Your Image Description Your Image Description

കണ്ണൂർ : മെച്ചപ്പെട്ട വിളവും ഉയർന്ന വിലയും ലഭിക്കുന്ന രീതിയിൽ കൃഷിയെ മാറ്റിയെടുക്കുന്നതിന് കർഷകർക്ക് സാങ്കേതിക പരിശീലനം നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു.

തളിപ്പറമ്പ് ആർ.എ.റ്റി.റ്റി.സി യുടെ സ്മാർട്ട് ക്ലാസ്സ് റൂം ഉൾപ്പെടുന്ന കെട്ടിടത്തിന്റെയും കരിമ്പം ജില്ലാ ഫാമിന്റെ നബാർഡ് ആർ.ഐ.ഡി.എഫ് പദ്ധതി പ്രവൃത്തിയുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

കർഷകർക്ക് ആവശ്യമായ നടീൽ വസ്തുക്കൾ നൽകേണ്ടത് ഫാമിന്റെ ഉത്തരവാദിത്വമാണെന്നും ഫാമിലെ പരമാവധി സ്ഥലങ്ങൾ ഉപയോഗപ്പെടുത്തണമെന്നും മന്ത്രി പറഞ്ഞു. സസ്യങ്ങളെ ചികിത്സിക്കാനുള്ള ക്ലിനിക്കുകളായി ലബോറട്ടറികൾ പ്രവർത്തിക്കും. പച്ചക്കറി ഉൽപാദനത്തിൽ സംസ്ഥാനം സ്വയംപര്യാപ്തയിലേക്ക് എത്തേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

സോയിൽ ഫെർട്ടിലിറ്റി സ്റ്റാറ്റസിൻ്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ജില്ലാ മണ്ണ് പരിശോധന കേന്ദ്രത്തിന്റെ സോയിൽ ഫെർട്ടിലിറ്റി മാപ്പ് മന്ത്രി പ്രകാശനം ചെയ്തു. പരിപാടിയിൽ മുതിർന്ന കർഷകർ ഉൾപ്പെടെയുള്ളവരെ ആദരിച്ചു.

എം.വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ അധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ എം.എൻ പ്രദീപൻ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ യു.പി ശോഭ, അഡ്വ. കെ.കെ രത്നകുമാരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം കൃഷ്ണൻ, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം സീന, കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ലക്ഷ്മണൻ, കേരള കർഷക കടാശ്വാസ കമ്മീഷൻ അംഗം കെ.സി വിജയൻ, ആർ.എ.റ്റി.റ്റി.സി കൃഷി ഡെപ്യൂട്ടി ഡയറക്ടർ പി.കെ ബേബി റീന, കൃഷിവകുപ്പ് ജീവനക്കാർ, കർഷകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *