Your Image Description Your Image Description

 

തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിൽ തുടങ്ങിയ ഗതാഗതവകുപ്പുമന്ത്രി കെ.ബി. ഗണേഷ്‌കുമാറുമായുള്ള തർക്കങ്ങൾക്കൊടുവിൽ ട്രാൻസ്പോർട്ട് കമ്മിഷണർ സ്ഥാനത്തുനിന്ന് എസ്. ശ്രീജിത്തിനെ മാറ്റി. അഭിപ്രായഭിന്നത രൂക്ഷമായതിന് ശേഷം മന്ത്രി വിളിച്ച പലയോഗങ്ങളിലും കമ്മിഷണർ പങ്കെടുത്തിരുന്നില്ല. മോട്ടോർവാഹനവകുപ്പ് അനിശ്ചിതാവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കമ്മിഷണറെ മാറ്റിയത്‌.

ആന്റണി രാജു മന്ത്രിയായിരുന്നപ്പോൾ, സർക്കാർ തീരുമാനിച്ച പദ്ധതികളുമായി ട്രാൻസ്പോർട്ട് കമ്മിഷണർ മുന്നോട്ടുപോയതാണ് മന്ത്രി കെ.ബി. ഗണേഷ് കുമാറുമായുള്ള അസ്വാരസ്യങ്ങളുടെ തുടക്കം. അഭിപ്രായഭിന്നയുണ്ടെങ്കിലും ഇരുവരും പരസ്യമാക്കിയിരുന്നില്ല. ഡ്രൈവിങ് സ്‌കൂൾ ഉടമകളുമായി നടന്ന ചർച്ചയ്ക്കിടയിൽ മന്ത്രി, ട്രാൻസ്പോർട്ട് കമ്മിഷണറെ ശകാരിച്ചതാണ് തുടക്കം. തന്റെ പക്ഷം വിശദീകരിക്കാൻ പിന്നീട് മന്ത്രിയുടെ ചേമ്പറിലെത്തിയ കമ്മിഷണറും മന്ത്രിയും തമ്മിൽ വാക്കേറ്റമായി.

അവധിയിൽപോയ കമ്മിഷണർ തിരിച്ചെത്തിയ ശേഷം മന്ത്രിയുമായി അകലം പാലിച്ചു. ഇതിൽപെട്ട് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും തടസ്സപ്പെട്ടു. നികുതി വെട്ടിപ്പിൽ ഉൾപ്പെടെ കമ്മിഷണർ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരെ സർക്കാരിൽനിന്നുള്ള നടപടി വൈകി. മറുവശത്ത് മന്ത്രി കുറ്റക്കാരാണെന്ന് കണ്ടെത്തിയ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കെതിരെയും കമ്മിഷണറേറ്റിൽനിന്ന് നടപടിയുണ്ടായില്ല. ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണവും പാളി. വകുപ്പ് സ്വന്തമായി ടെസ്റ്റിങ് ട്രാക്കുകൾ നിർമിക്കാൻ തീരുമാനിച്ചെങ്കിലും തുടങ്ങാൻ കഴിഞ്ഞില്ല. ഉന്നത തലത്തിലെ തർക്കം കാരണം ഡ്രൈവിങ് സ്‌കൂൾ സമരം ആഴ്ചകൾ നീണ്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്.

അതിസുരക്ഷാ നമ്പർപ്ലേറ്റിന്റെ കാര്യത്തിലാണ് ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ പാരമ്യത്തിലായത്. എടപ്പാളിലെ ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിൽ നിർമാണ കേന്ദ്രം സ്ഥാപിക്കാൻ നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു. കമ്മിഷണർ ടെണ്ടർ വിളിച്ചു. നിർമാണ കേന്ദ്രം സ്ഥാപിക്കാൻ നൽകിയ അനുമതി റദ്ദാക്കിയ മന്ത്രി ആഗോള ടെണ്ടർ വിളിക്കാൻ തീരുമാനിച്ചു. 200 കോടിയിൽ താഴെയുള്ള പദ്ധതിക്ക് ആഗോള ടെണ്ടർ പ്രായോഗികമല്ലെന്ന് ട്രാൻസ്പോർട്ട് കമ്മിഷണറും മറുപടി നൽകി.

ഡ്രൈവർ ട്രെയിനിങ് ഇൻസ്റ്റിട്യൂട്ടിന്റെ ഭരണസമിതി യോഗത്തിലും മന്ത്രിയും കമ്മിഷണറും തമ്മിൽ തർക്കിച്ചു. തുടങ്ങിവച്ച ടെണ്ടർ നടപടികൾ പൂർത്തീകരിക്കവേയാണ് കമ്മിഷണറെ മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയത്. റീ ടെണ്ടർ എട്ടിന് തുറന്നിരുന്നു. മന്ത്രിയുടെ എതിർപ്പ് മറികടന്ന് കമ്മിഷണർ നേരിട്ടാണ് ടെണ്ടറുകൾ പരിശോധിച്ചത്. മന്ത്രിയുടെ അപ്രീതി ഭയന്ന് ഉദ്യോഗസ്ഥർ ടെണ്ടർ നടപടികളിൽനിന്ന് വിട്ടുനിൽക്കുകയും ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *