃതമായ ആകാശത്തിന് സാക്ഷ്യം വഹിക്കും. നേരിയതോ മിതമായതോ ആയ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും കടല്‍ നേരിയ തോതില്‍ പ്രക്ഷുബ്ധമായിരിക്കും. പര്‍വതപ്രദേശങ്ങളില്‍ താപനില 20 ഡിഗ്രി സെല്‍ഷ്യസായി കുറയും. അതേസമയം ആന്തരിക പ്രദേശങ്ങളില്‍ ഉയര്‍ന്ന താപനില 41 ഡിഗ്രി സെല്‍ഷ്യസില്‍ എത്തും എന്നും എന്‍സിഎം വ്യക്തമാക്കി.

തീരപ്രദേശങ്ങളില്‍ ഈര്‍പ്പനില ഉയര്‍ന്ന് 90 ശതമാനത്തിലും പര്‍വതപ്രദേശങ്ങളില്‍ കുറഞ്ഞത് 15 ശതമാനത്തിലും എത്താനാണ് സാധ്യത. അബുദാബിയില്‍ 39 ഡിഗ്രി സെല്‍ഷ്യസിലേക്കും ദുബായില്‍ 38 ഡിഗ്രി സെല്‍ഷ്യസിലേക്കും താപനില ഉയരും എന്നും എന്‍സിഎം പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ പറയുന്നു. വ്യാഴാഴ്ച്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയ്ക്കൊപ്പം ആലിപ്പഴ വര്‍ഷവും ഉണ്ടായിരുന്നു.ഇക്കാരണത്താൽ രാജ്യത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. ഫുജൈറയില്‍ കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നതിന്റെ വീഡിയോ എമിറേറ്റ് നിവാസികള്‍ സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ചിട്ടുണ്ട്. ഷാര്‍ജയുടെ ചില ഭാഗങ്ങളില്‍ ആലിപ്പഴ വര്‍ഷവും റാസല്‍ ഖൈമയില്‍ കനത്ത മഴയും ഉണ്ടായി. അടുത്ത ആഴ്ചയില്‍ ഉഷ്ണമേഖലാ ന്യൂനമര്‍ദമായി മാറുമെന്ന് പ്രതീക്ഷിക്കുന്ന ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായാണ് മഴ എന്നാണ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *