Your Image Description Your Image Description
Your Image Alt Text

തിരുവനന്തപുരം: ഐസിസി ടൂര്‍ണമെന്‍റുകളിൽ ടീം ഇന്ത്യക്ക് കാലിടറിയ ഒരു വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. മലയാളി താരങ്ങളായ സഞ്ജു സാംസണും മിന്നുമണിക്കും കരിയറിലെ വഴിത്തിരവായ വര്‍ഷം കൂടിയാണ് 2023. ദ്വിരാഷ്ട്ര പരമ്പരകളിലെ സമഗ്രാധിപത്യം, ഐസിസി ടൂര്‍ണമെന്‍റുകളിലെ പടിക്കല്‍ കലമുടയ്ക്കൽ, ടീം ഇന്ത്യയുടെ പതിവ്  ശീലങ്ങൾക്ക് 2023ലും മാറ്റമുണ്ടായില്ല.

ഈ വര്‍ഷം ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്‍റെ തുടര്‍ച്ചയായ രണ്ടാം ഫൈനലിലും ഇന്ത്യ തോറ്റു. ഓസ്ട്രേലിയക്കെതിരെ 209 റണ്‍സിനായിരുന്നു രോഹിതിന്‍റെയും സംഘത്തിന്റെയും തോൽവി. ഏകദിന ലോകകപ്പിലായിരുന്നു ഏറ്റവും വലിയ നിരാശ.അപരാജിതരായി ഫൈനലിലെത്തിയ ഇന്ത്യക്ക് കലാശക്കളിയിൽ പിഴച്ചു. ഓസ്ട്രേലിയക്കെതിരെ ആറ് വിക്കറ്റിന്റെ തോൽവി.

വിരാട് കോലി അമ്പതാം ഏകദിന സെഞ്ച്വറി നേടി ചരിത്രം കുറിച്ചതും ലോകകപ്പിന്‍റെ താരമായതും മാത്രമാണ് ആശ്വാസം.മുഹമ്മദ് ഷമിയുടെ അവിസ്മരണീയ ബൗളിംഗ് പ്രകടനവും രോഹിത് ശര്‍മ്മയുടെ നിസ്വാര്‍ത്ഥ ബാറ്റിംഗുമാണ് ലോകകപ്പിലെ മറ്റ് നല്ല ഓര്‍മ്മകൾ. ദയനീയമായി തോറ്റ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഒരിക്കൽ കൂടി ടെസ്റ്റ് പരമ്പര മോഹം പൊലിഞ്ഞാണ് 2023 നോട് ടീം ഇന്ത്യ  വിടപറയുന്നത്. ഈ വര്‍ഷം ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കിയത് ഏഷ്യാകപ്പ് കിരീടനേട്ടം മാത്രമാണ്. ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞാണ് രോഹിതും സംഘവും ഏഷ്യാകപ്പ് വീണ്ടെടുത്തത്.

പാകിസ്ഥാനിലേക്ക് ഇല്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെ ഹൈബ്രിഡ് മാതൃകയിലായിരുന്നു ഇത്തവണത്തെ ഏഷ്യാകപ്പ്.ഇന്ത്യയുടെ മത്സരങ്ങൾ നടന്നത് ശ്രീലങ്കയിലായിരുന്നു. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നിലനിര്‍ത്തിയതാണ് മറ്റൊരു നേട്ടം. 2-1 നായിരുന്നു ഓസ്ട്രേലിയക്കെതിരായ പരമ്പര ജയം. ഐസിസി റാങ്കിംഗുകളിൽ ഇന്ത്യയുടെയും ഇന്ത്യൻ താരങ്ങളുടെയും അപ്രമാധിത്വവും ഈ വര്‍ഷം കണ്ടു. ടി20 ബാറ്റര്‍മാരിൽ സൂര്യ കുമാര്‍ യാദവ് ഒന്നാം സ്ഥാനം ഈ വര്‍ഷം മുഴുവൻ നിലനിര്‍ത്തിയപ്പോൾ ഏകദിന ബാറ്റര്‍മാരിൽ ശുഭ്മാൻ ഗില്ലും, ബൗളര്‍മാരിൽ മുഹമ്മദ് സിറാജും ഒന്നാം റാങ്കിലെത്തി. ടെസ്റ്റ് ബൗളര്‍മാരിൽ അശ്വനും ബൗളര്‍മാരിൽ ജഡേജയും ഒന്നാം സ്ഥാനത്തുണ്ട്.

ഏഷ്യൻ ഗെയിംസിൽ ക്രിക്കറ്റ് ആദ്യമായി മത്സരമിനമായപ്പോൾ, പുരുഷ വനിത ടീമുകൾ സ്വര്‍ണം നേടി ചരിത്രം കുറിച്ചു.ഇംഗ്ലണ്ടിനെ തകര്‍ത്ത് അണ്ടര്‍ 19 വനിത ടി20 ലോകകപ്പിൽ ഇന്ത്യ കന്നി കിരീടം നേടിയതാണ് മറ്റൊരു സുവര്‍ണനിമിഷം. ഒമ്പത് വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണിൽ ടെസ്റ്റ് കളിച്ച ഇന്ത്യൻ വനിത ടീം തുടരെ സ്വന്തമാക്കിയത് രണ്ട് ചരിത്ര നേട്ടം. ഇംഗ്ലണ്ടിനെതിരായ 347 റണ്‍സ് ജയം വനിത ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന മാര്‍ജിനിലുള്ള ജയമാണ്. ഓസ്ട്രേലിയക്കെതിരെ ടെസ്റ്റിൽ ആദ്യമായി ജയിക്കുകയും ചെയതും ഇന്ത്യയുടെ പെണ്‍പുലികൾ.

Leave a Reply

Your email address will not be published. Required fields are marked *