Your Image Description Your Image Description

ന്യൂഡല്‍ഹി: വനിതാ ജിംനാസ്റ്റിക്സില്‍ ഇന്ത്യക്ക് മേല്‍വിലാസം നല്‍കിയ ദിപ കര്‍മാക്കര്‍ വിരമിക്കുന്നു. റിയോ ഒളിമ്പിക്സില്‍ നാലാംസ്ഥാനത്തെത്തി ചരിത്രംകുറിച്ചു. നേരിയ വ്യത്യാസത്തിലായിരുന്നു മെഡല്‍ നഷ്ടമായത്. 0.15 പോയിന്റിന് മൂന്നാംസ്ഥാനം പോയി. ഒളിമ്പിക്-സില്‍ മത്സരിച്ച ആദ്യ ഇന്ത്യന്‍ വനിതാ ജിംനാസ്റ്റിക്‌സ് താരംകൂടിയാണ് ദിപ. ജിംനാസ്റ്റിക്സിലെ ഏറ്റവും അപകടകരമായ പ്രൊഡുനോവ വോള്‍ട്ടിലൂടെയാണ് ദിപ ശ്രദ്ധേയായത്.

സമൂഹമാധ്യമത്തിലൂടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ”ഞാന്‍ ജിംനാസ്റ്റിക്സില്‍നിന്ന് വിരമിക്കുകയാണ്. ഇതൊരു എളുപ്പത്തിലുള്ള തീരുമാനം. പക്ഷേ, ഇപ്പോഴാണ് ശരിയായ സമയം. എന്റെ ജീവിതംതന്നെ ജിംനാസ്റ്റിക്സായിരുന്നു. അതിന്റെ ഉയര്‍ച്ചയും താഴ്ചയുമെല്ലാം ഓര്‍മകളില്‍ എന്നുമുണ്ടാകും”- ദിപ കുറിച്ചു.

ത്രിപുരയിലെ അഗര്‍ത്തലയില്‍നിന്നുള്ള മുപ്പത്തൊന്നുകാരി ഇനി പരിശീലകവേഷത്തിലുണ്ടാകും. 2008ലെ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പിലൂടെയായിരുന്നു തുടക്കം. 2015ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി. ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാമതായി. റിയോ ഒളിമ്പിക്സിനുശേഷം പരിക്ക് തളര്‍ത്തി. 2018ല്‍ ആര്‍ടിസ്റ്റിക് ജിംനാസ്റ്റിക്സ് ലോകകപ്പില്‍ സ്വര്‍ണം നേടി. ആദ്യ ഇന്ത്യക്കാരിയുമായി. 2021ല്‍ ഏഷ്യ ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം നേടി. ഇതിനിടെ നിരോധിതമരുന്ന് കഴിച്ചതിന് രണ്ടുവര്‍ഷം വിലക്കും കിട്ടി. 2023ലാണ് വിലക്ക് മാറിയത്. പത്മശ്രീ, മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്ന, അര്‍ജുന പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *