Your Image Description Your Image Description

ചിങ്ങമാസത്തിലെ കറുത്തവാവ് കഴിഞ്ഞു വരുന്ന ചതുർഥി അഥവാ വെളുത്തപക്ഷ ചതുർഥിയാണ് ഗണപതിയുടെ ജന്മദിനം. അതാണ് വിനായകചതുർഥിയായി ആഘോഷിക്കപ്പെടുന്നത്. ഗണപതി ക്ഷേത്രങ്ങളിൽ പ്രാധാന്യത്തോടെയാണ് വിനായക ചതുർഥി ആഘോഷിക്കുന്നത്. അന്നേദിവസം പല ക്ഷേത്രങ്ങളിലും ഗജപൂജയും ആനയൂട്ടും നടക്കുന്നു.

ഒരിക്കൽ ചതുർഥി ദിനത്തിൽ ആനന്ദനൃത്തമാടിയ ഗണപതിയെ നോക്കി ചന്ദ്രൻ കളിയാക്കി ചിരിച്ചു. അതിൽ കോപാകുലനായ ഗണപതി ഈ ദിവസം ചന്ദ്രനെ ആരും ദർശിക്കാതെ പോകട്ടെയെന്നും അന്നേ ദിവസം ചന്ദ്രനെ കാണുന്നവരെല്ലാം ദുഃഖിക്കാൻ ഇടവരട്ടെയെന്നും ശപിച്ചു. ഇതറിയാതെ ഒരു ചതുർഥി നാൾ മഹാവിഷ്ണു ചന്ദ്രനെ കാണുകയും ഗണപതിയുടെ ശാപം അനുഭവിക്കേണ്ടി വരികയും ചെയ്തു. പരിഹാരം തേടിയെത്തിയ വിഷ്ണുവിനോട് ശിവൻ വിനായക ചതുർഥി ദിവസം ചതുർഥി വ്രതം നോൽക്കാൻ നിർദ്ദേശിച്ചു. അതനുസരിച്ച് വ്രതം എടുത്തതതിനാൽ മഹാവിഷ്ണുവിന്റെ സങ്കടങ്ങൾ മാറി എന്നാണ് ഐതിഹ്യം.

തൃതീയ അഥവാ മൂന്നാം പിറ

ചിങ്ങമാസത്തിലെ അമാവാസി അഥവാ കറുത്തവാവ് കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് തൃതീയ അഥവാ മൂന്നാം പിറ. ഈ ദിവസം രാത്രിയിൽ ചന്ദ്രനെ കണ്ടാൽ വലിയ നേട്ടങ്ങൾ ഉണ്ടാകുമെന്നാണ് വിശ്വാസം. എന്നാൽ ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ്. മഹാദേവൻ അനുഗ്രഹിച്ചാൽ മാത്രമേ ഈ ദിവസം ചന്ദ്രനെ കാണാൻ സാധിക്കൂ എന്നാണ് വിശ്വാസം. പരമേശ്വരൻ തലയിൽ ചൂടിയിരിക്കുന്നത് മൂന്നാം പിറയായ ചന്ദ്രനെയാണ്. തൃതീയ ദിവസം ചന്ദ്രനെ കാണാൻ സാധിച്ചാൽ അത് ഭഗവാന്റെ അനുഗ്രഹമായി കണക്കാക്കാം. ആ സമയത്ത് ഭഗവാനോട് അപേക്ഷിക്കുന്ന കാര്യങ്ങൾ പരമേശ്വരൻ അനുഗ്രഹിച്ച് തരുമെന്നും വിശ്വസിക്കുന്നു.

ഈ ദിവസം ചന്ദ്രനെ കണ്ടാൽ സാമ്പത്തിക നേട്ടവും ഐശ്വര്യവും മാത്രമല്ല, പൂർവജന്മ പാപങ്ങളിൽ നിന്നു മോചനവും ലഭിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി മൂന്നാംപിറ കാണുന്നത് മഹാഭാഗ്യമായാണ് കരുതുന്നത്. ഏറ്റവും കുറഞ്ഞത് അഞ്ചു പ്രാവശ്യമെങ്കിലും മൂന്നാംപിറ കാണാൻ സാധിച്ചാൽ എത്ര ദരിദ്രനായാലും അയാൾ കുബേരനായി മാറുമെന്നാണ് വിശ്വാസം.

ഇങ്ങനെ ചന്ദ്രനെ കാണുന്ന സമയത്ത്,

ഓം നമ:ശിവായ
ഓം ചന്ദ്രശേഖരായ നമഃ
ഓം ശശിധരായ നമഃ
ഓം ചന്ദ്ര കലാധരായ നമഃ

എന്നു പ്രാർഥിക്കുന്നത് ഉത്തമമാണ്. ചന്ദ്രൻ മനസ്സിന്റെ കാരകനാണ് മാതൃകാരകനുമാണ്. അതിനാൽ ഈ ദിവസം ചന്ദ്രനെ കണ്ടാൽ മനഃസന്തോഷം ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *