Your Image Description Your Image Description
തിരുവനന്തപുരം: 10,000 നിര്‍മ്മാണത്തൊഴിലാളികളെയും 5000 കെയര്‍ഗിവര്‍മാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ഇസ്രയേല്‍ ഇന്ത്യയെ സമീപിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിനും ആരോഗ്യ മേഖലയ്ക്കുമായാണ് റിക്രൂട്ട്മെന്‍റ്. ഈ വര്‍ഷം ആദ്യം ഇസ്രയേല്‍ നടത്തിയ റിക്രൂട്ട്മെന്‍റിന്‍റെ തുടര്‍ച്ചയാണിത്.
ജനസംഖ്യ, ഇമിഗ്രേഷന്‍, ബോര്‍ഡര്‍ ആതോറിറ്റി (പിഐബിഎ) എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് ആളുകളെ ആവശ്യമായിട്ടുള്ളത്. ഫ്രെയിംവര്‍ക്ക്, അയണ്‍ ബെന്‍ഡിങ്, പ്ലാസ്റ്ററിങ്, സെറാമിക് ടൈല്‍ വര്‍ക്കുകള്‍ എന്നീ വിഭാഗങ്ങളിലേക്കാണ് ആളുകളെ ആവശ്യമുള്ളത്. പിഐബിഎയുടെ ഒരു സംഘം വരുന്ന ആഴ്ച ഇന്ത്യ സന്ദര്‍ശിച്ച് വൈദഗ്ധ്യ പരിശോധന നടത്തി തൊഴിലാളികളെ തെരഞ്ഞെടുക്കും. റിക്രൂട്ട്മെന്‍റിന്‍റെ രണ്ടാം റൗണ്ട് മഹാരാഷ്ട്രയിലാണ് നടക്കുക.
കൂടാതെ ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്കായി 5000 കെയര്‍ഗിവര്‍മാരെയും ഇസ്രയേലിന് ആവശ്യമുണ്ട്. 10ാം ക്ലാസ് എങ്കിലും പാസായി അംഗീകൃത ഇന്ത്യന്‍ സ്ഥാപനത്തില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുള്ളവരും കെയര്‍ഗിവിങ് കോഴ്സ് പൂര്‍ത്തിയാക്കി 990 മണിക്കൂര്‍ തൊഴില്‍ പരിചയം ഉള്ളവര്‍ക്കും അപേക്ഷിക്കാം.
ഇസ്രായേലിലേക്ക് നിര്‍മാണ തൊഴിലാളികള്‍ക്കായുള്ള ആദ്യ റൗണ്ട് റിക്രൂട്ട്മെന്‍റില്‍ 16832 ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചതില്‍ നിന്നും വൈദഗ്ധ്യ പരിശോധനയ്ക്ക് ശേഷം 10349 പേരെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് സൗജന്യ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, ഭക്ഷണം, താമസ സൗകര്യവും 1.92 ലക്ഷം രൂപ പ്രതിമാസ ശമ്പളവുമുണ്ട്. മാസം 16,515 രൂപ ബോണസും ഇവര്‍ക്ക് നല്‍കുന്നുണ്ട്.
ദേശീയ നൈപുണ്യ വികസന കോര്‍പറേഷന്‍ (എന്‍എസ്ഡിസി) 2023ല്‍ ഒപ്പുവച്ച സര്‍ക്കാരുകള്‍ തമ്മിലുള്ള റിക്രൂട്ട്മെന്‍റ് കരാര്‍ പ്രകാരം എല്ലാ സംസ്ഥാനങ്ങളുമായും സമീപിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശ്, ഹരിയാന, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നായിരുന്നു ആദ്യ റൗണ്ട് റിക്രൂട്ട്മെന്‍റ്.
ഇന്ത്യക്കാര്‍ക്കായുള്ള താല്‍ക്കാലിക തൊഴിലിനായാണ് ഇന്ത്യയും ഇസ്രയേലും തമ്മില്‍ 2023 മെയില്‍ കരാറുണ്ടാക്കിയത്.  തൊഴില്‍ ലഭിക്കുന്നവര്‍ പുറപ്പെടുന്നതിനു മുമ്പ് ഓറിയന്‍റേഷന്‍ ട്രെയിനിങ്ങില്‍ പങ്കെടുക്കണം. ഇസ്രയേലി സംസ്കാരവും ജീവിത ശൈലിയും പരിചയപ്പെടുത്തുന്നതിനായാണ് ഇത്.
ഇന്ത്യയെ ലോകത്തിന്‍റെ നൈപുണ്യ തലസ്ഥാനമാക്കാനുള്ള സര്‍ക്കാരിന്‍റെ കാഴ്ചപാടിന്‍റെ ഭാഗമാണ് ഈ രാജ്യാന്തര കൈമാറ്റ കരാര്‍. എന്‍എസ്ഡിസി ഇതനുസരിച്ച് വിദഗ്ധരായവരുടെ ഒരു കൂട്ടം സൃഷ്ടിക്കുന്നു. വിവിധ സ്ഥാപനങ്ങളിലൂടെ ഇവര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കുന്നു. മേഖലയ്ക്ക് ഉപദേശങ്ങള്‍ നല്‍കുകയും അന്താരാഷ്ട്ര പങ്കാളികളുമായി അറിവ് കൈമാറ്റവും ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *