Your Image Description Your Image Description
Your Image Alt Text

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ എക്കാലത്തെയും വലിയ തുകക്ക് ഓസ്ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെത്തിയതിന് പിന്നിലെ രസകരമായ വീഡിയോയുമായി മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ്. മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ വീഡിയോയില്‍ സംഭാഷണം എഡിറ്റ് ചെയ്ത് ചേര്‍ത്ത ട്രോള്‍ വീഡിയോ ആണ് ഹര്‍ഭജന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

ഇതുപോലെ വേറെ വല്ല ജോലിയും കിട്ടുമോ എന്ന് ചോദിച്ചാണ് സ്റ്റാര്‍ക്കിന്‍റെ സംഭാഷണം തുടങ്ങുന്നത്. ഒരു വര്‍ഷത്തില്‍ ഇന്ത്യയില്‍ വന്ന് രണ്ട് മാസം ക്രിക്കറ്റ് കളിച്ച് 20-25 കോടി വാങ്ങുക. അതിനായി ചെയ്യേണ്ടത് ഇത്രമാത്രമാണ്, പരസ്യങ്ങളില്‍ വന്ന് ഹിന്ദിയില്‍ ഡയലോഗ് പറയുകയും ചെപ്പോക്കില്‍ പോയി മഹി ഭായിയുടെ കൈയില്‍ നിന്ന് അടിവാങ്ങുകയും ചിന്നസ്വാമിയില്‍ പോയി ബംഗ്ലൂരിന്‍റെ കൈയില്‍ നിന്ന് അടിവാങ്ങിയാലും അവരുടെ ബൗളിംഗ് വെച്ച് 10 ഓവറില്‍ അടിച്ചു ജയിക്കുയും മുംബൈയില്‍ ഷാരൂഖ് ഖാനൊപ്പം അടിച്ചുപൊളിക്കുകയും ഷാരൂഖിന്‍റെ മകള്‍ സുഹാനക്കൊപ്പം സിനിമ കാണുകയും ഷാരൂഖിന്‍റെ ഇളയ കുട്ടിയുടെ സ്കൂളില്‍ പോയി വാര്‍ഷിക പരിപാടിയില്‍ പങ്കെടുക്കുകയും പിന്നെ ടൂര്‍ണമെന്‍റിനിടക്ക് പരിക്ക് പറ്റി പുറത്തുപോകുകയും ലോകകപ്പിന് തയാറെടുക്കുകയും ഈ ഇന്ത്യക്കാരില്‍ നിന്ന് തന്നെ പൈസ വാങ്ങി അവരെ തന്നെ ലോകകപ്പില്‍ തോല്‍പ്പിക്കുകയും ചെയ്യുക എന്നതാണെന്നും എഡിറ്റ് ചെയ്ത് ചേര്‍ത്ത സംഭാഷണത്തില്‍ സ്റ്റാര്‍ക്ക് പറയുന്നു.

ഐപിഎല്‍ ലേലത്തില്‍ നിന്ന് വിട്ടു നിന്നിരുന്ന മിച്ചല്‍ സ്റ്റാര്‍ക്ക് ഒരു ഇടവേളക്ക് ശേഷമാണ് ലേലലത്തിനെത്തിയത്. ഗുജറാത്ത് ടൈറ്റന്‍സുമായി വാശിയേറിയ ലേലം വിളിക്കൊടുവില്‍ 24.75 കോടി രൂപക്ക് കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ ടീമിലെത്തിച്ചു. ഓസ്ട്രേലിയന്‍ ടീമില്‍ സ്റ്റാര്‍ക്കിന്‍റെ ബൗളിംഗ് പങ്കാളിയായ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സിനെ 20.50 കോടി രൂപക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെത്തിച്ച് റെക്കോര്‍ഡിട്ടതിന് പിന്നാലെയായിരുന്നു ആ റെക്കോര്‍ഡും തകര്‍ത്ത് സ്റ്റാര്‍ക്ക് 24.75 കോടിക്ക് കൊല്‍ക്കത്തയിലെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *