Your Image Description Your Image Description

ചണ്ഡീ​ഗഢ്: ഹരിയാന നിയമസഭയിൽ ബിജെപി അട്ടിമറി വിജയം നേടിയെങ്കിലും ആദ്യം പിന്നിലായിരുന്ന കോൺഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗാട്ട് അതിശയകരമായി ലീഡ് ഉയർത്തി വിജയിക്കുകയായിരുന്നു. ഇപ്പോൾ വിനേഷിന്റെ വിജയത്തേയും കോൺ​ഗ്രസിന്റെ പരാജയത്തേയും പരിസഹിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബി.ജെ.പി. മുൻ എം.പി.യുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്.

വിനേഷ് ഫോ​ഗട്ട് വിജയിച്ചെങ്കിലും അവരുടെ പാർട്ടി തിരഞ്ഞെടുപ്പിൽ തോറ്റില്ലേ എന്ന് ബ്രിജ് ഭൂഷൺ ചോദിച്ചു. എവിടെ പോയാലും അവിടെ നാശമുണ്ടാക്കുന്നയാളാണ് വിനേഷ് ഫോ​ഗട്ടെന്നും അദ്ദേഹം പറഞ്ഞു. ​തനിക്കെതിരായ ഗുസ്തി താരങ്ങളുടെ പ്രതിഷേധം തിരഞ്ഞെടുപ്പിൽ ബിജെപിയുടെ സാധ്യതകളെ ഇല്ലാതാക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് പറഞ്ഞ ബ്രിജ് ഭൂഷൺ, ‘ജാട്ട്’ ഭൂരിപക്ഷ സീറ്റുകളിൽ നിരവധി ബി.ജെ.പി സ്ഥാനാർത്ഥികൾ വിജയിച്ചതായും ചൂണ്ടിക്കാട്ടി.

“പ്രതിഷേധക്കാരായ ​ഗുസ്തി താരങ്ങളല്ല ഹരിയാണയുടെ യഥാർത്ഥ നായകന്മാർ. അവർ പിൻമുറക്കാരായ ​ഗുസ്തി താരങ്ങൾക്ക് വില്ലന്മാർകൂടിയാണ്. വിജയിക്കാൻ വിനേഷ് ഫോ​ഗട്ട് എന്റെ പേരുപയോ​ഗിച്ചിട്ടുണ്ടെങ്കിൽ അതിനർത്ഥം അവരെ വിജയിക്കാൻ സഹായിച്ച മഹാനാണ് ഞാനെന്നാണ്. അവർ വിജയിച്ചു. പക്ഷേ കോൺ​ഗ്രസ് തോറ്റു. എവിടെ പോയാലും നാശം പടർത്തുന്നവരാണ് അവർ. കൃഷിക്കാരുടേയും ​ഗുസ്തി താരങ്ങളുടേയും പ്രതിഷേധത്തിന്റെ പേരിൽ തെറ്റിദ്ധാരണാജനകമായ ഒരുപാട് ശ്രമങ്ങൾ നടന്നു. എന്നിരുന്നാലും ബി.ജെ.പിയുടെ നയത്തെ ജനങ്ങൾ ഏറ്റെടുത്തു.” ബ്രിജ് ഭൂഷൺ പറ‍ഞ്ഞു.

ഹരിയാണയിലെ ജുലാന മണ്ഡലത്തിൽനിന്നാണ് വിനേഷ് ഫോ​ഗട്ട് വിജയിച്ചത്. ഗുസ്തി താരമായ വിനേഷ് ഫോഗട്ട് പാരീസ് ഒളിമ്പിക്‌സില്‍ ഫൈനലിലെത്തിയിരുന്നു. ഫൈനലില്‍ ഭാരക്കൂടുതലിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ട വിനേഷ് പിന്നീട്‌ ഗുസ്തിയില്‍ നിന്ന് വിരമിച്ച് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു. 65,080 വോട്ടുകളാണ് വിനേഷിന് ലഭിച്ചത്. രണ്ടാംസ്ഥാനത്തുള്ള യോഗേഷ് കുമാറിന് ലഭിച്ചത് 59,065 വോട്ടുകള്‍. ഇതോടെ വിനേഷ് 6015 വോട്ടിന്റെ തിളക്കമുള്ള ജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *