Your Image Description Your Image Description

കൊൽക്കത്ത: ആർജികർ ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഞ്ജയ് റോയ്ക്കെതിരായ കുറ്റപത്രത്തിൽ സിബിഐ 11 തെളിവുകൾ നിരത്തി. കോളേജിലെ സെമിനാർ ഹാളിൽ വിശ്രമിക്കുന്നതിനിടെയാണ് റോയ് വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.
കേസിൽ കൂട്ടബലാത്സംഗത്തിനുള്ള സാധ്യതയും സിബിഐ തള്ളികളഞ്ഞു.

കൊലചെയ്യപ്പെട്ട പെൺകുട്ടിയുടെ
ശരീരത്തിൽ നിന്ന് സഞ്ജയ് റോയിയുടെ ഡിഎൻഎയും കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ഇയാളുടെ മുടിയും കണ്ടെത്തിയതായി സിബിഐ കുറ്റപത്രത്തിൽ പരാമർശിക്കുന്നുണ്ട്. ഇയാളുടെ ശരീരത്തിൽ മുറിവുകളും വസ്ത്രങ്ങളിൽ രക്തക്കറയും ഉണ്ടായിരുന്നു. ഓഗസ്റ്റ് 9 നായിരുന്നു ആശുപത്രിയിലെ സെമിനാർ റൂമിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത് വനിതാ ഡോക്ടറെ സഞ്ജയ് റോയ് കൊലപ്പെടുത്തിയത്.

അടുത്ത ദിവസം തന്നെ സഞ്ജയ് റോയി അറസ്റ്റിലായി. സഞ്ജയ് റോയ് പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിനുശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും കുറ്റപത്രത്തിൽ പറയുന്നു. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോണിൻ്റെ ലൊക്കേഷനും കുറ്റകൃത്യം നടന്ന സ്ഥലത്ത് ഇയാളുടെ സാന്നിധ്യം തെളിയിക്കുന്നുണ്ട്. ഇരയുടെ ചെറുത്തുനിൽപ്പിൻ്റ അടയാളങ്ങളുമായി പൊരുത്തപ്പെടുന്ന മുറിവുകൾ റോയിക്ക് പറ്റിയതായി ഏജൻസിയുടെ കുറ്റപത്രത്തിൽ പരാമർശിച്ചു.

ആഗസ്റ്റ് 8, 9 തീയതികളിലെ രാത്രിയിൽ RG കർ മെഡിക്കൽ കോളേജ് & ഹോസ്പിറ്റലിലും എമർജൻസി കെട്ടിടത്തിൻ്റെ മൂന്നാം നിലയിലും റോയിയുടെ സാന്നിധ്യം സിസിടിവി ദൃശ്യങ്ങൾ വഴി കാണാം. സിഡിആർ പ്രകാരം മൊബൈൽ ഫോൺ ലൊക്കേഷനും ഇവിടെത്തന്നെയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു.നേരത്തെ ഓഗസ്റ്റ് 12 ന് കൊൽക്കത്ത പോലീസ് റോയിയുടെ വസ്ത്രങ്ങളിലും പാദരക്ഷകളിലും രക്തക്കറ കണ്ടെടുത്തിരുന്നു.

പോസ്റ്റ്‌മോർട്ടം നടത്തിയപ്പോൾ ഇരയുടെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ റഫറൻസ് ഡിഎൻഎ, സഞ്ജയ് റോയിയുടെ ഡിഎൻഎയുമായി പൊരുത്തപ്പെടുന്നുവെന്നും സിബിഐ കണ്ടെത്തി.യുവതിയുടെ ശരീരത്തിൽ ലൈംഗികാതിക്രമം നടന്നതിൻ്റെ വ്യക്തമായ അടയാളങ്ങളുണ്ടെന്ന് സിബിഐ കുറ്റപത്രത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *