Your Image Description Your Image Description

കൊച്ചി: കൊച്ചി നഗരത്തിലെ പ്രധാന ജംഗ്ഷനുകളുടെ കുരുക്കഴിക്കാൻ നടപടികളുമായി ഗതാഗതവകുപ്പ്. ഗതാഗത-വ്യവസായ മന്ത്രിമാർ വിവിധയിടങ്ങളിൽ നേരിട്ടെത്തിയാണ് ട്രാഫിക് പരിഷ്കരണം വിലയിരുത്തിയത്. ചെറിയ ക്രമീകരണങ്ങൾ വലിയ മാറ്റങ്ങൾക്ക് വഴിവയ്ക്കുമെന്ന് പരീക്ഷണങ്ങളിലൂടെ തെളിഞ്ഞതായി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. ഗതാഗത കുരുക്കഴിക്കാനുള്ള ചെറിയ പരീക്ഷണമാണ്. പാളിയാൽ തിരുത്തുമെന്നും അതിന്‍റെ പേരിൽ പഴിവേണ്ടെന്നും മന്ത്രിമാർ പറയുന്നു.

മെഡിക്കൽ കോളേജ്, സീ പോർട്ട് എയർ പോർട്ട് റോഡ് എല്ലാം വന്ന് ചേരുന്ന എച്ച് എം ടി ജംഗ്ഷൻ, ദേശീയപാതയിലെ പ്രധാന ജംഗ്ഷനായ ഇടപ്പള്ളി ടോൾ, വൺ വേ എന്നിവിടങ്ങളിൽ ചില മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ഇടത് വശം ക്ലിയറാക്കൽ, ലൈൻ ട്രാഫിക് എന്നിവ ഉറപ്പാക്കും. ഇനി പൊലീസ്, ഗതാഗത, പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്ന് തീരുമാനം അന്തിമമാക്കും. സ്വകാര്യ ബസ് ഉടമകളെ കൂടി കേട്ടാകും തീരുമാനം.

വൈറ്റിലയും ഇടപ്പള്ളിയും എച്ച് എം ടി യും ആലുവയും അങ്കമാലിയും വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ജംഗ്ഷനുകളാണ്. രാവിലെയും വൈകിട്ടും വലിയ ട്രാഫിക് ആണ് അനുഭവപ്പെടാറ്. ഇവിടെ കുരുക്കഴിച്ചെടുത്താൽ തെക്കൻ ജില്ലകളിൽ നിന്ന് വടക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾക്ക് കുറെ സമയം ലാഭിക്കാം. എച്ച്.എം.ടി. ജംഗ്ഷൻ വികസനത്തിന് വേണ്ടി 10 കോടി വകയിരുത്തിയെങ്കിലും റെയിൽവേ അലൈൻമെന്‍റ് അന്തിമമാകാത്തതാണ് പ്രശ്നമെന്ന് മന്ത്രി ഗണേഷ് കുമാർ പറഞ്ഞു

കാലടിയിലും അങ്കമാലിയിലും നെടുമ്പാശ്ശേരിയിലും നടത്തിയ മാറ്റങ്ങളിൽ നല്ല റിസൾട്ടാണ് ലഭിക്കുന്നതെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി. കുരുക്കഴിച്ച് ചരക്ക് ലോറികൾ രാത്രി തന്നെ വാളയാർ കടത്തണം ഗതാഗത കുരുക്കഴിഞ്ഞാൽ തന്നെ വാഹനത്തിന് മൈലേജ് മികച്ച കിട്ടും, മലിനീകരണവും കുറയും. ജനങ്ങൾ സഹകരിച്ചാൽ നിരത്തിൽ നല്ല മാറ്റം ഉറപ്പെന്നാണ് ഗതാഗതവകുപ്പിന്റെ പ്രതീക്ഷ.

Leave a Reply

Your email address will not be published. Required fields are marked *