Your Image Description Your Image Description

 

 

കൊച്ചി: സ്വാതന്ത്ര്യ ദിനമായ വ്യാഴാഴ്ച റേഡിയോ മിർച്ചിയുടെ സംപ്രേക്ഷണം ഏറ്റെടുത്ത് തൃശൂർ വിയ്യൂർ സെൻട്രൽ ജയിൽ ആൻഡ് കറക്ഷൻ ഹോമിലെ അന്തേവാസികൾ. ഹൃദയസ്പർശിയായ കഥകളുമായി ഇവർ റേഡിയോ ജോക്കികളായപ്പോൾ(ആർജെ) ശ്രോതാക്കൾക്ക് ലഭിച്ചത് പുത്തൻ അനുഭവം. തടവുകാർക്ക് അവരുടെ ചിന്തകളും അനുഭവങ്ങളും പങ്കുവയ്ക്കാൻ ഒരു വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള ജയിൽ & കറക്ഷണൽ സർവീസസ് വകുപ്പിൻ്റെ സഹകരണത്തോടെയാണ് ‘മതിലുകൾക്കപ്പുറം’ എന്ന പരിപാടി സംഘടിപ്പിച്ചത്.

തിരഞ്ഞെടുത്ത ജയിൽ അന്തേവാസികളാണ് ഷോകൾ പൂർണമായും അവതരിപ്പിച്ചത്. രാവിലെ 7 മുതൽ വൈകിട്ട് 7 വരെ നീണ്ടുനിന്ന മുഴുദിന പ്രോഗ്രാമിൽ ജയിൽ അധികാരികളോടും തടവുകാരോടുമായുള്ള വർത്തമാനങ്ങളും ഒപ്പം ശ്രോതാക്കൾക്കായി പ്രിയപ്പെട്ട പാട്ടുകളും കേൾപ്പിച്ചു. ജീവപര്യന്തം തടവ് അനുഭവിക്കുന്ന റിജോ ഷോയിൽ വേദനയോട് കൂടി പങ്കുവെച്ച കാര്യം “എനിക്ക് ജീവിതത്തിൽ നല്ല സുഹൃത്തുക്കൾ ഉണ്ടായിരുന്നെങ്കിൽ, ഞാനും മറ്റ് നിരവധി തടവുകാരും ഇവിടെ അകത്താകുമായിരുന്നില്ല.” എന്നായിരുന്നു.

ജീവിതത്തിലെ തെറ്റുകൾ തിരുത്താൻ കലയ്ക്ക് ശക്തിയുണ്ട് എന്നും സ്നേഹത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും ഒരു പുതിയ ലോകത്തേക്ക് നടക്കാൻ ഈ പരിപാടി നിരവധി അന്തേവാസികളെ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രിസൺസ് ആൻഡ് കറക്ഷണൽ സർവീസസ് ഡയറക്ടർ ജനറൽ ബൽറാം കുമാർ ഉപാധ്യായ ഇത്തരം പ്രോഗ്രാമുകൾ കൊണ്ടുവരുന്ന മാറ്റങ്ങളെ കുറിച്ച് പറഞ്ഞു. ജീവിതാനുഭവങ്ങളും ജയിൽവാസവും തടവുകാർക്ക് സ്വാതന്ത്ര്യത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണ നൽകുന്നു. അതിനാൽ, റേഡിയോ മിർച്ചിയുടെ ആശയം വളരെ മികച്ചതായി തോന്നി. സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അന്തേവാസികളുടെ വാക്കുകൾ തീർച്ചയായും നിങ്ങൾക്ക് ഒരു പുതിയ കാഴ്ചപ്പാട് നൽകിയെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഉപാധ്യായ കൂട്ടിച്ചേർത്തു.

സ്വാതന്ത്ര്യത്തിനായി കാത്തിരിക്കുന്ന അന്തേവാസികളുടെ ശബ്ദം മിർച്ചിയിലൂടെ സംപ്രേക്ഷണം ചെയ്യുന്നത് വളരെ ശ്രദ്ധേയവും പുതുമയുള്ളതുമാണ്. മിർച്ചി ടീമിൻ്റെ പരിശീലനം ഞങ്ങൾ നടത്തുന്ന ജയിൽ റേഡിയോയായ ഫ്രീഡം മെലഡിയുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായിച്ചുവെന്നും വിയ്യൂർ സിപി ആൻഡ് സിഎച്ച് സൂപ്രണ്ട് അനിൽ കുമാർ കെ പറഞ്ഞു. റേഡിയോ മിർച്ചിയിലെ ക്രൂ അംഗങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

ദൂരങ്ങൾ കുറക്കാനും പരസ്പരം മനസിലാക്കാനും സാധിക്കുന്ന ശക്തമായ മാധ്യമമാണ് റേഡിയോയെന്ന് കേരളത്തിലെ കണ്ടൻ്റ് ലീഡർ ലക്ഷ്മി സോമനാഥൻ പറഞ്ഞു. തടവുകാർക്ക് അവരുടെ കഥകൾ പങ്കിടാനും സ്വാതന്ത്ര്യത്തിൻ്റെ മൂല്യത്തെക്കുറിച്ച് എല്ലാവരേയും ഓർമ്മിപ്പിക്കാനും ഒരു വേദി നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് എന്നും ലക്ഷ്മി കൂട്ടിച്ചേർത്തു.

മനുഷ്യാത്മാവിൻ്റെ സ്ഥൈര്യതയുടെ നേർ സാക്ഷ്യമായിരുന്നു ഈ സംരംഭം എന്ന് തമിഴ്‌നാട്, കേരള ബിസിനസ് ഡയറക്ടർ അജിത് യു അഭിപ്രായപ്പെട്ടു. അന്തേവാസികൾക്ക് അവരുടെ കാഴ്ചപ്പാടുകൾ പങ്കിടാനുള്ള ഒരു പ്ലാറ്റ്‌ഫോം നൽകുന്നതിലൂടെ, അവർക്ക് സ്വയം പ്രകടിപ്പിക്കാനുള്ള അവസരം മാത്രമല്ല, സ്വാതന്ത്ര്യത്തിൻ്റെ അർത്ഥത്തെക്കുറിച്ച് ശ്രോതാക്കൾക്ക് ഒരു സവിശേഷ വീക്ഷണം നൽകാനും ഞങ്ങൾ ആഗ്രഹിക്കുന്നു.

ഇത് ജയിൽ സംവിധാനത്തിനുള്ളിലെ പരിഷ്കാരത്തിനുള്ള സാധ്യതകളെ ഉയർത്തിക്കാട്ടുക മാത്രമല്ല, ഓരോരുത്തരും അവരുടെ കഥകൾ പങ്കുവയ്ക്കാൻ ഒരു വേദി അർഹിക്കുന്നു എന്ന ആശയം ശക്തിപ്പെടുത്തുകയും ചെയ്തു. ഏറ്റവും സാധ്യതയില്ലാത്ത സ്ഥലങ്ങളിൽ കഴിയുന്നവരിൽ പോലും പ്രതീക്ഷയുടെയും ശക്തിയുടെയും ശബ്ദമായി മാറാൻ കഴിയുമെന്നതിന്റെ തെളിവായിരുന്നു ഈ പരിപാടി.

Leave a Reply

Your email address will not be published. Required fields are marked *