Your Image Description Your Image Description

കൊച്ചി: ലഹരികേസില്‍ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശിനെതിരെ ആരോപണങ്ങള്‍ മാത്രമാണ് ഉള്ളതെന്ന് അഭിഭാഷകന്‍. കൊക്കെയ്ന്‍ ഉണ്ടായിരുന്ന കവര്‍ പിടിച്ചെടുത്തു എന്നാണ് പറയുന്നത്. എന്നാല്‍ എത്രത്തോളം ലഹരിമരുന്ന് ഉണ്ടായിരുന്നു എന്ന കാര്യം പൊലീസ് പറഞ്ഞിട്ടില്ല. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രമാണ് പൊലീസ് ചേര്‍ത്തിരുന്നതെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ലഹരിക്കേസില്‍ പ്രതി ഓം പ്രകാശിനും മുഖ്യപ്രതി ഷിഹാസിനും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. പ്രതികള്‍ കൊക്കെയ്ന്‍ ഉപയോഗിച്ചു എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി വിലയിരുത്തി. കൊക്കെയ്ന്‍ സൂക്ഷിച്ചിരുന്ന കവര്‍ മാത്രമാണ് പിടികൂടാനായതെന്നും കോടതി കണ്ടെത്തി. പ്രതികളെ രണ്ട് ദിവസം കസ്റ്റഡിയില്‍ വിട്ടു നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയാണ് കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

ഓം പ്രകാശിന്റെ മുറിയില്‍ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാര്‍ട്ടിനും എത്തിയിരുന്നതായി പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിയില്‍ ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ ഇരുപതോളം പേര്‍ എത്തിയിരുന്നതായും പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നും അന്വേഷണ സംഘം ആവശ്യമുന്നയിച്ചിട്ടുണ്ട്.

ലഹരിക്കേസില്‍ ഇന്നലെയാണ് ഓംപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരിപ്പാര്‍ട്ടി നടക്കുന്നുവെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കുണ്ടന്നൂരിലെ ഹോട്ടലില്‍ നടത്തിയ തിരച്ചിലില്‍ ഇയാള്‍ പിടിയിലാകുകയായിരുന്നു. മുഖ്യപ്രതി ഷിഹാസിനെയും ഇയാള്‍ക്കൊപ്പമാണ് പിടികൂടിയത്. ഇവരുടെ പക്കലില്‍ നിന്ന് കൊക്കെയ്ന്‍ കണ്ടെത്തിയിരുന്നു.

തലസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന തുടങ്ങിയിരുന്നു. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തില്‍ നാര്‍ക്കോട്ടിക് വിഭാഗവും പരിശോധന നടത്തിയിരുന്നു. ഇയാള്‍ ബുക്ക് ചെയ്ത മുറിയില്‍ സിനിമാ താരങ്ങള്‍ എത്തിയിരുന്നതായി പൊലീസിന് സംശയമുണ്ടായിരുന്നു. ഇതനുസരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *