Your Image Description Your Image Description

കൊച്ചി: തിരുവനന്തപുരത്തെയും കൊച്ചിയിലെയും മാലിന്യനീക്കത്തിൽ വീണ്ടും രൂക്ഷവിമർശനവുമായി ഹൈക്കോടതി. തലസ്ഥാന നഗരത്തിന്റെ ഭൂരി ഭാഗത്തും മാലിന്യം കൂട്ടിയിട്ടിരിക്കുന്നു എന്ന് അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിൽ പറയുന്നു. കണ്ടെത്തലുകൾ ദയനീയമെന്ന് ഹൈകോടതി.

റോഡുകളിലെ മാലിന്യം നീക്കം ചെയ്യുന്നതിൽ നഗരസഭ പരാജയമെന്നും ഹൈക്കോടതി വിമർശിച്ചു. മാലിന്യനീക്കം ചെയ്യുന്നതിൽ ശ്രീലങ്കയെ കണ്ടുപഠിക്കണം. എങ്ങനെയാണ് സിറ്റി ക്ലീനായി സൂക്ഷിക്കുന്നതെന്ന് അവിടെ പോയി കണ്ട് മനസ്സിലാക്കാവുന്നതാണ്. ഹെൽത്ത് ഇൻസ്‌പെക്ടർമാർ എവിടെയെന്നും കോടതി ചോദിച്ചു.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നമുൾപ്പെടെയാണ് കോടതിയുടെ പരിഗണനയിലെത്തിയത്.ആരുടെമേലും പഴിചാരുകയല്ല, മറിച്ച് കാര്യങ്ങൾ നടന്നേ മതിയാകൂവെന്ന് കോടതി ചൂണ്ടിക്കാട്ടി. മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ ക്രിമിനൽ ശിക്ഷാ നടപടി വേണമെന്നും കോടതി പറഞ്ഞു. കനാലിലേക്ക് മാലിന്യം വരുന്നതിന്റെ ഉറവിടം കണ്ടെത്തണം. വാഹനങ്ങൾ പിടിച്ചെടുക്കണം. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിയുന്നതിനെതിരായ ബോധവൽക്കരണ പരസ്യം നൽകണമെന്നും വാർത്താ ചാനലുകളിൽ ഈ പരസ്യം നിശ്ചിത സമയം കാണിക്കണമെന്നും സർക്കാരിനോട് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാദ്ധ്യമങ്ങളുടെ സാധ്യതകൾ കൂടി പരിഗണിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു.

കൊച്ചി കോർപ്പറേഷനെയും കോടതി വിമർശിച്ചു. റോഡുകളിലെ മാലിന്യം നീക്കം ചെയ്യുന്നതായി തോന്നുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ദിനംപ്രതി റോഡുകളിലെ മാലിന്യം കൂടി വരുന്നു. ദയനീയ സ്ഥിതിയാണെന്നും കോടതി അഭിപ്രായപ്പെട്ടു.

നഗരത്തിൽ മാലിന്യം വീടുകളിൽ നിന്നും ശേഖരിക്കുന്നവരുണ്ടെന്ന് തദ്ദേശ സെക്രട്ടറി കോടതിയെ അറിയിച്ചു. ആമയിഴഞ്ചാൻ തോട് പൂർണമായി ശുചീകരിക്കുന്നതിനുളള പദ്ധതി ഇറിഗേഷൻ ഡിപ്പാർട്ട്‌മെൻറ് തയാറാക്കിവരികയാണ്. ട്രാഷ് ബൂമുകൾ എല്ലാ ദിവസവും വൃത്തിയാക്കുമെന്നും തദ്ദേശ സെക്രട്ടറി പറഞ്ഞു. കനാലുകളുടെ വേലികൾ പൊളിഞ്ഞ് കിടക്കുന്നത് ഉടൻ ശരിയാക്കാൻ നിർദേശം നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

റെയിൽവേ സ്റ്റേഷൻ പരിസരത്തെ മാലിന്യ നീക്കം ചെയ്യാൻ കൃത്യമായ മാലിന്യ നീക്ക സംവിധാനം വേണമെന്നും കോടതി നിർദ്ദേശിച്ചു. ദീർഘദൂര ട്രെയിനുകൾ യാത്ര അവസാനിക്കുന്ന ഇടമാണ് തിരുവനന്തപുരം. അതിനാൽ തിരുവനന്തപുരം സ്റ്റേഷന് പ്രത്യേക പരിഗണന കൊടുക്കണമെന്നും കോടതി പറഞ്ഞു. തലസ്ഥാന നഗരിയിലെ മാലിന്യനീക്കത്തിൽ നടപടികൾ നിരന്തരം നിരീക്ഷിക്കുമെന്നും കോടതി പറഞ്ഞു. സമയബന്ധിതമായി പ്രവർത്തനങ്ങൾ പൂർത്തീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *