Your Image Description Your Image Description

ന്യൂഡല്‍ഹി : എം മുകേഷ് എംഎല്‍എയുടെ കാര്യത്തില്‍ സംസ്ഥാനത്ത് സിപിഐ എമ്മും എല്‍ഡിഎഫും ഉചിതമായ തീരുമാനം എടുക്കുമെന്ന് പാർട്ടി പൊളിറ്റ്ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു . മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു ഇദ്ദേഹം . ഇത്തരം വിഷയങ്ങള്‍ ഗൗരവമുള്ളതാണ്. മുകേഷിനും ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. സിപിഐ എമ്മും എല്‍ഡിഎഫും ആലോചിച്ച് തീരുമാനമെടുക്കും.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഈ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ശക്തമായ നടപടി എടുക്കുകയാണ്. എത്ര ഉന്നതരായാലും മുഖം നോക്കാതെ മാതൃകാപരമായി നീങ്ങും എന്ന് തെളിയിച്ചില്ലേ? അതിപ്രശസ്ത നടന്‍ ജയിലില്‍ കിടന്നത് അതിന് തെളിവാണ്. നാല് വനിത ഐപിഎസ് ഓഫീസര്‍മാരുടെകൂടി നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം പ്രവര്‍ത്തനം ആരംഭിച്ചു.

ഇതൊക്കെ രാജ്യത്തിനാകെ മാതൃകയാണ്. ഇതൊന്നും കണ്ടഭാവം നടിക്കാതെ ഒരാളിലേയ്ക്കുമാത്രം ചര്‍ച്ച കേന്ദ്രീകരിക്കുന്നത് നല്ലതല്ല. തെറ്റുചെയ്ത ആരും രക്ഷപ്പെടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട് . മുന്‍കാലനടപടികള്‍ തന്നെ അതിനു ഗ്യാരണ്ടി.

ലൈംഗിക അതിക്രമം സംബന്ധിച്ച എല്ലാ കേസും മാധ്യമങ്ങള്‍ ഒരേ പ്രാധാന്യത്തോടെ കൈകാര്യം ചെയ്യണം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉള്‍പ്പെട്ട കേസുകളുണ്ട്. നിലവില്‍ കേരളത്തില്‍നിന്നുള്ള ലോക്സഭാംഗങ്ങള്‍ ഉള്‍പ്പെട്ട കേസുകളും പരാതികളും ഉണ്ടായി. അതൊക്കെ നിസ്സാരമായി കണ്ട മാധ്യമങ്ങളുടെ സമീപനം തിരുത്തണമെന്നും എം എ ബേബി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *