Your Image Description Your Image Description

 

കൊളംബോ: അനിശ്ചിതത്വങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ ശ്രീലങ്കയോട് സമനില പിടിച്ച് ഇന്ത്യ. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഓപ്പണിങ് ഇന്നിങ്സാണ് ഇന്ത്യന്‍ ഇന്നിങ്‌സിലെ ബലം. രണ്ടോവറുകള്‍ ബാക്കിനില്‍ക്കേ, ഒരു റണ്‍സ് മാത്രം വേണ്ടിയിരുന്നിടത്ത്, അര്‍ഷ്ദീപ് സിങ് കൂറ്റനടിക്ക് ശ്രമിച്ച് വിജയിപ്പിക്കാന്‍ ശ്രമിച്ചു. ഫലത്തില്‍ പത്താം വിക്കറ്റും നഷ്ടപ്പെട്ട് കളി സമനിലയില്‍. പതറിനിന്ന ഇന്ത്യയെ ശിവം ദുബെയാണ് സമനിലയിലെത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക, നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ഇന്നിങ്‌സ് 47.5 ഓവറില്‍ 230-ല്‍ അവസാനിച്ചു.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ അത്യന്തം പോസിറ്റീവായ തുടക്കം നല്‍കിയിട്ടും തുടര്‍ബാറ്റര്‍മാര്‍ പരാജയപ്പെട്ടത് ഇന്ത്യന്‍ ജയത്തെ തടഞ്ഞു. അഷിത ഫെര്‍ണാണ്ടോ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ ഹിറ്റ്മാന്‍ തനി സ്വരൂപം നടത്തി- ഒരു സിക്സും ഫോറും സഹിതം 12 റണ്‍സ്. ആദ്യ നാലോവറില്‍ത്തന്നെ ടീം 40 കടന്നു. പത്തോവറിനിടെ ടീം സ്‌കോര്‍ 71-ല്‍ നില്‍ക്കേ, രോഹിത് അര്‍ധ സെഞ്ചുറി കുറിച്ചു. ഒരറ്റത്ത് ക്ഷമയോടെ നിലയുറപ്പിക്കേണ്ട ബാധ്യതയേ ശുഭ്മാന്‍ ഗില്ലിനുണ്ടായിരുന്നുള്ളൂ.

75 റണ്‍സിന്റെ ഓപ്പണിങ് കൂട്ടുകെട്ട് നടത്തി ശുഭ്മാന്‍ ഗില്ലാണ് ആദ്യം മടങ്ങിയത് (35 പന്തില്‍ 16). പിന്നാലെ 15-ാം ഓവറില്‍ രോഹിത് ശര്‍മയും പുറത്തായി. 47 പന്തില്‍ മൂന്ന് സിക്സും ഏഴ് ഫോറും ചേര്‍ന്ന് 58 റണ്‍സാണ് രോഹിത് നേടിയത്. പിന്നാലെ വാഷിങ്ടണ്‍ സുന്ദര്‍ (5), വിരാട് കോലി (24), ശ്രേയസ് അയ്യര്‍ (23) എന്നിവരും മടങ്ങിയതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. ഇതിനിടെ സ്‌കോര്‍ വേഗവും കുറഞ്ഞു.

ആറാം വിക്കറ്റില്‍ അക്ഷര്‍ പട്ടേലും കെ.എല്‍. രാഹുലും ചേര്‍ന്ന് ടീമിനെ തകരാതെ രക്ഷിച്ചു. ഇരുവരും ചേര്‍ന്ന് 57 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കെ.എല്‍. രാഹുല്‍ (43 പന്തില്‍ 23) ആദ്യവും അക്ഷര്‍ പട്ടേല്‍ (57 പന്തില്‍ 33) തൊട്ടടുത്ത ഓവറിലും മടങ്ങിയതോടെ ഇന്ത്യ വീണ്ടും അപകടം മണത്തു. പക്ഷേ, എട്ടാം വിക്കറ്റിലെ ശിവം ദുബെയുടെയും കുല്‍ദീപ് യാദവിന്റെയും രക്ഷാപ്രവര്‍ത്തനം പരമ്പരയില്‍ ഇന്ത്യക്ക് മേല്‍ക്കൈ നല്‍കി.

കുല്‍ദീപ് മടങ്ങിയതോടെ ക്രീസിലൊന്നിച്ച സിറാജും ശിവം ദുബെയും കരുതിക്കളിച്ചു. ശ്രീലങ്ക ഉയര്‍ത്തിയ സ്‌കോറായ 230 വരെ ദുബെ ക്രീസിലുണ്ടായിരുന്നു. 47.4 ഓവറില്‍ ദുബെ മടങ്ങി (24 പന്തില്‍ 25). തുടര്‍ന്ന് കൈയിലിരിക്കുന്നത് 14 പന്തുകള്‍. വേണ്ടത് ഒരു റണ്‍സ്. ശേഷിക്കുന്നത് ഒരു വിക്കറ്റും. ക്രീസിലെത്തിയ അര്‍ഷ്ദീപ് സിങ് അസലങ്കയുടെ പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചു. വിക്കറ്റിനു മുന്നില്‍ കുരുങ്ങിയതോടെ കളി സമനിലയില്‍.

നേരത്തേ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക, ഇന്ത്യക്കു മുന്നില്‍ 231 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി. നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 230 റണ്‍സാണ് ശ്രീലങ്കയുടെ സമ്പാദ്യം. ഓപ്പണര്‍ പത്തും നിസ്സങ്കയുടെയും ദുനിത് വെല്ലലഗെയുടെയും അര്‍ധ സെഞ്ചുറികളാണ് ലങ്കയെ വലിയതോതില്‍ തകരാതെ രക്ഷിച്ചത്. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി.

ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും മനസ്സാന്നിധ്യത്തോടെ കളിച്ച ഓപ്പണര്‍ പത്തും നിസ്സങ്ക ലങ്കയെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷപ്പെടുത്തി. 75 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 56 റണ്‍സാണ് സമ്പാദ്യം. ടീം സ്‌കോര്‍ 101-ല്‍ നില്‍ക്കേ, 27-ാം ഓവറില്‍ അഞ്ചാമതായാണ് നിസ്സങ്ക പുറത്തായത്. തുടര്‍ന്ന് ക്രീസിലെത്തിയ ദുനിത് വെല്ലലഗെ, ബാക്കി ദൗത്യം കൃത്യമായി ഏറ്റെടുത്തു. 65 പന്തില്‍ രണ്ട് സിക്സും ഏഴ് ഫോറും സഹിതം 66 റണ്‍സാണ് താരം പുറത്താവാതെ നേടിയത്. ലങ്കന്‍ നിരയിലെ ടോപ് സ്‌കോററും വെല്ലലഗെയാണ്.

വനിന്ദു ഹസരങ്ക (24), ജനിത് ലിയനാഗെ (20), അകില ദനഞ്ജയ (17), വിക്കറ്റ് കീപ്പര്‍ കുഷാല്‍ മെന്‍ഡിസ് (14), ക്യാപ്റ്റന്‍ ചരിത് അസലങ്ക (14) എന്നിവരും രണ്ടക്കം കടന്നു. ഇന്ത്യക്കായി അക്ഷര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് നേടി. മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, ശിവം ദുബെ, കുല്‍ദീപ് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

Leave a Reply

Your email address will not be published. Required fields are marked *