Your Image Description Your Image Description

ഏകാദശി വ്രതം ശനിയാഴ്ച (14/09/2024) ആണ്.  വിഷ്ണുപ്രീതിയിലൂടെ കുടുംബത്തിന്റെ ഐശ്വര്യത്തിനായി സ്ത്രീകൾക്കും പുരുഷന്മാർക്കും അനുഷ്ഠിക്കാവുന്ന വ്രതമാണ് ഏകാദശി വ്രതം.

ദശമി, ഏകാദശി, ദ്വാദശി എന്നീ തിഥികൾ വരുന്ന മൂന്നു ദിവസങ്ങളിലായി നീണ്ടു കിടക്കുന്നതാണ് ഏകാദശിവ്രതം. ഇഹലോകത്തു സുഖവും പരലോകത്തു വിഷ്ണുസായൂജ്യമായ മോക്ഷവുമാണ് ഏകാദശിവ്രതത്തിന്റെ ഫലം.

ഏകാദശിയുടെ തലേന്ന് (അതായത് ഇന്ന്) ദശമി ദിവസം ഒരിക്കലൂണേ പാടുളളു.
ദശമി നാളിൽ അരിയാഹാരം ഒരിക്കൽ മാത്രമെന്നാണ് വിധി. അതിനു പകരം ചിലർ അരിക്കുപകരം ഗോതമ്പ് കഞ്ഞിയും, പായസം, പഴം, പുഴുക്ക് അങ്ങിനെ അന്നേദിവസം മൃഷ്ടാന്നഭോജനം നടത്താറുണ്ട്. ഇത് പാടില്ല.

മലയാളികളുടെ പ്രധാനഭക്ഷണം അരിയായതിനാലാണ് ഒരുനേരം അരിയാഹാരം എന്ന നിഷ്കർഷത തന്നെ വെച്ചിരിക്കുന്നത്. അതായത് ഒരുനേരം മാത്രം ഭക്ഷണം എന്നാണ് വിധി. അന്നേദിവസം രാത്രിയിൽ വെറുംനിലത്ത് കിടന്ന് ഉറങ്ങാൻ കഴിയുന്നവർ അങ്ങനെ ചെയ്താൽ നന്ന്. എണ്ണതേച്ചുള്ള കുളി പാടില്ല. ബ്രഹ്മചര്യം അനുഷ്ഠിക്കണം. ലഹരി, താംബൂലാദികൾ എന്നിവ പാടില്ല. മൗനവൃതം പാലിക്കുന്നത് നല്ലതാണ്.

പാർശ്വ ഏകാദശി

ഭാദ്രപദ മാസത്തിലെ ശുക്ല പക്ഷ ഏകാദശിയാണ് പാർശ്വ ഏകാദശി. ഈ ഏകാദശി പല പേരുകളിൽ അറിയപ്പെടുന്നു. പത്മനാഭ ഏകാദശി, വാമന ഏകാദശി, ജയന്തി ഏകാദശി, ജല്ജ്ഹിനി ഏകാദശി, പരിവർത്തിനി ഏകാദശി.
ഭഗവാൻ ശയിക്കുന്ന കാലമാണ് ഇത് എന്ന് ശയനി ഏകാദശിയുടെ വിവരണത്തിൽ പറഞ്ഞിരുന്നു.

ഭഗവാൻ ഇടതു വശത്തു നിന്ന് വലതു വശം ചരിഞ്ഞുകിടക്കുന്നത് ഈ ഏകാദശിയിലായതിനാൽ ഇതിന് “പാർശ്വ പരിവർത്തിനി ഏകാദശി” എന്ന പേരു വന്നു എന്നു പറയപ്പെടുന്നു.

വരൾച്ച, പകർച്ചവ്യാധി, എന്നീ പ്രകൃതി ദുരന്തങ്ങളിൽ ശമനം ലഭിക്കാൻ ഈ വ്രതാനുഷ്ഠാനം വളരെ നല്ലതാണ്. വ്യക്തികൾക്കു പുറമേ സമൂഹ നന്മയ്ക്കും ഇതുപകരിക്കുന്നു എന്ന് സാരം. ഈ വ്രതം അനുഷ്ഠിക്കുന്നവർ ലോകമെമ്പാടും കോടിക്കണക്കിന് ജനങ്ങൾ പലവിധ കഷ്ടത അനുഭവിക്കുന്ന ഈ കാലത്ത് അതിന്റെ ശമനത്തിനായി പ്രത്യേകം പ്രാർത്ഥിക്കുക

ഏകാദശി ഒരിക്കൽ
13/09/2024 വെള്ളിയാഴ്ച

ഏകാദശി വ്രതം
14/09/2024 ശനിയാഴ്ച

ഹരിവാസര സമയം
14/09/2024 03.08 p.m. മുതൽ 15/09/2024 02.00 a.m. വരെ.

പാരണ സമയം (വ്രതം വീടുന്ന സമയം)

15/09/2024 ഞായറാഴ്ച
06.25 a.m. മുതൽ 08.52 a.m. വരെ

ഏകാദശി നാൾ പൂർണ ഉപവാസം അനുഷ്ഠിക്കണം. പൂർണ ഉപവാസം കഴിയാത്തവർ ഒരു നേരം പഴങ്ങൾ ഉപയോഗിക്കാം. ഏകാദശിദിവസം മുഴുവൻ ഉണർന്നിരിക്കണം. ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയത്തെ ഹരിവാസരം എന്നാണു പറയുക. ഏകാദശീവ്രത കാലത്തിലെ പ്രധാന ഭാഗമാണു ഹരിവാസര സമയം. ഈ സമയത്ത് ഭക്ഷണവും ഉറക്കവും പാടില്ല. ഈ സമയത്ത് അഖണ്ഡനാമജപം ചെയ്യുന്നത് ഏറ്റവും ഗുണകരമാണെന്നു വിശ്വാസമുണ്ട്.

ഏകാദശി ദിനം പൂർണ്ണമായി ഉപവസിക്കുകയോ, അതിനു സാധിക്കാത്തവർ ഒരു നേരം പഴങ്ങളോ അരിയാഹാരമൊഴിച്ച് മറ്റ് ധാന്യാഹാരങ്ങളോ കഴിക്കുക. എണ്ണ തേച്ചു കുളിക്കരുത്, പകലുറക്കം പാടില്ല. പ്രഭാത സ്നാനത്തിനു ശേഷം ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വിഷ്ണു ക്ഷേത്ര ദർശനമോ അഥവാ വിഷ്ണുവിന്റെ അവതാര മൂർത്തികളുടെ ക്ഷേത്ര ദർശനമോ നടത്തി വിഷ്ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷ സൂക്തം തുടങ്ങിയവ കൊണ്ടുളള അര്‍ച്ചന നടത്തുകയും ചെയ്യുക. അന്നേ ദിവസം മുഴുവൻ അന്യചിന്തകൾക്കൊന്നും ഇടം നൽകാതെ തെളിഞ്ഞ മനസ്സോടെ ഭഗവാനെ പ്രകീർത്തിക്കുന്ന നാമങ്ങൾ ജപിക്കുക വിഷ്ണുസഹസ്രനാമം ചൊല്ല‌ുന്നത് ഉത്തമം. കഴുകി വൃത്തിയാക്കിയ വസ്ത്രം ധരിക്കുക. ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസം മലരും/ഉണക്കലരിയും തുളസിയിലയും, അല്പം ചന്ദനവും ഇട്ട തീർത്ഥം ഭഗവത് സ്മരണയോടെ സേവിച്ച് പാരണ വിടുക.

ദ്വാദശി ദിവസവും ഒരു നേരത്തെ ഭക്ഷണമാണ് അഭികാമ്യം. കഴിയാത്തവർക്ക് പതിവു ഭക്ഷണം കഴിക്കാവുന്നതാണ്.

 

Leave a Reply

Your email address will not be published. Required fields are marked *