Your Image Description Your Image Description

കൊളംബോ: തങ്ങളുടെ തുറമുഖങ്ങളില്‍ ചൈനയുടെ കപ്പലുകള്‍ ഡോക്ക് ചെയ്യാനോ എക്സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ പ്രവര്‍ത്തിക്കാനോ അനുമതി നൽകില്ലെന്ന് ശ്രീലങ്ക.

ഇന്ത്യൻ മഹാസമുദ്രത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഡിസംബര്‍ വരെ ആഴത്തിലുള്ള ജല പര്യവേഷണം നടത്താൻ അനുവദിക്കണമെന്ന് ചൈന ശ്രീലങ്കയോട് അഭ്യര്‍ത്ഥിച്ചിരുന്നു. ചൈനയുടെ ശാസ്ത്ര-ഗവേഷണ കപ്പലായ സിയാങ് യാംഗ് ഹോംഗ് 3യുടെ പേരിലായിരുന്നു നീക്കം. ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ശ്രീലങ്കൻ മാരിടൈം ഏജൻസിയുമായി ചേര്‍ന്ന് ചൈനീസ് ഗവേഷണ കപ്പലായ ഷി യാൻ 6 സംയുക്ത സമുദ്ര സര്‍വേ നടത്തുന്നതിലും ഇന്ത്യ എതിര്‍പ്പ് അറിയിച്ചിരുന്നു.

സമുദ്രമേഖലയില്‍ ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ മാനിക്കണമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ആറ് മാസം മുൻപ് നടന്ന കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചുകൊണ്ടുള്ള നിലപാട് ശ്രീലങ്ക ഇന്ത്യയെ അറിയിച്ചത്.

മുൻ വര്‍ഷങ്ങളില്‍ ചൈനീസ് ഗവേഷണ കപ്പലുകള്‍, ബാലിസ്റ്റിക് മിസൈല്‍ ട്രാക്കറുകള്‍, ഹൈഡ്രോഗ്രാഫിക് കപ്പലുകള്‍ തുടങ്ങിയ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെത്തി സര്‍വേകള്‍ നടത്തിയിട്ടുണ്ട്. ഇന്ത്യയും അമേരിക്കയും ഇതില്‍ എതിര്‍പ്പുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യൻ മഹാസമുദ്ര മേഖലയില്‍ ഒരു ചൈനീസ് കപ്പലിനും അനുമതി നല്‍കേണ്ടതില്ലെന്നാണ് ശ്രീലങ്കൻ അധികാരികളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *