Your Image Description Your Image Description

 

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരിതത്തിൽ പുനരധിവാസ പദ്ധതിയിൽ ഉൾപ്പെടാൻ ദുരിതാശ്വാസ ക്യാംപുകളിൽ രജിസ്റ്റർ ചെയ്യണമെന്ന രീതിയിൽ നടക്കുന്ന പ്രചാരണങ്ങളിൽ കഴമ്പില്ലെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവരുടെ ക്യാമ്പുകളിലും കുടുംബവീടുകളിലും ആശുപത്രിയിലും കഴിയുന്നവർ ഉൾപ്പെടെ അർഹരായ മുഴുവൻ പേർക്കും സഹായം ലഭ്യമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ക്യാമ്പുകളിൽ ആരൊക്കെ കഴിയുന്നുവെന്നു നോക്കിയല്ല, ഉരുൾപൊട്ടൽ ദുരിതം വിതച്ച പ്രദേശങ്ങളിൽ നിന്നുള്ള കൃത്യമായ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പുനരധിവാസ പാക്കേജ് തയ്യാറാക്കുകയെന്നും മന്ത്രി അറിയിച്ചു.

ക്യാമ്പുകളിൽ കഴിയുന്നവരുടെ താത്ക്കാലിക പുനരധിവാസത്തിനാണ് സർക്കാർ ഇപ്പോൾ ഊന്നൽ നൽകുന്നത്. വിവിധ സ്‌കൂളുകളിൽ പ്രവർത്തിക്കുന്ന ക്യാമ്പുകളിൽ താമസിക്കുന്നവരെ താത്ക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് ത്രിതല പഞ്ചായത്ത് പരിധിയിലുള്ള ഒഴിഞ്ഞ വീടുകൾ, ക്വാർട്ടേഴ്സുകൾ, ഫ്ളാറ്റുകൾ, ഹോസ്റ്റലുകൾ എന്നിവ കണ്ടെത്തി എത്രയും വേഗം അറിയിക്കാൻ തദ്ദേശസ്ഥാപന അധ്യക്ഷൻമാർക്കും സെക്രട്ടറിമാർക്കും മന്ത്രിസഭാ സമിതി നിർദേശം നൽകി.

വാടകയില്ലാതെ വീടുകളും ക്വാർട്ടേഴ്‌സുകളും മറ്റും പൂർണമായോ ഭാഗികമായോ വിട്ടുനൽകാമെന്ന വാഗ്ദാനവുമായി പലരും മുന്നോട്ടുവന്നിട്ടുണ്ട്. ആവശ്യമായ ഘട്ടങ്ങളിൽ ഫ്‌ളാറ്റ് സമുച്ഛയങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് നിശ്ചിത വാടക നിശ്ചയിച്ച് കുടുംബങ്ങളുടെ പുനരധിവാസത്തിനായി സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *