Your Image Description Your Image Description

കാസർകോട്: സഭയ്ക്ക് പുറത്തുനിന്നും വിവാ​ഹം കഴിക്കാൻ അനുവാദം നൽകുമെന്ന് കോടതിയിൽ നിലപാടെടുത്ത ക്നാനായ സഭ നിലപാട് മാറ്റിയെന്ന പരാതിയുമായി യുവാവ്. കാസര്‍കോട് കൊട്ടോടി സ്വദേശി ജസ്റ്റിനാണ് ക്നാനായ കത്തോലിക്ക സഭയുടെ നിലപാട് മാറ്റം മൂലം വീണ്ടും വിവാഹം മുടങ്ങുന്നത്. ഇടവക വികാരി വിവാഹം നടത്തില്ലെന്ന നിലപാട് സ്വീകരിച്ചതിനാൽ വീണ്ടും ജസ്റ്റിന്റെ വിവാ​ഹം അനിശ്ചിതത്വത്തിലാകുകയാണ്. ജസ്റ്റിന്റെ വധു ക്നാനായ സഭയ്ക്ക് പുറത്തുനിന്നുള്ള യുവതി ആയതിനാൽ വിവാഹം നടത്തിക്കൊടുക്കില്ലെന്ന് ഇടവക വികാരി പള്ളിയില്‍ പ്രസംഗിക്കുന്ന ഓഡിയോ പുറത്തുവന്നിട്ടുണ്ട്.

ക്നാനായ കത്തോലിക്ക സഭാ വിശ്വാസവും കീഴ്വഴക്കവും അനുസരിച്ച് പുറത്തുള്ള സഭയിൽ നിന്നോ മറ്റ് മതങ്ങളിൽ നിന്നോ വിവാ​ഹം കഴിക്കാൻ അനുമതിയില്ല. മതംമാറി സഭയിൽ അം​ഗമാകാനും കഴിയില്ല. സഭയ്ക്ക് പുറത്തുനിന്നും വിവാഹം കഴിക്കുന്നവർ അതോടെ സഭയ്ക്ക് പുറത്താകുകയും ചെയ്യും. എന്നാൽ, ക്നാനായ സഭയിൽ തുടർന്നുകൊണ്ട് തന്നെ തലശേരി കത്തോലിക്കാ സഭാ അംഗമായ വിജിമോളെ വിവാഹം കഴിക്കണമെന്നാണ് ജസ്റ്റിന്റെ ആവശ്യം.

2023 മെയ് 18 ന് വിവാഹിതരാകേണ്ടതായിരുന്നു ജസ്റ്റിനപം വിജിമോളും. ക്നാനായ കത്തോലിക്കാ സഭ കോട്ടയം അതിരൂപതയ്ക്ക് കീഴിലുള്ള കൊട്ടോടി സെന്‍റ് ആന്‍സ് പള്ളി അധികൃതര്‍ മനസമ്മതത്തിന് അനുമതി പത്രം നല്‍കിയെങ്കിലും വിവാഹത്തിനുള്ള അനുമതി പത്രം നല്‍കാത്തതോടെ മിന്നുകെട്ട് മുടങ്ങി. വിജിമോള്‍ മറ്റൊരു സഭയില്‍ നിന്നായത് കൊണ്ടാണ് അനുമതി പത്രം നല്‍കാതിരുന്നത്. ഒടുവില്‍ വധൂവരന്മാര്‍ പള്ളിക്ക് മുന്നില്‍ നിന്ന് മാല ചാര്‍ത്തുകയായിരുന്നു.

ഹൈക്കോടതിയിലെ നിയമ പോരാട്ടത്തിന് ഒടുവില്‍ ജസ്റ്റിന് ഇപ്പോള്‍ വിവാഹത്തിനുള്ള അനുമതി പത്രം ലഭിച്ചു. ക്നാനായ സഭയ്ക്ക് പുറത്ത് നിന്ന് വിവാഹം കഴിക്കാനുള്ള ആദ്യ അനുമതി പത്രമെന്ന ചരിത്രമാണ് തീർക്കുന്നത്. വിവാഹം നടത്തിക്കൊടുക്കില്ലെന്ന് ഇടവക വികാരി പള്ളിയില്‍ പ്രസംഗിക്കുന്ന ഓഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഇടവക അംഗമായി നിന്നുകൊണ്ട് തന്നെ സെന്‍റ് ആന്‍സ് പള്ളിയില്‍ വച്ച് വിവാഹം നടത്തണമെന്നാണ് ആഗ്രഹമെന്നും അത് അവകാശമാണെന്നും ജസ്റ്റിന്‍ പറയുന്നു. ഇതിനുള്ള നിയമ പോരാട്ടം തുടരാനാണ് തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *