Your Image Description Your Image Description

ന്യൂയോ‍ർക്ക്: നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്ത് ചരിത്രം കുറിക്കാനൊരുങ്ങുകയാണ്. സുനിത വോട്ട് രേഖപ്പെടുത്തുന്നത് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) നിന്നാണ്. നാസയുടെ ബഹിരാകാശ യാത്രികരെ ഭ്രമണപഥത്തിൽ നിന്ന് വോട്ട് രേഖപ്പെടുത്താൻ അനുവദിക്കുന്ന ഒരു ബിൽ ടെക്സസ് നിയമസഭ മുമ്പ് പാസാക്കിയിരുന്നു. 1997 മുതൽ ബഹിരാകാശ യാത്രികർക്കായുള്ള വോട്ടിംഗ് പ്രക്രിയ നിലവിലുണ്ട്. സുനിത വോട്ട് ചെയ്യുന്നത് ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് ഏകദേശം 400 കിലോ മീറ്റർ ഉയരത്തിൽ നിന്നാണ്.

വിദേശ രാജ്യങ്ങളിലുള്ള അമേരിക്കൻ പൗരൻമാർ വോട്ട് രേഖപ്പെടുത്തുന്നതിന് സമാനമായ നടപടിക്രമങ്ങൾ സുനിത വില്യംസും പിന്തുടരും. നേരിട്ട് ഹാജാരാകാൻ സാധിക്കാത്തതിനാൽ സുനിത ആദ്യം ഒരു ഫെഡറൽ പോസ്റ്റ് കാർഡ് അപേക്ഷ പൂർത്തിയാക്കും. ഇത് ലഭിച്ചു കഴി‍ഞ്ഞാൽ, ഐഎസ്എസ് കമ്പ്യൂട്ടർ സിസ്റ്റത്തിൽ ഇലക്ട്രോണിക് ബാലറ്റ് പൂരിപ്പിക്കും. ‌നാസയുടെ അത്യാധുനിക സ്പേസ് കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ പ്രോഗ്രാമിനെ ആശ്രയിച്ചാണ് വോട്ടിംഗ് പ്രക്രിയ പുരോ​ഗമിക്കുക.

സുനിത വില്യംസ് പൂർത്തിയാക്കിയ പോസ്റ്റൽ ബാലറ്റ്, ട്രാക്കിംഗ് ആൻഡ് ഡാറ്റ റിലേ സാറ്റലൈറ്റ് സിസ്റ്റം ഉപയോഗിച്ച് എജൻസിയുടെ നിയർ സ്പേസ് നെറ്റ്‌വർക്കിലൂടെ സഞ്ചരിക്കും. ന്യൂ മെക്‌സിക്കോയിലെ നാസയുടെ വൈറ്റ് സാൻഡ്‌സ് ടെസ്റ്റ് ഫെസിലിറ്റിയിലെ ഗ്രൗണ്ട് ആൻ്റിനയിലേക്ക് വോട്ട് കൈമാറും. പിന്നീട് ഇത് ഹൂസ്റ്റണിലെ ജോൺസൺ സ്‌പേസ് സെൻ്ററിലെ മിഷൻ കൺട്രോൾ സെൻ്ററിലേക്ക് സുരക്ഷിതമായി മാറ്റും. ഹൂസ്റ്റണിൽ നിന്ന് എൻക്രിപ്റ്റ് ചെയ്ത ബാലറ്റ് പ്രോസസ്സിംഗിനായി കൗണ്ടി ക്ലർക്കിന് അയയ്ക്കും. സുനിത വില്യംസിനും കൗണ്ടി ക്ലർക്കിനും മാത്രമേ ബാലറ്റ് പരിശോധിക്കാൻ സാധിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *