Your Image Description Your Image Description

ഹരിപ്പാട്: മണ്ണാറശാല നാഗരാജ ക്ഷേത്രത്തിൽ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ മുഖ്യകാർമികത്വത്തിലുള്ള ആയില്യം എഴുന്നള്ളത്തും പൂജയും ഇന്നു നടക്കും. 2018നു ശേഷം ആദ്യമായാണ് വലിയമ്മയുടെ കാർമികത്വത്തിലുള്ള ആയില്യം പൂജയും എഴുന്നള്ളത്തും നടക്കുന്നത്.

മൂന്നു പതിറ്റാണ്ടായി ക്ഷേത്രത്തിലെ മുഖ്യപൂജാരിണിയായിരുന്ന മണ്ണാറശാല ഉമാദേവി അന്തർജനം 2023 ഓഗസ്റ്റ് 9ന് സമാധിയായതിനെ തുടർന്നു സാവിത്രി അന്തർജനം മണ്ണാറശാല വലിയമ്മയായി അഭിഷിക്തയായി. തുടർന്നു ഒരു വർഷത്തെ സംവത്സര ദീക്ഷ പൂർത്തിയാക്കിയ ശേഷമാണു സാവിത്രി അന്തർജനം പൂജകൾ ആരംഭിച്ചത്. അതിനു ശേഷമുള്ള ആദ്യത്തെ കന്നി മാസത്തിലെ ആയില്യമാണ് ഇന്ന്. ഉമാദേവി അന്തർജനത്തിന്റെ അനാരോഗ്യം കാരണം മുൻവർഷങ്ങളിൽ ആയില്യം പൂജയും എഴുന്നള്ളത്തും നടന്നിരുന്നില്ല.

ഇന്ന് ഉച്ചപ്പൂജ കഴിഞ്ഞ് ഇല്ലത്തെ നിലവറയ്ക്കു മുന്നിൽ വലിയമ്മയുടെ നേതൃത്വത്തിൽ നാഗക്കളമിടും. അതിനുശേഷം അമ്മ ശ്രീകോവിലിൽ പ്രവേശിച്ച് പൂജ നടത്തും. തുടർന്നു കാരണവർ കുത്തുവിളക്കിലേക്കു ദീപം പകരും. തുടർന്ന് എഴുന്നള്ളത്ത് നടക്കും. എഴുന്നള്ളത്ത് ഇല്ലത്ത് എത്തിച്ചേരുമ്പോൾ വലിയമ്മ ആയില്യം പൂജ ആരംഭിക്കും. നിലവറയിലെ നാഗദൈവത്തിനുള്ള പൂജ കഴിഞ്ഞ ശേഷം കുടുംബ കാരണവർ തട്ടിൻമേൽ നൂറും പാലും പൂജ കഴിക്കും.

Leave a Reply

Your email address will not be published. Required fields are marked *