Your Image Description Your Image Description

പാരീസ്: പാരീസ് ഒളിമ്പിക്‌സില്‍ ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ. പുരുഷന്‍മാരുടെ 57 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ അമന്‍ ഷെറാവത്താണ് ഇന്ത്യയ്ക്കായി വെങ്കലം സ്വന്തമാക്കിയത്. വെള്ളിയാഴ്ച നടന്ന വെങ്കല മെഡല്‍ പോരാട്ടത്തില്‍ പോര്‍ട്ടൊറിക്കൊ താരം ഡാരിയന്‍ ടോയ് ക്രൂസിനെ കീഴടക്കിയാണ് ഇന്ത്യന്‍ താരം വെങ്കലമണിഞ്ഞത്. 13-5 എന്ന സ്‌കോറിന് ആധികാരികമായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. പാരീസ് ഒളിമ്പിക്‌സില്‍ ഗുസ്തിയില്‍ ഇന്ത്യയുടെ ആദ്യ മെഡലാണിത്.

ഇതോടെ ഒളിമ്പിക് ചരിത്രത്തില്‍ മെഡല്‍ നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ ഗുസ്തി താരമായിരിക്കുകയാണ് അമന്‍. കെ ഡി ജാദവ് (1952-ല്‍ വെങ്കലം), സുശീല്‍ കുമാര്‍ (2008-ല്‍ വെങ്കലം, 2012-ല്‍ വെള്ളി), യോഗേശ്വര്‍ ദത്ത് (2012-ല്‍ വെങ്കലം), സാക്ഷി മാലിക് (2016-ല്‍ വെങ്കലം), ബജ്‌റംഗ് പുനിയ (2020-ല്‍ വെങ്കലം), രവികുമാര്‍ ദഹിയ 2020-ല്‍ വെള്ളി) എന്നിവരാണ് ഒളിമ്പിക് മെഡലുകള്‍ നേടിയ ഇന്ത്യന്‍ ഗുസ്തി താരങ്ങള്‍. കഴിഞ്ഞ തവണ രവികുമാര്‍ ദഹിയ വെള്ളി നേടിയതും അമന്റെ ഇതേ ഭാരവിഭാഗത്തിലായിരുന്നു. ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ദേശീയ സെലക്ഷന്‍ ട്രയല്‍സില്‍ രവികുമാര്‍ ദഹിയയെ പരാജയപ്പെടുത്തിയാണ് അമന്‍ പാരീസിലേക്ക് ടിക്കറ്റെടുത്തത്.

ഒന്നാം റൗണ്ടില്‍ യൂറോപ്യന്‍ ചാമ്പ്യനായ നോര്‍ത്ത് മാസിഡോണിയയുടെ വ്ളാഡ്മിര്‍ ഇഗോറോവിനെ അനായാസം കീഴടക്കിയ (10-0) അമന്‍ ക്വാര്‍ട്ടറില്‍ മുന്‍ലോകചാമ്പ്യന്‍ അല്‍ബേനിയയുടെ സലീംഖാന്‍ അബക്കരോവിനെതിരേയും ഏകപക്ഷീയമായ വിജയം (12-0) നേടിയിരുന്നു. പക്ഷേ സെമിയില്‍ ജപ്പാന്റെ ലോകചാമ്പ്യന്‍ റി ഹുഗൂച്ചിയോട് പരാജയപ്പെട്ടതോടെയാണ് വെങ്കല പോരാട്ടത്തിനെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *