Your Image Description Your Image Description

ഡല്‍ഹി: ജോലിക്ക് പകരം ഭൂമി കോഴയായി വാങ്ങിയെന്ന കേസിൽ ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിനും മക്കളായ തേജസ്വി യാദവ്, തേജ് പ്രതാപ് യാദവ് എന്നിവർക്കും ജാമ്യം. ഡല്‍ഹി കോടതിയാണ് ജാമ്യം അനുവദിച്ചത്.

ഒരു ലക്ഷം രൂപ വീതം ജാമ്യത്തുകയിലാണ് പ്രത്യേക ജഡ്ജി വിശാല്‍ ഗോഗ്നെ ഇരുവര്‍ക്കും തിങ്കളാഴ്ച ജാമ്യം അനുവദിച്ചത്. കേസിന്റെ അന്വേഷണത്തിനിടെ ഇവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ലാലു പ്രസാദിനും മക്കള്‍ക്കും എതിരേയുള്ള അനുബന്ധ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി റൗസ് അവന്യൂ കോടതി സമന്‍സയച്ചതിനെ തുടര്‍ന്നാണ് ഇവര്‍ കോടതി മുമ്പാകെ ഹാജരായത്. കേസിന്റെ അന്തിമ റിപ്പോര്‍ട്ട് ഓഗസ്റ്റ് ആറിന് എന്‌ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കോടതിയില്‍ ഹാജരാക്കിയിരുന്നു. മുന്നുപേരുടേയും പാസ്‌പോര്‍ട്ടുകള്‍ ഏല്‍പിക്കാനും കോടതി നിര്‍ദേശിച്ചു.

കേന്ദ്ര റെയിൽ‌വേ മന്ത്രിയായിരുന്ന സമയത്ത് ജോലിക്ക് പകരമായി ഭൂമി വാങ്ങിയെന്ന് ആരോപിച്ചാണ് സിബിഐ കേസെടുത്തത്. 12 പേർക്ക് റെയിൽവേയിൽ ജോലി നൽകുകയും പകരം ഇവരുടെ ഭൂമി നിസാര വിലയ്ക്ക് എഴുതി വാങ്ങി എന്നുമാണ് ആരോപണം.ഒക്ടോബർ 25നാണ് കേസിൽ അടുത്ത വാദം കേൾക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *