Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ അമീബിക് മസ്തിഷ്ക ജ്വരം റിപ്പോർട്ട് ചെയ്ത ഉടൻ തന്നെ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ബിന്ദു മോഹൻ അറിയിച്ചു.

ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിൽ ദ്രുത കർമ്മ സേന യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും രോഗം റിപ്പോർട്ട് ചെയ്ത പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പ്രത്യേക അവലോകനയോഗങ്ങൾ ചേരുകയും തുടർ പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ചെയ്തു വരുന്നു.

പൊതുജനങ്ങളിൽ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി കൃത്യമായ ഇടവേളകളിൽ അറിയിപ്പുകൾ നൽകുകയും സമൂഹ മാദ്ധ്യമങ്ങളിലൂടെ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു വരുന്നു. രോഗ പകർച്ചാ സാദ്ധ്യതയുള്ള കുളങ്ങളുടെ ചുറ്റും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും ഇതു സംബനിധിച്ച് വ്യാപകമായ പ്രചാരണം നൽകുകയും ചെയ്തിട്ടുണ്ട്.

ആരോഗ്യപ്രവർത്തകർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ബോധവത്ക്കരണം തുടർന്നു വരുന്നു. പൊതു നീന്തൽകുളങ്ങളിൽ പാലിക്കേണ്ട മാനദണ്ഡങ്ങളെ സംബന്ധിച്ചും വിപുലമായ നിർദേശങ്ങൾ ഇതിനോടകം നൽകിയിട്ടുണ്ട്. ഇതു സംബന്ധിച്ച് ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ പൊതുജനങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അഭ്യർത്ഥിച്ചു.

ജില്ലയിൽ ഇതുവരെ അമീബിക് മസ്തിഷ്ക്ക ജ്വരവുമായി ബന്ധപ്പെട്ട 16 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റിപ്പോർട്ടു ചെയ്തതിൽ ആദ്യ രോഗി മരണമടഞ്ഞു. തുടർന്ന് അടിയന്തരമായി പ്രാഥമിക സമ്പർക്കപ്പട്ടിക തയ്യാറാക്കി തുടർ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിൽ 10 പേർക്ക് രോഗം ഭേദമായി. നിലവിൽ അഞ്ചു പേർ ഇപ്പോൾ ചികിത്സയിലുണ്ട്. പ്രാരംഭാവസ്ഥയിൽ തന്നെ രോഗം കണ്ടെത്താൻ സാധിച്ചതിനാൽ ശരിയായ ചികിത്സ നൽകാനും ജില്ലയിൽ തുടർമരണങ്ങൾ ഒഴിവാക്കാനും സാധിച്ചത് വലിയ നേട്ടമായി. അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിക്കാനുള്ള പി സി ആർ ടെസ്റ്റ് പബ്ലിക് ഹെൽത്ത് ലാബിൽ ആരംഭിക്കാൻ വേണ്ട നടപടികൾ ഇതിനോടകം സ്വീകരിച്ചിട്ടുമുണ്ട്.

സ്റ്റേറ്റ് പ്രോട്ടോകോൾ അനുസരിച്ച് മസ്തിഷ്‌ക ജ്വരം സംശയിക്കുന്നവരില്‍ അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്) നിര്‍ണ്ണയിയ്‌ക്കാനുള്ള പരിശോധന കൂടി ഇതിനോടൊപ്പം നടത്തി വരുന്നു.

നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ, വെർമീബ എന്നീ അമീബ വിഭാഗത്തിൽപ്പെട്ട രോഗാണുക്കൾ തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്ക ജ്വരം അഥവാ അമീബിക് എന്‍സെഫലൈറ്റിസ് ഉണ്ടാകുന്നത്. സാധാരണയായി കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങി കുളിക്കുന്നവരിലും നീന്തുന്നവരിലുമാണ് രോഗബാധ ഉണ്ടാകുന്നത്. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നത്

അക്കാന്ത അമീബ വെള്ളം, മണ്ണ്, പൊടിപടലങ്ങൾ തുടങ്ങി എല്ലായിടത്തും കാണപ്പെടുന്നു. മുറിവുകളിലൂടെയും ശ്വാസകോശത്തിലൂടെയും അക്കാന്ത അമീബയ്ക്ക് ശരീരത്തിൽ കടന്ന് രോഗം ഉണ്ടാക്കാ൯ സാധിക്കും. അതിനാൽ ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻതന്നെ ചികിത്സ തേടേണ്ടതാണ്.

97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത് രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. രോഗാണുബാധ ഉണ്ടായാൽ ദിവസങ്ങൾ മുതല്‍ മാസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നത്.

 

  • ലക്ഷണങ്ങൾ, പ്രാഥമിക ലക്ഷണങ്ങള്‍
  • തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദ്ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട്, വെളിച്ചത്തിലേക്ക് നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവ.
  • കുഞ്ഞുങ്ങളിൽ പൊതുവായി കാണപ്പെടുന്ന ലക്ഷണങ്ങൾ
  • ഭക്ഷണം കഴിക്കാനുള്ള വിമുഖത, നിഷ്ക്രിയരായി കാണപ്പെടുക, സാധാരണമല്ലാത്ത പ്രതികരണങ്ങൾ എന്നിവ.
  • രോഗം ഗുരുതരാവസ്ഥയിലായാൽ ഓർമക്കുറവ്, അപസ്മാരം, ബോധക്ഷയം എന്നിയുമുണ്ടാകും.
    രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുകയോ നീന്തുകയോ ചെയ്തവർ ആ വിവരം ഡോക്ടറെ നിർബന്ധമായും അറിയിക്കണം.
  • രോഗം പ്രതിരോധിക്കാം
  • കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും ഡൈവ് ചെയ്യുന്നതും ഒഴിവാക്കുക, നീന്തുന്നവരും നീന്തൽ പഠിക്കുന്നവരും മൂക്കിൽ വെള്ളം കടക്കാതിരിക്കാൻ നോസ് ക്ലിപ്പ് ഉപയോഗിക്കുക, വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിംഗ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കുക, ജലസ്രോതസ്സുകളിൽ കുളിക്കുമ്പോൾ മൂക്കിലേക്ക് വെള്ളം കയറാതിരിക്കാൻ ശ്രദ്ധിക്കുക,
    മലിനമായതും കെട്ടിക്കിടക്കുന്നതുമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും, ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും പൂർണ്ണമായും ഒഴിവാക്കുക.
    പൊടിപടലങ്ങൾ നിറഞ്ഞ സ്ഥലങ്ങളിൽ ഇടപഴകുന്നവർ നിർബന്ധമായും മാസ്ക് ഉപയോഗിക്കുക,
    കൈകൾ ഇടയ്ക്കിടയ്ക്ക് അണുവിമുക്തമാക്കുക.
  • നീന്തൽ കുളങ്ങളിൽ പാലിക്കേണ്ട ശുചിത്വ നിർദ്ദേശങ്ങൾ
  • ആഴ്ചയിൽ ഒരിക്കൽ വെള്ളം പൂർണ്ണമായും ഒഴുക്കി കളയുക, സ്വിമ്മിംഗ് പൂളിന്റെ വശങ്ങളും തറയും ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക, പ്രതലങ്ങൾ നന്നായി ഉണങ്ങാൻ അനുവദിക്കുക, നീന്തൽ കുളങ്ങളിലെ ഫിൽറ്ററുകൾ വൃത്തിയാക്കി ഉപയോഗിക്കുക, പുതിയതായി നിറയ്ക്കുന്ന വെള്ളം ക്ലോറിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഉപയോഗിക്കുക,
    വെള്ളത്തിന്റെ അളവിനനുസരിച്ച് (അഞ്ചു ഗ്രാം ബ്ലീച്ചിംഗ് പൗഡർ 1,000 ലിറ്റർ വെള്ളത്തിന് എന്ന അനുപാതത്തിൽ) ക്ലോറിനേറ്റ് ചെയ്യുക, ക്ലോറിൻ ലെവൽ 0.5 പി പി എം മുതൽ 3 പി പി എം ആയി നിലനിർത്തുക.

Leave a Reply

Your email address will not be published. Required fields are marked *