Your Image Description Your Image Description

 

ഡൽഹി: മൂന്നാം മോദിസർക്കാരിന്റെ സമ്പൂർണ ബജറ്റിൽ കാർഷിക മേഖലയെ ശക്തിപ്പെടുത്തുന്നതിനായി നിരവധി പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഇതിലൊന്നായ പ്രതികൂല കാലാവസ്ഥയെ അതിജീവിച്ച് വളരാൻ കഴിയുന്ന 109 ഇനം വിത്തുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി. ഡൽഹിയിലെ ഇന്ത്യൻ അഗ്രികൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് പ്രധാനമന്ത്രി കർഷകർക്ക് വിത്തുകൾ പരിചയപ്പെടുത്തുകയും ചെയ്തു. പ്രതികൂല കാലാവസ്ഥയെ നേരിടുന്ന വിധത്തിൽ ജനിതകമാറ്റം വരുത്തിയ വിത്തുകൾ മറ്റ് വിത്തുകളെക്കാൾ ഉത്പാദനക്ഷമത കൂടിയവയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

” ജൈവ കൃഷികളിലേക്ക് മടങ്ങുന്നതിന്റെ പ്രസക്തി ഇന്നത്തെ കാലത്ത് വർദ്ധിച്ചു വരികയാണ്. മികച്ച ഭക്ഷണശൈലി പുതുതലമുറ പിന്തുടരണം. എന്നാൽ പ്രതികൂല കാലാവസ്ഥ, കൃഷികൾ ചെയ്യുന്നതിൽ നിന്നും കർഷകരെ വിട്ടു നിർത്തുന്നു. പുതുതായി വികസിപ്പിച്ചെടുത്ത 109 ഇനം വിത്തുകൾ പ്രശ്‌നത്തിന് പരമാവധി പരിഹാരം കാണും. ഏത് പ്രതികൂല കാലാവസ്ഥയെയും തരണം ചെയ്ത് ഉത്പാദനക്ഷമതയോടെ വളരാൻ സാധിക്കുന്ന വിത്തിനങ്ങളാണ് ഗവേഷകർ വികസിപ്പിച്ചെടുത്തിരിക്കുന്നത്. എല്ലാ കർഷകരിലേക്കും പുതിയ ഇനം വിത്തുകൾ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.”- പ്രധാനമന്ത്രി പറഞ്ഞു.

കർഷകർക്കാവശ്യമായ വിത്തിനങ്ങൾ വികസിപ്പിച്ചെടുത്ത ഗവേഷകർക്ക് പ്രധാനമന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. വിത്തുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ, ഫലപ്രദമായി ഉപയോഗിക്കേണ്ട രീതികൾ തുടങ്ങിയവ സംബന്ധിച്ചുള്ള വിശദവിവരങ്ങൾ കർഷകർക്ക് നൽകണമെന്നും പ്രധാനമന്ത്രി നിർദേശം നൽകി. കരിമ്പ്, പരുത്തി, ധാന്യങ്ങൾ, പഴവർഗങ്ങൾ, പച്ചക്കറികൾ, ആയുർവേദ സസ്യങ്ങൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങി 109 ഇനം വിത്തുകളാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത്.

 

 

Leave a Reply

Your email address will not be published. Required fields are marked *