Your Image Description Your Image Description

മലപ്പുറം: മാലിന്യനിര്‍മാര്‍ജനരംഗത്ത് ഒന്നിച്ച് നിന്ന് പ്രവര്‍ത്തിച്ച് ജില്ലയില്‍ മാതൃകാപരമായ മാറ്റമുണ്ടാക്കാന്‍ കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ. ഇക്കാര്യത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളും ഉദ്യോഗസ്ഥരും പൊതുജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും അവര്‍ പറഞ്ഞു.

ജില്ലാ പ്ലാനിങ് സെക്രട്ടേറിയറ്റ് ഹാളില്‍ ചേര്‍ന്ന മാലിന്യമുക്തം നവകേരളം ജനകീയ കാംപയിന്‍ ജില്ലാ നിര്‍വഹണ സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിന് ആരംഭിച്ച് 2025 മാര്‍ച്ച് 30ന് അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനത്തില്‍ അവസാനിക്കുന്ന തരത്തില്‍ പരിതകേരളം മിഷന്റെ നേതൃത്വത്തില്‍ മാലിന്യമുക്തം നവകേരളം കാംപയിന്‍ സംഘടിപ്പിക്കും.  മാര്‍ച്ച് 31ന് സമ്പൂര്‍ണ്ണ ശുചിത്വ കേരളം പ്രഖ്യാപനം നടത്തുന്നതിന്റെ ഭാഗമായാണ് ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തൊഴിലാളി സംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സര്‍വീസ്, യുവജന, വ്യാപാര, സന്നദ്ധ സംഘടനകള്‍, കുട്ടികളുടെ സംഘടനകള്‍, വിവിധ വകുപ്പുകള്‍, ഏജന്‍സികള്‍ എന്നിവയെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചു കൊണ്ട് ജനകീയ ക്യാമ്പയിന്‍ നടത്തുന്നത്.

മാലിന്യത്തിന്റെ അളവ് കുറയ്ക്കല്‍, ജൈവ-അജൈവമാലിന്യങ്ങളും  ദ്രവമാലിന്യങ്ങളും ഉറവിടത്തില്‍ സംസ്‌കരിക്കുക,  അജൈവ പാഴ്‌വസ്തുക്കള്‍ ഹരിത കര്‍മ്മ സേന വഴി കൈമാറ്റം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടപ്പാക്കുകയാണ് ലക്ഷ്യം. ഹരിത കേരളം മിഷനാണ് ഏകോപനത്തിന്റെ ചുമതല. സെപ്തംബര്‍ 30നകം മാലിന്യ സംസ്‌കരണ രീതിയിലെ പോരായ്മകള്‍ കണ്ടെത്തി പരിഹരിക്കും.

ടൂറിസം കേന്ദ്രങ്ങള്‍, ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി എല്ലാ മേഖലയിലെയും മാലിന്യ സംസ്‌കരണത്തിന് ഒരുക്കിയിട്ടുള്ള സംവിധാനങ്ങളുടെ പോരായ്മകള്‍ ഇതിന്റെ ഭാഗമായി വിലയിരുത്തും. ഇതിനായി വിദ്യാര്‍ഥികളുടെയും യുവജനങ്ങളുടെയും സേവനം പ്രയോജനപ്പെടുത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള പ്രധാന ടൗണുകളും ജങ്ഷനുകളും സൗന്ദര്യവത്കരിക്കും. പൊതുസ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങള്‍ ശുചീകരിച്ച് സൗന്ദര്യവല്‍ക്കരണം നടത്തും.

യോഗത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ അജയകുമാര്‍ കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, തിരൂര്‍ സബ് കളക്ടര്‍ ദിലീപ് കെ. കൈനിക്കര, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, അസി. ഡയറക്ടര്‍ ഷാജു, ഹരിതകേരളം, ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍, തദ്ദേശസ്വയംഭരണ സ്ഥാപന മേധാവികള്‍, സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *