Your Image Description Your Image Description

കഴിഞ്ഞ ദിവസം നവകേരള സദസിനൊപ്പം പാലായിൽ ഉരുണ്ടു കൂടിയ രാഷ്ട്രീയ സംഭവങ്ങളാണ് ഇപ്പോഴും തിരുനക്കരയിലെ അന്തി ചർച്ച . യഥാർത്ഥത്തിൽ നവകേരള സദസിന് മൂന്ന് മുഖങ്ങൾ ഉണ്ട്. ആദ്യത്തേത് പ്രഭാത ഭക്ഷണത്തോടെയുള്ള പൗരപ്രമുഖരുമായുള്ള ചർച്ച.

കക്ഷി രാഷ്ട്രീയ ഭേദമെന്യ എല്ലാ വിഭാഗത്തിൽ നിന്നും ആളെ അതിലേയ്ക്ക് ക്ഷണിക്കുന്നുണ്ട്. രാഷ്ട്രീയ തിമിരം മൂലം ചിലരെങ്കിലും പങ്കെടുക്കുന്നില്ലന്നത് സത്യമാണ്. അവിടെ വച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഗ്രൂപ്പായി ഇരുന്ന് ആ നാട്ടിലെ വികസനവും സാമൂഹികവുമായ കാര്യങ്ങൾ ചർച്ച ചെയ്യും.

രണ്ടാമത് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പൊതുജനങ്ങളുടെ നിവേദനം സ്വീകരിക്കലാണ്. അതിൽ കിട്ടുന്നത് കാലാകാലങ്ങളായി നടക്കാതിരുന്ന പരാതികളാണ് ഏറെയും . ഉമ്മൻ‌ചാണ്ടി 19 മണിക്കൂർ നിന്നനില്പിൽ നിവേദനം വാങ്ങി .എന്തുകൊണ്ട് പിണറായി നിവേദനം സ്വീകരിക്കാൻ നിൽക്കുന്നില്ലെന്ന ചോദ്യം ഉയർന്നിരുന്നു .

നിന്നോ ഇരുന്നോ നിവേദനം സ്വീകരിക്കുക എന്നത് നിവേദനം വാങ്ങുന്നയാളുടെ സൗകര്യമാണ്. അത് പോട്ടെ. വാങ്ങിയ നിവേദനങ്ങളിൽ എത്രയെണ്ണത്തിന് പരിഹാരമായി എന്നതാണ് മുഖ്യം. ഉമ്മൻചാണ്ടിയുടെ ലക്‌ഷ്യം നല്ലതായിരുന്നു.

കെ എം മാണിയുടെ റവന്യൂ അദാലത്തിനെ കാലോചിതമായി പരിഷ്കരിച്ച് ജനസമ്പർക്ക പരിപാടിയായി അവതരിപ്പിച്ചു. നല്ലകാര്യം. പക്ഷെ കോൺഗ്രസ് പ്രവർത്തകർ അത് പ്രയോജനപ്പെടുത്തിയത് മറ്റൊരു രീതിയിലാണന്ന് മാത്രം .

ആശുപത്രി ചിലവെന്ന് പറഞ്ഞു അപേക്ഷ കൊടുത്താൽ മുവായിരം രൂപവരെ മുഖ്യമന്ത്രിയുടെ പേനയുടെ തുമ്പിലുണ്ട്. ഉദോഗസ്ഥർ അത് ഉടനെത്തന്നെ കൈയ്യിൽ കൊടുക്കുമായിരുന്നു. അതിൽ 1000 രൂപയും ഒരു ഫുള്ളും മുഖ്യമന്ത്രിയുടെ മുന്നിലേക്ക് നയിച്ച കോൺഗ്രസ് നേതാവിനുള്ളതാണ്.

വ്യാപകമായി അത് ഒരു തൊഴിലായി സ്വീകരിച്ചിരുന്ന കോൺഗ്രസുകാരും അക്കാലത്തു ണ്ടായിരുന്നുവെന്നത് മറക്കാൻ പറ്റില്ല. കമ്മ്യൂണിസത്തോടും മാർക്സിസത്തോടും ആഭിമുഖ്യമില്ലാത്തതിനാൽ ജോസ് കെ മാണിയുടെ എൽഡിഎഫ് പ്രവേശനം പലർക്കും ദഹിച്ചില്ല.

ചാഴിക്കാടനോടു സ്നേഹമുണ്ടെങ്കിലും കമ്മ്യൂണിസത്തോടുള്ള അഭിപ്രായ വ്യത്യാസം ചാഴിക്കാടനിൽ നിന്ന് പലരെയും അകറ്റുന്നു, അതൊക്കെ പോകട്ടെ , നവ കേരള സദസ്സിന്റെ ഓരോ നിയോജക മണ്ഡലത്തിലെയും പൊതുസമ്മേളനം – അത് പൊതുജനത്തോട് സർക്കാരിന് പറയാനുള്ള വേദിയാണ്.

മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സർക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളും- സർക്കാരിന്റെ പൊതുവായ നയപരിപാടികളും അവതരിപ്പിക്കുന്നു. അവിടെ പ്രാദേശികമായ നിവേദനത്തിന് പ്രസക്തിയില്ല. ഇവിടെയാണ് എല്ലാം തകിടം മറിഞ്ഞത്.

മുഖ്യമന്ത്രിക്കും ചാഴിക്കാടനും ഓരോ പോരായ്മയുണ്ട്. ചാഴിക്കാടന്റെ പോരായ്മ എന്നുപറയുന്നത് കിട്ടുന്ന ഏതവസരത്തിലും തന്റെ മണ്ഡലത്തെപ്പറ്റി ഉത്തരവാദിത്തപ്പെട്ടവരോട് പറയും. മരണവീടോ, കല്യാണ വീടോ പള്ളിപ്പെരുന്നാളോ അയാൾക്ക് പ്രശ്നമല്ല. ഏത് വേദിയെന്ന് നോക്കാതെ കണ്ണിൽക്കണ്ടവരോടെല്ലാം കോട്ടയം മണ്ഡലത്തിന്റെ കാര്യം പറയാൻ ഒരു ഉളുപ്പുമില്ല .

കേൾവിക്കാരൻ ഏത് രീതിയിൽ അതിനെ വിലയിരുത്തിയാലും അത് അയാൾക്കോരു വിഷയവുമല്ല. പോരാത്തതിന് എൽഡിഎഫ് പാലാ നിയോജകമണ്ഡലം കമ്മിറ്റി ചുമതലപ്പെടുത്തുക കൂടി ചെയ്തപ്പോൾ ഇരട്ടി ധൈര്യമായി. സ്വാഗത പ്രസംഗത്തിൽ അതിലൊന്ന് ക്രിസ്ത്യാനി ആയിരിക്കണമെന്ന് പറഞ്ഞു.

അത് അസ്ഥാനത്താണെന്നത് അദ്ദേഹത്തിന് പ്രശ്നമല്ല. ജോസഫ് ചാഴിക്കാടന്റെ സമകാലികനായിരുന്ന ഇലഞ്ഞിക്കൽ തരിയത് കുഞ്ഞിതൊമ്മനാണ് ഇയാളുടെ വഴികാട്ടിയെന്ന് ചിലപ്പോൾ തോന്നാറുണ്ട്. ചാഴികാടൻ പറഞ്ഞത് അസ്ഥാനത്ത് തന്നെയാണ്. പക്ഷെ അനാവശ്യമല്ല. ഏതാവശ്യവും പറയാൻ ഒരു സമയമുണ്ട്. വേദിയുണ്ട്. പിറ്റേന്ന് രാവിലെ കുറവിലനാട് നടന്ന പ്രഭാതഭക്ഷണ വേദിയിൽ പറഞ്ഞാൽ മതിയായിരുന്നു. അത് അദ്ദേഹം മനസ്സിലാക്കണമായിരുന്നു.

അതേസമയം പിണറായി പറയുന്ന സമയത്ത് പറഞ്ഞ ആളെ കാത്തിരിക്കുന്ന ഒരു നേതാവിനെ വേറെ കാണാൻ സാധിക്കില്ല. പറഞ്ഞ സമയത്ത് വന്നില്ലായെങ്കിൽ മുഖത്തു നോക്കി അത് പറയും , കൂടിക്കാഴ്ച്ച അനുവദിക്കുകയുമില്ല. അത് അദ്ദേഹത്തിന്റെ ഒരു ശൈലിയാണ് .

കഴിഞ്ഞ മാസം മുഖ്യമന്ത്രിയെ പരിചയമുള്ള എന്റെ ഒരു സ്നേഹിതൻ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ചക്ക് സമയം ചോദിച്ചു. രണ്ടു ദിവസം കഴിഞ്ഞു ഉച്ചക്ക് മൂന്നുമണിക്ക് സമയം അനുവദിച്ചു കിട്ടിയ സ്നേഹിതൻ അന്ന് രാവിലെ തന്നെ തിരുവനന്തപുരത്തെത്തി.

ഏതാണ്ട് പതിനൊന്ന് മണിക്ക് മുഖ്യമന്ത്രിയുടെ ഒരു സെക്രട്ടറി വിളിച്ചു ചോദിച്ചു. തിരുവനന്തപുരത്തെത്തിയോ? മൂന്ന് മണി എന്നത് അഞ്ചു മണിയായാൽ കുഴപ്പമുണ്ടോ? സ്നേഹിതൻ പറഞ്ഞു, ”കുഴപ്പമില്ല, ഞാൻ മുഖ്യമന്ത്രിയെ കാണാൻ വേണ്ടി മാത്രം വന്നതാണ്. അഞ്ചു മണി പ്രശ്നമില്ല.

” 4. 55 ന് ക്ലിഫ് ഹൗസിൽ എത്തിയ സ്നേഹിതനെ സ്വീകരണ മുറിയിലിരുത്തി കൃത്യം അഞ്ചിന് തന്നെ മുഖ്യമന്ത്രി അദ്ദേഹത്തെ കണ്ടു. അതാണ് പിണറായി. പിണറായിയുടെ ഈ സ്വഭാവം ഒരു കുറവാണെങ്കിൽ കേരളം സഹിക്കുക .

Leave a Reply

Your email address will not be published. Required fields are marked *