Your Image Description Your Image Description

 

വയനാട്: ദുരന്തമുഖത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ജില്ലാതല മോണിറ്ററിംഗ് ടീമിനെ നിയോഗിച്ച് ആരോഗ്യ വകുപ്പ്. പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകി. ക്യാമ്പുകളെല്ലാം മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തിക്കണം. എലിപ്പനി, വയറിളക്ക രോഗങ്ങൾ, ഡെങ്കിപ്പനി, ഹെപ്പറ്റൈറ്റിസ് എ, ചിക്കൻ പോക്‌സ് എന്നിവയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉരുൾപൊട്ടലിന്റെ സാഹചര്യത്തിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്.

ആശുപത്രികളിലെത്തിച്ച മുഴുവൻ മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടം ചെയ്തു. വയനാട്, കോഴിക്കോട്, തൃശൂർ, കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് പുറമേ ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജുകളിൽ നിന്നും ഫോറൻസിക് സർജൻമാർ സ്ഥലത്ത് എത്തിയിട്ടുണ്ട്. വയനാട് മേപ്പാടിയിൽ ഇപ്പോൾ പോസ്റ്റുമോർട്ടം നടത്തുന്ന സ്ഥലത്തിന് പുറമേ മറ്റൊരു സ്ഥലത്ത് കൂടി പോസ്റ്റുമോർട്ടം നടത്തുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചു. ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. 140 മൊബൈൽ ഫ്രീസറുകൾ ലഭ്യമാക്കിയിട്ടുണ്ട്. 210 മൃതദേഹങ്ങളും 135 ശരീര ഭാഗങ്ങളുമാണ് ഇതുവരെ കിട്ടിയത്. ശരീര ഭാഗങ്ങളുൾപ്പെടെ 343 പോസ്റ്റുമോർട്ടങ്ങൾ നടത്തി. നടപടികൾ പൂർത്തിയാക്കി 146 പേരുടെ മൃതദേഹങ്ങൾ തിരിച്ച് നൽകാനായി.

ചികിത്സ, ക്യാമ്പുകളിലുള്ളവരുടെ ആരോഗ്യം, മാനസികാരോഗ്യം, പകർച്ചവ്യാധി പ്രതിരോധം, പോസ്റ്റ്‌മോർട്ടം എന്നിവയാണ് ആരോഗ്യ വകുപ്പ് പ്രധാനമായും ഏകോപിപ്പിക്കുന്നത്. മൃതദേഹങ്ങൾ തിരിച്ചറിയുന്നതിന് ഡി.എൻ.എ. പരിശോധന നടത്തി വരുന്നു. എല്ലാ ആശുപത്രികളിലും അധികമായി മരുന്നുകൾ ലഭ്യമാക്കിയിട്ടുണ്ട്. ആശുപത്രി അടിസ്ഥാനത്തിൽ ക്യാമ്പുകളിലൂടെ മരുന്നുകൾ നൽകുന്നുണ്ട്. ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ ആവശ്യമുള്ളവരുടെ ലിസ്റ്റ് തയ്യാറാക്കി മരുന്നുകളും പരിചരണവും ഉറപ്പാക്കിയിട്ടുണ്ട്. ആയുഷ് വിഭാഗത്തിന്റെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *