Your Image Description Your Image Description

 

പാരീസ്: കോപ്പ അമേരിക്കയുടെ വിജയലഹരിയിൽ അർജൻറനയുടെയും യൂറോ കപ്പിൻറെ ആവേശത്തിൽ സ്പെയ്നിൻറെയും യുവനിര ഒളിംപിക്സ് സ്വർണത്തിളക്കത്തിനായി പാരീസിലേക്ക്. എന്നാൽ ലോക ചാമ്പ്യൻമാരായ അർജൻറീനയ്ക്ക് ഒളിംപിക്സ് ഫുട്ബോളിൽ നേരിടേണ്ടിവരിക ശക്തരായ എതിരാളികളെയാണ്. അതേസമയം, യൂറോ ചാമ്പ്യൻമാരായ സ്പെയ്നിനും ഗ്രൂപ്പ് ഘട്ടം താരതമ്യേനെ എളുപ്പമാവും.

ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് പൂർത്തിയായപ്പോൾ മൊറോക്കോ, ഇറാഖ്, യുക്രൈൻ എന്നിവരാണ് അർജൻറീനയുടെ എതിരാളികൾ. ഗ്രൂപ്പ് ബിയിലാണ് മുൻ താരം ഹാവിയർ മഷറാനോ പരിശീലിപ്പിക്കുന്ന അർജൻറീന. ഫ്രാൻസിന് ഗ്രൂപ്പ് എയിൽ അമേരിക്ക, ഗിനിയ,ന്യൂസിലൻഡ് എന്നിവർ എതിരാളികളാവും.

ഗ്രൂപ്പ് സിയിൽ ഉസ്ബകിസ്ഥാൻ, ഈജിപ്ത്, ഡൊമിനിക്കൻ റിപ്പബ്ലിക് എന്നിവർക്കൊപ്പമാണ് യൂറോ ചാമ്പ്യൻമാരായ സ്പെയിൻ കളിക്കുക. ഗ്രൂപ്പ് ഡിയിൽ ജപ്പാൻ, പരാഗ്വെ, മാലി, ഇസ്രായേൽ എന്നിവ‍ർ ഏറ്റുമുട്ടും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാർ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറും. ഓരോ ടീമിനും 23 വയസ്സിന് മുകളിൽ പ്രായമുള്ള മൂന്നുപേരെ കളിപ്പിക്കാം. ജൂലിയൻ അവാരസ്, നികൊളാസ് ഒട്ടമെൻഡി,ഗോൾകീപ്പർ ജെറോണിമൊ റൂളി എന്നിവരാണ് അർജൻറൈൻ ടീമിലെ സീനിയർ താരങ്ങൾ. യൂറോ കപ്പിൽ മിന്നിത്തിളങ്ങിയ ലമീൻ യമാൽ, നിക്കോ വില്യംസ്, പെഡ്രി എന്നിവരെയൊന്നും ഉൾപ്പെടുത്താതെയാണ് സ്പാനിഷ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്.

ഫ്രഞ്ച് ടീമിൽ കിലിയൻ എംബാപ്പെ ഉൾപ്പെടെ പ്രധാന താരങ്ങൾ ആരുമില്ല. ജൂലൈ 24 മുതൽ ഓഗസ്റ്റ് പത്ത് വരെയാണ് ഒളിംപിക്സ് ഫുട്ബോൾ. റിയോ ഡി ജനീറോയിലും ടോക്കിയോയിലും ഒളിംപിക്സ് ഫുട്ബോൾ സ്വർണം നേടിയ ബ്രസീലിൻറെ പുരുഷ ടീം ഒളിംപിക്സിന് യോഗ്യത നേടിയിട്ടില്ല. ഈ സീസണിൽ റയലിലെത്തുമെന്ന് കരുതുന്ന 17 കാരൻ സ്ട്രൈക്കർ എൻഡ്രിക്കിൻറെ മഞ്ഞക്കുപ്പായത്തിലെ പ്രകടനം കാണാൻ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ നൽകിയാണ് ബ്രസീൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *