Your Image Description Your Image Description

കറുകച്ചാൽ : ബൈക്ക് യാത്രികനായി യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.ആനിക്കാട്, ഞാലിക്കൽ ഭാഗത്ത് രണ്ടുപറയിൽ വീട്ടിൽ വാവ എന്ന് വിളിക്കുന്ന അലക്സ് തോമസ് (20), കറുകച്ചാൽ എൻ.എസ്.എസ് ലയം ഭാഗത്ത് മുതുമരത്തിൽ വീട്ടിൽ മെൽബർട്ട് മാത്യു (22), കറുകച്ചാൽ ബാങ്ക്പടി സ്വദേശി മോബിൻ (18) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞ ദിവസം (28.12.2023) വൈകിട്ട് 4.30 മണിയോടുകൂടി ശാന്തിപുരത്തുനിന്നും കൊച്ചുപറമ്പ് ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാവിനെ, ബൈക്കിൽ പിന്തുടർന്നെത്തി ഇവരുടെ ബൈക്ക് വട്ടം നിർത്തിയ ശേഷം യുവാവിനെ ഹെൽമറ്റ് കൊണ്ട് അടിച്ചു താഴെയിട്ട് സംഘം ചേർന്ന് ആക്രമിക്കുകയും,തുടര്‍ന്ന് യുവാവിന്റെ കൈയിൽ ഉണ്ടായിരുന്ന എഴുപതിനായിരം രൂപാ വിലവരുന്ന മൊബൈൽ ഫോണും, പേഴ്സിൽ ഇരുന്ന 3000 രൂപയും തട്ടിയെടുത്ത് കടന്നു കളയുകയായിരുന്നു.

വിവരമറിഞ്ഞ് കറുകച്ചാൽ പോലീസ് സ്ഥലത്തെത്തി ഇവരെ പിന്തുടർന്ന് സാഹസികമായി പിടികൂടുകയായിരുന്നു. അലക്സ് തോമസിന് കോട്ടയം എക്സൈസ്, കറുകച്ചാൽ എന്നീ സ്റ്റേഷനുകളിൽ അടിപിടി, മയക്കുമരുന്ന് തുടങ്ങിയ കേസുകളും, മെൽബർട്ട് മാത്യുവിന് മണിമല,കറുകച്ചാൽ,പാമ്പാടി എന്നീ സ്റ്റേഷനുകളിൽ കൊലപാതകശ്രമം,അടിപിടി,സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമം തുടങ്ങിയ ക്രിമിനൽ കേസുകളും നിലവിലുണ്ട്.

കറുകച്ചാൽ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രശോഭ് കെ.കെ, എസ്.ഐ മാരായ നജീബ് കെ.എ, ബൈജു, സി.പി.ഓ മാരായ അൻവർ കരീം,ശിവപ്രസാദ്,സന്തോഷ് കുമാർ, വിവേക്,സിജു എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ മെൽബർട്ട് മാത്യുവിനെയും,അലക്സ് തോമസിനെയും കോടതി റിമാൻഡ് ചെയ്യുകയും, മോബിനെ കോടതി ബോസ്റ്റൺ സ്കൂളിലേക്ക് അയക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *