Your Image Description Your Image Description

 

ഡൽഹി: വയനാട് ദുരന്തത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവും കേരളത്തെ അപമാനിക്കുകയാണ് ചെയ്തതെന്ന് ജോൺ ബ്രിട്ടാസ് എം.പി രാജ്യസഭയിൽ. ദുഃഖത്തിലമർന്ന നാടിനൊപ്പം രാജ്യമൊന്നാകെ കൈകോർക്കേണ്ട സമയത്ത് പഴിപറഞ്ഞ് അപമാനിക്കുന്നത് ഖേദകരമാണ്. നിങ്ങൾ അപമാനിക്കുന്നത് നിങ്ങൾക്കൊപ്പം ഇരിക്കുന്ന മന്ത്രി സുരേഷ്ഗോപിയടക്കമുള്ള​വരെയാണെന്നും ബ്രിട്ടാസ് രാജ്യസഭയിൽ പറഞ്ഞു. കേരളത്തോട് എല്ലാ വിധത്തിലും വിവേചനമാണ്. കേന്ദ്രപദ്ധതികൾ പ്രഖ്യാപിച്ച ശേഷം 40 ശതമാനം സംസ്ഥാനം നൽകണമെന്നും മോദിയുടെ ചിത്രം പതിച്ച് ബ്രാൻഡ് ചെയ്യണമെന്നും ആവശ്യപ്പെടുകയാണെന്നും ബ്രിട്ടാസ് പറഞ്ഞു.

എന്നാൽ, ബ്രിട്ടാസ് കള്ളം പറയുകയാണെന്ന് ടൂറിസം സഹമന്ത്രി ​സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ 15 പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ വീഴ്ചയുണ്ടായി. വർക്കല പാപനാശം ബീച്ചിൽ പ്രാദേശിക ഭരണകൂടം എന്താണ് ചെയ്യുന്നത്. ജിയോളജി വകുപ്പ് നേരത്തെ നൽകിയ മുന്നറിയിപ്പുകൾ സംസ്ഥാനം ഏതുതരത്തിലാണ് കണക്കിലെടുത്തത് എന്ന് വ്യക്തമാക്കണം. എങ്ങനെയാണ് ​പ്രകൃതി നാശം ഉണ്ടായതെന്ന് പഠിക്കാൻ കേരളത്തിലേക്ക് പ്രതിനിധി സംഘത്തെ അയക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

കേരള ജനതയെ താൻ അപമാനിച്ചുവെന്ന ബ്രിട്ടാസിന്റെ പ്രസ്താവന സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് മറുപടി നൽകവേ കേന്ദ്ര വനംപരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് ആവശ്യപ്പെട്ടു. ദുരന്തത്തിൽ വേദനയുണ്ട്. കഴിഞ്ഞ പത്തുവർഷത്തിനിടെ വയനാട്ടിൽ 17 ഹെക്ടറിൽ ഒരു ടണലിന് മാത്രമാണ് കേന്ദ്രം പാരിസ്ഥിതികാനുമതി നൽകിയത്. എന്നാൽ, കഴിഞ്ഞ മൂന്നുവർഷത്തിനിടെ കേരളം മൂന്നു​ക്വാറികൾക്കാണ് അനുമതി നൽകിയതെന്നും മ​ന്ത്രി ചൂണ്ടിക്കാട്ടി. അതിദുർബലമായ മേഖലയിൽ അനധികൃത നിർമാണവും ഖനനവും വ്യാപകമായിരുന്നുവെന്നും മന്ത്രി പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടിയാണ് ഇതിൽ രാഷ്ട്രീയം കളിക്കുന്നത്, താനല്ലെന്നും മന്ത്രി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *