Your Image Description Your Image Description

വളരെ വേഗത്തിലാണ് ദുബൈയുടെ വളർച്ചയും വികസനങ്ങളും. ലോകത്തിന്റെ എല്ലാ കോണിലുമുള്ള ആളുകൾ ദുബായിലുണ്ട്. അവർക്ക് ഒരുപക്ഷെ സ്വന്തം നാടിനേക്കാൾ അല്ലങ്കിൽസ്വന്തം നാടുപോലെ തന്നെ സുരക്ഷയും സൗകര്യങ്ങളും ഒരുക്കുന്നതിൽ ഇവിടുത്തെ ഭരണകൂടം പ്രത്യേകംശ്രദ്ധ നൽകാറുണ്ട്. എമിറേറ്റിലെ ജീവിത നിലവാരം ഉയർത്താന്‍ ഭരണകൂടമെടുക്കുന്ന ശ്രദ്ധയും സൂക്ഷ്മതയുമായുമാണ് ഈ വികസന കുതിപ്പിന്റെ അടിത്തറ. ഡിജിറ്റല്‍ പണ ഇടപാടുകള്‍, വിദ്യാർഥി കേന്ദ്രീകൃത വിദ്യാഭ്യാസ പദ്ധതി, റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി ഉള്‍പ്പടെ അഞ്ചിന പദ്ധതികള്‍ക്കാണ് ദുബായുടെ വികസന കുതിപ്പിന് ആക്കം പകരാന്‍ ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അംഗീകാരം നല്‍കിയത്. ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കിയ ഈ അഞ്ച് പദ്ധതികളും ദുബായുടെ കുതിപ്പിന് കരുത്താകും.

*ലോകത്തെല്ലായിടത്തും പണമിടപാടുകള്‍ ഡിജിറ്റലായി മാറുകയാണ്. ലോകമെമ്പാടുമുളള നഗരങ്ങളില്‍ പൂർണമായും ഡിജിറ്റല്‍ പണ ഇടപാടുകള്‍ നടത്തുന്ന ആദ്യ അഞ്ചിലെത്തുകയെന്നുളളതാണ് ലക്ഷ്യം. 2033 ഓടെ ഈ പട്ടികയിലേക്ക് ദുബായുമെത്തും. ഗ്രോസറികള്‍ മുതല്‍ വലിയ ഷോപ്പിങ് സ്ഥാപനങ്ങളില്‍ വരെ പണമിടപാടുകള്‍ ഡിജിറ്റലാകും.

*സ്കൈപോഡുകള്‍ പോലുളളവ ഉപയോഗിച്ചുളള സസ്പെന്‍ഡഡ് ട്രാന്‍സ്പോർട്ട് സിസ്റ്റം പ്രൊജക്ട് ദുബായുടെ ഗതാഗതചരിത്രത്തില്‍ നി‍ർണായകമാകും. ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. 2030 ഓടെ ദുബായുടെ ഗതാഗത സൗകര്യങ്ങളില്‍ 25 ശതമാനം സ്വയം നിയന്ത്രിതമാകുമെന്നാണ് വിലയിരുത്തല്‍. ഉം സുഖീം, അല്‍ ഖോർ, സബീല്‍ മേഖലകളെ ബന്ധിപ്പിച്ച് 65 കിലോമീറ്റർ ദൂരത്തിലാണ് സസ്പെന്‍ഡഡ് ട്രാന്‍സ്പോർട്ട് സിസ്റ്റം പ്രൊജക്ട് വിഭാവനം ചെയ്തിരിക്കുന്നത്. മറ്റ് പൊതുഗതാഗത സംവിധാനങ്ങളെ ബന്ധിപ്പിച്ചായിരിക്കും ഈ ആകാശയാത്രകളുമൊരുങ്ങുന്നത്. എമിറേറ്റിലുളളവർക്ക് ഗതാഗതം കൂടുതല്‍ എളുപ്പമാക്കുകയെന്നുളളതാണ് സസ്പെന്‍ഡഡ് ട്രാന്‍സ്പോർട്ട് സിസ്റ്റം പ്രൊജക്ടും ലക്ഷ്യമിടുന്നത്.

*വിദ്യാഭ്യാസ പദ്ധതി 2033 കൊണ്ട് ലക്ഷ്യമിടുന്നത് ഉയർന്ന നിലവാരമുളള വിദ്യാഭ്യാസം എല്ലാവർക്കും ഉറപ്പാക്കണം. എന്നതാണ്. കുട്ടികള്‍ക്ക് ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കളുടെ സജീവമായ ഇടപെടലോടുകൂടി പ്രശസ്തരായ അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നല്കുക. അതുവഴി അവരുടെ ജീവിതവും കരിയറും ഉന്നത നിലവാരത്തിലെത്തിക്കുക. സ്വദേശി കുട്ടികളെ ലക്ഷ്യമിട്ടാണ് പദ്ധതിയെങ്കിലും പ്രവാസി കുട്ടികള്‍ക്കും ഇതിന്‍റെ ഗുണഫലം ലഭിക്കും. 290 ലധികം സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന 50 ലധികം സെഷനുകളിലായി അധ്യാപകർ, സ്കൂള്‍ പ്രിന്‍സിപ്പലുമാർ, രക്ഷിതാക്കള്‍, സർവ്വകലാശാലയിലെ വിദഗ്ധർ തുടങ്ങിയ വിവിധ മേഖലയിലുളളവരുമായി നടത്തിയ കൂടിയാലോചനകള്‍ക്ക് ശേഷമാണ് ഇത്തരമൊരു പദ്ധതിക്ക് രൂപം കൊടുത്തത്.

*നിർമിത ബുദ്ധി ഉപയോഗപ്പെടുത്തി വിപണി സാധ്യതകള്‍ വിലയിരുത്തുന്ന നിരവധി പദ്ധതികളും അടങ്ങിയ റിയല്‍ എസ്റ്റേറ്റ് സ്ട്രാറ്റജി വരുന്നതോടുകൂടി 2033 ഓടെ ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകളുടെ മൂല്യം 1 ട്രില്ല്യൻ ദിർഹമായി ഉയർത്തും. സാമ്പത്തിക വൈവിധ്യ വല്‍ക്കരണത്തിനുളള മേഖലയുടെ സംഭാവന ഇരട്ടിയാക്കുകയെന്നതാണ് ലക്ഷ്യം. ദുബായ് റിയല്‍ എസ്റ്റേറ്റ് പോർട്ട്ഫോളിയോ മൂല്യം 20 മടങ്ങ് വർധിപ്പിച്ച് 20 ബില്ല്യനില്‍ എത്തിക്കുകയെന്നുളളതാണ് റിയൽ എസ്റ്റേറ്റ് സ്ട്രാറ്റജി 2033 മുന്നോട്ടുവയ്ക്കുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 70 ശതമാനം വർധിപ്പിച്ച് എമിറേറ്റിന്റെ ജിഡിപിയിലേക്ക് 73 ബില്ല്യൻ ദിർഹം സംഭാവനയെന്നതും സ്ട്രാറ്റജി മുന്നില്‍ കാണുന്നു. മുഹമ്മദ് ബിന്‍ റാഷിദ് ലൈബ്രറിയാണ് ദുബായ് നാഷനല്‍ ആർക്കൈവ്സിന് മേല്‍നോട്ടം വഹിക്കുന്നത്.

*ദുബായ് നാഷനല്‍ ആർക്കൈവ്സിന്റെ ലക്ഷ്യം സർക്കാർ രേഖകളും സാംസ്കാരിക പൈതൃകവും സംരക്ഷിക്കുന്നതിലൂടെ ദുബായുടെ ചരിത്രം ഭാവി തലമുറകളിലേക്ക് എത്തിക്കുകയും അവർക്ക് പ്രചോദനമാകുകയും ചെയ്യുകയെന്നുളളതാണ്.

Leave a Reply

Your email address will not be published. Required fields are marked *