Your Image Description Your Image Description

തിരുപ്പതി: തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദം വീണ്ടും വിവാ​ദത്തിൽ. തിരുപ്പതി ക്ഷേത്രത്തിൽ നിന്നും ലഭിച്ച പ്രസാ​ദത്തിൽ പ്രാണിയെ കണ്ടെത്തിയെന്നാണ് പുതിയ ആരോപണം. ചന്തു എന്ന ഭക്തനാണ് തനിക്ക് ക്ഷേത്രത്തിൽ നിന്നും ഉച്ചഭക്ഷണമായി കഴിച്ച തൈര് ചോറിൽ പ്രാണിയുണ്ടായിരുന്നു എന്ന ആരോപണവുമായി രം​ഗത്തെത്തിയത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും സമൂ​ഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ഷേത്രത്തിലെ ലഡു തയ്യാറാക്കാനായി ഉപയോ​ഗിക്കുന്ന നെയ്യിൽ മൃ​ഗക്കൊഴുപ്പ് ചേർത്തെന്ന വിവാ​ദം കെട്ടടങ്ങും മുമ്പാണ് പുതിയ വിവാ​​​ദം ഉയർന്നിരിക്കുന്നത്. അതേസമയം, ആരോപണം അടിസ്ഥാനരഹിതമെന്ന് പറഞ്ഞ് തള്ളുകയാണ് ദേവസ്വം അധികൃതർ.

ക്ഷേത്രത്തിൽ നിന്നും ഉച്ചഭക്ഷണമായി കഴിച്ച തൈര് ചോറിൽ നിന്നാണ് പ്രാണിയെ ലഭിച്ചതെന്ന് ചന്തു ആരോപിക്കുന്നു. ഇതിന് പിന്നാലെ ഉദ്യോ​ഗസ്ഥരിൽ ഒരാളോട് ഇത് സംബന്ധിച്ച് പരാതി പറഞ്ഞപ്പോൾ ചിലപ്പോൾ അങ്ങനെയൊക്കെ സംഭവിക്കുമെന്നാണ് മറുപടി ലഭിച്ചതെന്നും അത് തന്നെ ഞെട്ടിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വീഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതോടെ അധികൃതർ തന്നെ സമീപിച്ചെന്നും ചന്തു പറഞ്ഞു. വിളമ്പാൻ ഉപയോഗിച്ച ഇലയിൽ നിന്നാണ് പ്രാണി വന്നതെന്ന വിശദീകരണമാണ് അവർ നൽകിയത്. അശ്രദ്ധ അം​ഗീകരിക്കാനാവില്ലെന്നും കുട്ടികളോ മറ്റോ ആണ് ഈ ഭക്ഷണം കഴിക്കുന്നതെങ്കിൽ ഭക്ഷ്യവിഷബാധ പോലും ഉണ്ടാകുമായിരുന്നുവെന്നും ആര് ഉത്തരവാദിത്തം പറയുമെന്നും ചന്തു ചോദിക്കുന്നു. ടിടിഡി അധികൃതരുടെ അനാസ്ഥയാണിതെന്നും അം​ഗീകരിക്കാനാവില്ല. ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഭക്തർ അഭിപ്രായപ്പെട്ടു.

സംഭവം പുറംലോകത്തെ അറിയിച്ചതിന് പിന്നാലെ ക്ഷേത്ര ജീവനക്കാർ ഭീഷണിപ്പെടുത്തിയതായും ചന്തു പറയുന്നു. എന്നാൽ ടിടിഡിയെ അപകീർത്തിപ്പെടുത്താനും ഭക്തരുടെ വികാരത്തെ വ്രണപ്പെടുത്താനുമുള്ള ശ്രമമാണ് നടക്കുന്നതെന്നാണ് ടിടിഡി നൽകുന്ന വിശദീകരണം. നേരത്തെ പ്രസാദത്തിൽ നിന്ന് പുകയില കഷ്ണങ്ങൾ കിട്ടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ഭക്തർ പങ്കുവച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *